Set us Home Page

വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഡനം; ദിവസങ്ങളോളം മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടു; തന്റെ നരക ജീവിതത്തെക്കുറിച്ച് യുഎഇയിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍…

ദുബായ്: ഒരിക്കല്‍ കുടുങ്ങിപ്പോയാല്‍ പിന്നെ ഊരിപ്പോരാന്‍ പറ്റാത്ത അത്ര ശക്തമാണ് ഗള്‍ഫിലെ പെണ്‍വാണിഭസംഘങ്ങള്‍. ഇവരുടെ വലയില്‍ അകപ്പെട്ട ആളുകളില്‍ ധാരാളം മലയാളി പെണ്‍കുട്ടികളുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം ഒരു പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍ നിന്നു രക്ഷപ്പെട്ട ഒരു മലയാളി യുവതി നടത്തിയ വെളിപ്പെടുത്തല്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഉള്ളറകള്‍ വ്യക്തമാക്കുന്നതാണ്.

”വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഡനമായിരുന്നു നേരിടേണ്ടി വന്നത്. മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടിരുന്നു ഏറെ ദിവസം. ഫോണ്‍ പിടിച്ച് വാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല”‘യുഎയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം മോചിപ്പിച്ച മലയാളി യുവതിയുടെ വാക്കുകളാണിത്.

അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നു പാസ്‌പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നു പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങി. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഇവരെ ഷാര്‍ജയില്‍ എത്തിക്കുന്നത്.

സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണു ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നു നാട്ടില്‍ നിന്നു കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്‌പോര്‍ട്ട് നല്‍കാമെന്നു സമ്മതിച്ചു.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങിയ ലൈലാ അബൂബക്കര്‍ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണു വിവരം. ചെന്നാലുടന്‍ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണു പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.

പല പെണ്‍വാണിഭ സംഘങ്ങളുടെയും നടത്തിപ്പുകാര്‍ മലയാളികളാണെന്നാണ് വിവരം. ഇവര്‍ക്ക് കേരളത്തില്‍ ഏജന്റുമാരുണ്ട്. ഇവര്‍ വഴിയാണ് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത്. മുന്തിയ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഗള്‍ഫിലെത്തിക്കുന്നത്. എന്നാല്‍ കൊണ്ടു പോകുന്നതാകട്ടെ പെണ്‍വാണിഭ കേന്ദ്രത്തിലേക്കും. ഒരിക്കല്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടാനാവില്ല. രക്ഷകരെന്ന വ്യാജേന ഇവരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കാനും മലയാളികളുണ്ട്്.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS