നിയാസ് മുസ്തഫ
കോട്ടയം: സംഘമിത്രയെക്കുറിച്ച് ചോദിച്ചാല്‍ ആരും പറയും. ഈ കുട്ടി ഒരു സംഭവമാണ്‌ട്ടോ…
എറണാകുളം ടോക് എച്ച് സ്കൂളില്‍ എട്ടാം ക്ലാസിലാണ് സംഘമിത്ര പഠിക്കുന്നത്. ഈ കൊച്ചുമിടുക്കി ഇതിനോടകം പുറത്തിറക്കിയിരിക്കുന്നത് രണ്ടു പുസ്തകങ്ങള്‍. ആദ്യ പുസ്തകം പുറത്തിറക്കിയത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍. കൃഷ്ണ ഇന്‍ വൃന്ദാവന്‍ എന്ന പേരില്‍. ആദ്യ പുസ്തകം നല്ല അഭിപ്രായം നേടിയതോടെ രണ്ടാമതൊരു പുസ്തകം കൂടി അടുത്തിടെ പുറത്തിറക്കി. ദി മിസ്റ്റീരിയസ് ലവ് ഓഫ് മീരാഭായ് എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം കെഎല്‍ മോഹനവര്‍മയാണ് ഫെബ്രുവരിയില്‍ പ്രകാശനം ചെയ്തത്.
എറണാകുളം പനമ്പിള്ളി നഗറില്‍ പറമ്പിത്തറ ക്രോസ് റോഡിനു സമീപം അവന്തിയില്‍ മാത്യൂസിന്റെയും നിഖിലയുടെയും ഏക മകളാണ് സംഘമിത്ര. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഘമിത്ര ആദ്യമായി എഴുതിത്തുടങ്ങിയത്. മനസിനെ സ്പര്‍ശിക്കുന്ന, സമൂഹത്തില്‍ കാണുന്ന തിന്മകളായിരുന്നു ആദ്യമൊക്കെ കഥകളായി രൂപപ്പെട്ടിരുന്നത്. ഈ കഥകള്‍ സ്കൂള്‍ മാഗസിനുകളിലും മറ്റുമൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മറ്റു കുട്ടികളെ അപേക്ഷിച്ച് പരന്ന വായനയുള്ള കുട്ടിയാണ് സംഘമിത്രയെന്ന് മാതാപിതാക്കള്‍ പറയുന്നു. സംഘമിത്രയുടെ വായനയാണ് അവളെ എഴുത്തിന്റെ വഴിയില്‍ പിടിച്ചുനിര്‍ത്തുന്നതെന്നും അവള്‍ വലിയൊരു കൃഷ്ണഭക്തയാണെന്നും അവര്‍ പറയുന്നു.
ആദ്യ പുസ്തകമായ കൃഷ്ണ ഇന്‍ വൃന്ദാവന്‍ എഴുതിക്കഴിഞ്ഞതോടെ ഭഗവാന്‍ കൃഷ്ണന്‍ ജനിച്ചതും വളര്‍ന്നതും ഓടിക്കളിച്ചതുമായ സ്ഥലങ്ങളിലൊക്കെ സംഘമിത്ര മാതാപിതാക്കളോടൊപ്പം സന്ദര്‍ശനം നടത്തി. ഈ യാത്രയിലാണ് ചരിത്ര കഥാപാത്രമായ മീരാഭായിയെക്കുറിച്ചാവട്ടെ തന്റെ അടുത്ത പുസ്തകമെന്ന് സംഘമിത്ര തീരുമാനിച്ചത്. അങ്ങനെയാണ് ദി മിസ്റ്റീരിയസ് ലവ് ഓഫ് മീരാഭായ് പിറവിയെടുത്തത്. സംഘമിത്ര ഇപ്പോള്‍ മൂന്നാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. കൃഷ്ണന്റെ കളിത്തോഴിയായ രാധയുടെ കഥയാണ് അടുത്തതായി സംഘമിത്ര പറയാന്‍ പോകുന്നത്.
സംഘമിത്രയുടെ പുസ്തകങ്ങള്‍ വായിച്ച് നിരവധിപേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. എഴുത്തിന്റെ ലോകത്ത് സജീവമാകുമ്പോഴും പഠനത്തിലും ഒട്ടും പിന്നിലല്ല സംഘമിത്ര. എല്ലാ വിഷയത്തിനും എ പ്ലസ് ആണ്. ഇതോടൊപ്പം നല്ല പ്രാസംഗികയും ചിത്രകാരിയും നര്‍ത്തകിയും കൂടിയാണ് സംഘമിത്ര.