Set us Home Page

ശശികലയെ ഒതുക്കിയതിനു പിന്നില്‍ ബിജെപിയുടെ ബുദ്ധി! ലക്ഷ്യം പത്തുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുക, പനീര്‍സെല്‍വത്തെ മുന്‍നിര്‍ത്തിയുള്ള അമിത് ഷായുടെ കളികള്‍ ഇങ്ങനെ

modiതമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഘടകങ്ങള്‍ തമ്മില്‍ ലയിക്കുന്നതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ നാളെ ഉണ്ടായേക്കും. ഇരുവിഭാഗങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ചെന്നൈയില്‍ നടത്താനിരിക്കുന്ന നീക്കുപോക്കുചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ ഉണ്ടാകുക. അതിനു മുന്നോടിയായി ഇരുവിഭാഗങ്ങളും ഇന്ന് ചെന്നൈയില്‍ യോഗം ചേരുന്നുണ്ട്.  അതേസമയം തമിഴ്‌നാട്ടിലെ പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തമിഴ്‌നാട് രാഷ്ട്രീയ ചിത്രത്തില്‍നിന്നു ശശികലയെയും കുടുംബത്തെയും ഒഴിവാക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്.

ജയലളിതയുടെ മരണത്തോടെ ഉളവായിരിക്കുന്ന രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. സര്‍വപ്രതാപിയായി ജയലളിത വാഴുന്ന കാലത്ത് ബിജെപി അവിടെ നിഷ്പ്രഭമായിരുന്നു. ഇനി അത്തരമൊരു പ്രാമാണിത്തം ശശികലയും കുടുംബവും തുടരാന്‍ അനുവദിച്ചാല്‍ ബിജെപിക്ക് തമിഴ് ജനതയുടെ മനസില്‍ സ്ഥാനം നേടാനാവില്ല. അത്തരമൊരു ഏകാധിപത്യശൈലി സ്ഥാപിച്ചെടുക്കാന്‍ ചുരുങ്ങിയ സമയത്ത് ശശികല ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് അനുവദിച്ചാല്‍ സമീപകാലത്തൊന്നും തമിഴ്‌നാട്ടില്‍ ബിജെപിക്കു ഭരിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. എഡിഎംകെയെ ദുര്‍ബലമാക്കി തങ്ങളുടെ ഇംഗിതത്തിനു വഴങ്ങുന്ന നേതാവിനെ അവരോധിക്കാനാണ് ബിജെപി ശ്രമം. പനീര്‍ശെല്‍വത്തിനാണ് പിന്തുണ നല്കുന്നത്. ഈ നീക്കം ഏതാണ്ട്  വിജയിച്ചമട്ടാണ്. സാവകാശം തമിഴ് രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കു പിടി മുറുക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്.

യോജിച്ചുപോകാന്‍ ഏതറ്റംവരെ പോകാനും പളനിസ്വാമി വിഭാഗം തയാറാണെന്നാണ് അറിയുന്നത്. തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയേയും ഡെപ്യൂട്ടി സെക്രട്ടറി ദിനകരനേയും പുറത്താക്കാന്‍ വരെ തയാറായ പളനിസ്വാമിക്ക് പനീര്‍ പക്ഷത്തിന്റെ ഇനിയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വിഷമമുണ്ടാകില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആര് മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍സെക്രട്ടറിയും ആകും എന്നതാണ് പ്രധാന ചോദ്യം. രക്ഷയില്ലാതെ വന്നാല്‍ ഈ പദവിര ണ്ടും പനീര്‍ വിഭാഗത്തിന് നല്‍കി പളനിസ്വാമി ഒത്തുതീര്‍പ്പിന് തയാറായേക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി ട്രഷറര്‍സ്ഥാനവും കൊണ്ട് പളനിസ്വാമി അടങ്ങിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അഴിമതിക്കേസില്‍ ദിനകരനും മന്ത്രിമാരും ഉള്‍പ്പെട്ടതോടെ മന്ത്രിസഭയെ തന്നെ പിരിച്ചുവിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പളനി സ്വാമി ഒരുമുഴം മുമ്പേ എറിഞ്ഞ് ലയനചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തതത്രേ. മാത്രമല്ല ദിനകരന്‍ ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇറങ്ങിയപ്പോള്‍ ജനങ്ങളില്‍നിന്ന് ലഭിച്ച വളരെ തണുത്ത പ്രതികരണത്തിലും പളനിസ്വാമി അസ്വസ്ഥനായിരുന്നു. മാത്രമല്ല, ബിജെപിയുടെ പിന്തുണ പനീര്‍ശെല്‍വത്തിനുമാണ്. കൂടാതെ 122എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിട്ടും തന്റെ വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചുകിട്ടാതിരുന്നതും ഈ വിഭാഗത്തെ കുഴക്കിയിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS