2017 പ്രതീക്ഷകള്‍! ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓരോ താരത്തിന്റെയും സിനിമ വിശേഷങ്ങളിലൂടെ..

cini_2017Jan14wa1

ക്രിസ്മസ് കാലയളവില്‍ മലയാള സിനിമകള്‍ റിലീസിംഗില്‍ നിന്നും മാറിനിന്നത് വാണിജ്യപരമായി ഈ മേഖലയെ പിന്നോട്ടടിച്ചു. തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും ഇരു ധ്രുവങ്ങളിലായപ്പോള്‍ സൂപ്പര്‍ താരങ്ങളടക്കമുള്ളവരുടെ ഒരു പിടി നല്ല ചിത്രങ്ങള്‍ റിലീംസിഗും കാത്ത് പെട്ടിയിലിരിക്കേണ്ടി വന്നു. മോഹന്‍ലാല്‍– ജിബു ജേക്കബിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്ര, ദുല്‍ഖര്‍ സല്‍മാന്‍– സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷം എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങളാണ് സിനിമ മേഖലയിലുള്ളവരുടെ പടലപിണക്കത്തില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുന്നത്. അപ്പോഴും പുതിയ വര്‍ഷത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റു നോക്കുന്നു. പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാകുമ്പോള്‍ തിയറ്ററുകളില്‍ ആഘോഷം നിറയ്ക്കാന്‍ മലയാള സിനിമ സജീവമാവുകയാണ്. ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓരോ താരത്തിന്റെയും സിനിമ വിശേഷങ്ങളിലൂടെ ഒരെത്തി നോട്ടം…

മോഹന്‍ലാല്‍

പുലിമുരുകന്റെ മെഗാവിജയത്തിനു ശേഷമെത്തുന്ന പുതു വര്‍ഷത്തിലും ഒരുപിടി വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിനു വേണ്ടി കാത്തിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെ സിനിമലോകവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മൂന്നു പ്രതിഭകള്‍ ഒത്തു ചേരുന്ന ഈ ബിഗ്ബഡ്ജറ്റ് ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായം അണിയുന്നതു കൊണ്ടു തന്നെ ഇരുവരുടേയും ആരാധകരും പ്രേക്ഷകരും ചിത്രത്തിന്റെ അനൗണ്‍സ് മെന്റ് ആഘോഷം പോലയാണ് കൊണ്ടാടിയത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റേതായി ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ നിരവധി എത്തുന്നുണ്ട്. ഇരു സൂപ്പര്‍താരങ്ങളുടേയും ഡേറ്റുകള്‍ക്കനുസരിച്ചായിരിക്കും ചിത്രം തുടങ്ങുന്നത്.

മോഹന്‍ലാലിന്റെ ജനകീയ കഥാപാത്രം മേജര്‍ മഹാദേവന്‍ വീണ്ടും എത്തുന്ന ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പോലീസ് കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലെത്തുന്നത്. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബെന്‍സ് വാസുവാണ് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ മറ്റൊരു ചിത്രം.

മമ്മൂട്ടി

ഫസ്റ്റ് ലുക്ക് പോസ്റ്ററുകൊണ്ടും മമ്മൂട്ടിയുടെ അപ്പിയറന്‍സുകൊണ്ടും ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. പൃഥ്വിരാജിന്റെ ആഗസ്റ്റ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്. തമിഴ് നടന്‍ ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുകയാണ്.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടി– രഞ്ജിത് ടീമിന്റെ പതിയ പ്രോജക്ടാണ് പുത്തന്‍ പണം. സമകാലിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ്. കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ പുത്തന്‍ പണക്കാരനായ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇതുകൂടാതെ രാജാധിരാജയ്ക്കു ശേഷം സംവിധായകന്‍ അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം, സെവന്ത് ഡേയുടെ സംവിധായകന്‍ ശ്യാംധറിന്റെ ചിത്രം എന്നിവയും ഈ വര്‍ഷം ഒരുങ്ങുകയാണ്. ഇതിനൊപ്പം ആറു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം അഭിനയിച്ച തമിഴ് ചിത്രം പേരന്‍മ്പും റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത സംവിധായകന്‍ റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീപ്

ജോര്‍ജേട്ടന്‍സ് പൂരമാണ് ദിലീപ് ചിത്രമായി ഈ വര്‍ഷം ആദ്യം തിയറ്ററുകളിലെത്തുന്നത്. ബിജു അരൂക്കുറ്റി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപിന്റെ പതിവു കോമഡി ട്രാക്കിലാണ് എത്തുന്നത്. മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ നല്‍കുന്നരണ്ടു ചിത്രങ്ങളാണ് ദിലീപിന്റേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുന്നത്. പ്രശസ്ത കാമറമാന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധായകനാവുന്ന ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കനില്‍ ദിലീപ് എത്തുമ്പോള്‍ ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് റാഫിയാണ്. മലയാളികള്‍ക്കു ത്രിഡി കാഴ്ചയുടെ പുത്തന്‍ അനുഭവമാണ് പ്രൊഫസര്‍ ഡിങ്കനില്‍ ഒരുക്കുന്നത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ദിലീപിന്റെ പുത്തന്‍ മേക്കോവര്‍ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ. ചിത്രത്തില്‍ 90 വയസുള്ള മുത്തച്ഛനായും ദിലീപ് എത്തുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്കു പുറമെ സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം രാംലീലയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിനു നായികയാകുന്നത്. ലയണ്‍, നാടോടി മന്നന്‍ ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും ദിലീപ് രാഷ്ട്രീയക്കാരനാവുകയാണ് ഈ ചിത്രത്തിലൂടെ.

പൃഥ്വിരാജ്

സൂപ്പര്‍സ്റ്റാര്‍ പട്ടത്തിനൊപ്പം സംവിധായകന്റെ തൊപ്പിയും പൃഥ്വിരാജ് അണിയുകയാണ് ഈ വര്‍ഷം. സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും ആര്‍. എസ്. വിമലും ഒന്നിക്കുന്ന കര്‍ണന്‍ 300 കോടിയുടെ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മഹാഭാരത കഥയിലെ കര്‍ണനായി പൃഥ്വിരാജ് എത്തുമ്പോള്‍ മറ്റു പ്രധാന വേഷങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭ താരങ്ങളാണ് എത്തുന്നത്. മലയാളത്തിനു പുറമെ മറ്റു മൂന്നുഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ടെക്‌നീഷ്യന്‍മാരില്‍ പലരും ഹോളിവുഡില്‍ നിന്നുമാണ് എത്തുന്നത്. വമ്പന്‍ സെറ്റും സമയവും ആവശ്യമുള്ളതിനാല്‍ തന്നെ ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം നടക്കുമോ എന്നതു സംശയമാണ്.

പൃഥ്വിരാജ് അഭിനയിച്ച ടിയാനാണ് ഉടന്‍ തിയറ്ററുകളിലെത്തു ചിത്രം. നവാഗതനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനമാണ് ഈ വര്‍ഷം ആരംഭിക്കുന്ന പുതിയ ചിത്രം. ഏറെ നാളായി സിനിമ ലോകം കാത്തിരിക്കുന്ന ബ്ലസ്സിയുടെ ആടുജീവിതം ഈ വര്‍ഷം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസിഫ് അലി നിര്‍മിച്ച് പൃഥ്വിരാജ് ഫുഡ്‌ബോള്‍ കളിക്കാരനാകുന്ന ബ്യൂട്ടിഫുള്‍ ഗെയിം, ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രം, ബോളുവുഡ് ചിത്രം നാം ഷബാന എന്നിങ്ങനെ വലിയ പ്രോജക്ടുകളാണ് പൃഥ്വിരാജിന്റേതായി ഈ വര്‍ഷം എത്തുന്നത്.

നിവിന്‍ പോളി

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഹിറ്റ് തുടര്‍ച്ചയുമായി മലയാള ചിത്രങ്ങള്‍ക്കു പുറമെ നിവിന്‍ പോളിയുടെ തമിഴ് സിനിമകളും ഈ വര്‍ഷവം ഒരുങ്ങുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവാണ് നിവിന്റെ ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം. വാണിജ്യപരമായും കലാപരമായും സിനിമകള്‍ ചെയ്യുന്ന സിദ്ധാര്‍ഥ് ശിവയും നിവിനും ഒന്നിക്കുന്ന സിനിമയില്‍ മലയാളികളുടെ പ്രതീക്ഷ വളരെ വലുതാണ്. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായ പ്രേമത്തിലെ ടീം ഒന്നിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും വന്‍ പ്രതീക്ഷയുള്ള ചിത്രമാണ്. അല്‍ത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗപ്പി ഒരുക്കിയ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിവിനാണ് നായകനാകുന്നത്. സംവിധായകന്‍ സമീര്‍ താഹിറാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനു പുറമെ തമിഴില്‍ മൂന്നു ചിത്രങ്ങളാണ് നിവിന്റേതായി തയ്യാറാകുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍

കൈ നിറയെ ചിത്രങ്ങളുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ വര്‍ഷം എത്തുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച അമല്‍ നീരദ് ചിത്രത്തിന്റെ റിലീസിനായി മലയാളികള്‍ കാത്തിരിക്കുകയാണ്. അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യയ്ക്കു ശേഷം അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖറാണ് നായകനാകുന്നത്. സോളോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊണ്ടു തന്നെ ഏറെ പ്രതീക്ഷ നേടാന്‍ ചിത്രത്തിനു കഴിഞ്ഞു. വിക്രമാദ്യത്തിന്റെ വിജയത്തിനു ശേഷം സംവിധായകന്‍ ലാല്‍ ജോസും ദുല്‍ഖറും വീണ്ടും ഒന്നിക്കുകയാണ് ഈ വര്‍ഷം. ഒരു ഭയങ്കര കാമുകന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആറാണ്. ചാര്‍ലിയുടെ വിജയത്തിനു ശേഷം ഉണ്ണി ആറും വിക്രമാദിത്യനു ശേഷം ലാല്‍ ജോസും ദുല്‍ഖറിനൊപ്പം ചേരുമ്പോള്‍ അതു മലയാളികള്‍ക്കു പുത്തന്‍ കാഴ്ചാനുഭവം ആകുമെന്നതില്‍ സംശയമില്ല. ഇതു കൂടാതെ നവാഗതരായ അനൂപ് സത്യന്‍ അന്തിക്കാട്, സലാം ബുക്കാരി എന്നിവരുടെ ചിത്രങ്ങളും ദുല്‍ഖറിന്റേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫഹദ് ഫാസില്‍

മഹേഷിന്റെ പ്രതികാരം ടീം ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും മറ്റൊരു സൂപ്പര്‍ ഹിറ്റു സൃഷ്ടിക്കുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് നവാഗതനായ സജീവ് പാഴൂരാണ്. രാജീവ് രവിയാണ് ചിത്രത്തിനു ഛായാഗ്രഹണം ഒരുക്കുന്നത്. സിനിമയുടെ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കുന്ന ഫഹദിന്റെ മറ്റൊരു ചിത്രം റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡലും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫുമാണ്. ഇരു ചിത്രങ്ങളിലും അപ്പിയറന്‍സുകൊണ്ടു തന്നെ ഫഹദ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു ചിത്രമാണ് കാമറാമാന്‍ വേണു സംവിധാനംചെയ്യുന്ന ആയിരംകാണി. മലയാളത്തിനു പുറമെ തമിഴില്‍ നിന്നും വമ്പന്‍ പ്രോജക്ടുകളാണ് ഫഹദിനായി കാത്തിരിക്കുന്നത്. തനി ഒരുവനു ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ശിവ കാര്‍ത്തികേയന്‍ ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നത് ഫഹദാണ്. നയന്‍ താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. കൂടാതെ വിജയ് സേതുപതിയും സാമന്തയും ഒന്നിക്കുന്ന തമിഴ് ചിത്രം അനീതി കഥൈകളിലും ഫഹദ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജയസൂര്യ

സിദ്ധിഖ് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ഫുക്രിയ്ക്കു ശേഷം പുതു വര്‍ഷത്തില്‍ ജയസൂര്യയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് കാപ്റ്റന്‍. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായിരിക്കും ഇത്. ഇന്ത്യന്‍ ഫുഡ്‌ബോള്‍ കളിയിലെ അതുല്യ പ്രതിഭ പി.വി സത്യന്റെ ജീവിതം സിനിമയാകുമ്പോള്‍ പി.വി സത്യനായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. പത്തു കോടിയിലധികം ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്നാണ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി. എല്‍ ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി ഒരു ജീവ ചരിത്ര സിനിമയില്‍ അഭിനയിക്കുകയാണ് ജയസൂര്യ.

കുഞ്ചാക്കോ ബോബന്‍

എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫാണ് കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. യുദ്ധ സമയത്ത് ഇറാഖില്‍ അകപ്പെട്ടു പോകുന്ന മെയില്‍ നേഴ്‌സിന്റെ വേഷത്തിലാണ് ഈ ചിത്രത്തില്‍ ചാക്കോച്ചന്‍ എത്തുന്നത്. പാര്‍വതി മേനോനാണ് നായികയാകുന്നത്. ഫാഹദി ഫാസില്‍, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചാക്കോച്ചന്റെ ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് രാമന്റെ ഏദന്‍ തോട്ടം. ഹിറ്റ് സംവിധായകന്‍ രഞ്ജിത് ശങ്കറും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചാക്കോച്ചന്‍ വീണ്ടും ഒരു പ്രണയ ചിത്രത്തിന്റെ ഭാഗമാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കുകയാണ്.

ആസിഫ് അലി

ചെറിയ ചിത്രങ്ങളിലൂടെ ഹിറ്റു ചാര്‍ട്ടിലിടം പിടിക്കുകയായിരുന്നു പോയ വര്‍ഷം ആസിഫ് അലി. ഇത്തവണയും അതേപാതയിലൂടെയാണ് അസിഫ് അലി എത്തുന്നത്. സൂപ്പര്‍ ഹിറ്റു ചിത്രം ഹണി ബീയുടെ രണ്ടാം പതിപ്പുമായാണ് ആസിഫ് അലി ഈ വര്‍ഷം എത്തുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിച്ച് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒന്നാം ഭാഗത്തിന്റെ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹേഷിന്റെ പ്രതികാരം ഫെയിം അപര്‍ണ ബാലമുരളി നായികയാകുന്ന തൃള്‍ിവപേരൂര്‍ ക്ലിപ്തമാണ് ആസിഫിന്റെ മറ്റൊരു ചിത്രം. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തനി തൃള്‍ൂര്‍ ഗഡിയായിട്ടാണ് ആസിഫ് എത്തുന്നത്. മഹേഷ് നാരായണന്റെ ടേക്ക് ഓഫിലും നിര്‍ണായക വേഷത്തില്‍ ആസിഫ് എത്തുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായ അവരുടെ രാവുകള്‍ ആസിഫിന്റേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രമാണ്.

ജയറാം

ആടുപുലിയാട്ടത്തിന്റെ വിജയത്തുടര്‍ച്ച നേടാനായാണ് ഈ വര്‍ഷം ജയറാമെത്തുന്നത്. അതുകൊണ്ടു തന്നെ അതേ ടീമിന്റെ തന്നെ അച്ചായന്‍സുമായാണ് ജയറാമെത്തുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് എത്തുന്നത്. ജയറാമിനൊപ്പം തമിഴ് നടന്‍ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, അമല പോള്‍, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ദീപന്റെ ത്രില്ലര്‍ ചിത്രം സത്യയും ഈ വര്‍ഷം തിയറ്ററുകളിലെത്തുകയാണ്. എ.കെ സാജനാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയരിക്കുന്നത്. ഈ വര്‍ഷത്തെ മറ്റൊരു ജയറാം പ്രോജക്ടാണ് കാവല്‍ മാലാഖ. ഒരു സെക്കന്റ് ക്ലാസ്സ് യാത്രയ്ക്കു ശേഷം ജാക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയൊരു ഇടവേളയ്ക്കു ശേഷം ജയറാം പോലീസ് വേഷത്തിലെത്തുകയാണ്. ഇതു കൂടാതെ തെലുങ്കില്‍ അനുഷ്ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ഭാഗമതിയിലും ജയറാം പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഒരു ചിത്രമാണ് ഭാഗമതി.

ബിജു മേനോന്‍

നായകനായി തിളങ്ങുന്ന ബിജു മേനോന്‍ ഈ വര്‍ഷവും ഏറെ പുതുമയുള്ള ചിത്രങ്ങളുമായാണ് എത്തുന്നത്. ഈ വര്‍ഷത്തെ ബിജു മേനോന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ലക്ഷ്യം. ജിത്തു ജോസഫിന്റെ തിരക്കഥയില്‍ നവാഗതനായ അന്‍സാര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നുത്. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ബിജു മേനോനാണ് നായകനാകുന്നത്. മിഡില്‍ ക്ലാസ് ഫാമിലിമാനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. ടു കണ്‍ട്രീസിന്റെ മെഗാ വിജയത്തിനു ശേഷം സംവിധായകന്‍ ഷാഫിയുടെ പുതിയ ചിത്രത്തിലും ബിജു മേനോനാണ് നായകനാകുന്നത്. കോമഡി ട്രാക്കില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ബിജു മേനോന്‍ ചിത്രങ്ങളോരോന്നും എത്തുന്നത്.

ഉണ്ണി മുകുന്ദന്‍

ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ എന്നതിനേക്കാള്‍ മറ്റു നായകന്മാര്‍ക്കൊപ്പം തുല്യ വേഷത്തിലെത്തുന്ന ചിത്രങ്ങളാണ് ഉണ്ണി മുകുന്ദനുള്ളത്. ജയറാം ചിത്രം അച്ചായന്‍സില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നത് ഉണ്ണി മുകുന്ദനാണ്. ആസിഫ് അലിക്കൊപ്പം എത്തുന്ന അവരുടെ രാവുകളും ഈ വര്‍ഷം റിലീസാവുകയാണ്. മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിലൂടെ തെലുങ്ക് സിനിമയില്‍ നായകനാവാനുള്ള അവസരമാണ് ഉണ്ണി മുകുന്ദനു തുറന്നു കിട്ടിയത്. അനുഷ്ക ഷെട്ടി കേന്ദ്രകഥാപാത്രമാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഭാഗമതിയില്‍ നായകനാവുന്നത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദനും സിനിമാ ലോകവും ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണിത്.

ടൊവിനൊ

രണ്ടു ചിത്രങ്ങളില്‍ നായകനായാണ് ഈ വര്‍ഷം ടോവിനോ എത്തുന്നത്. ടൊവിനൊയുടെ നായക പദവിയിലേക്കു യാത്രയില്‍ നിര്‍ണായകമാകുന്ന ചിത്രമാണ് ഗോദ. കുഞ്ഞിരാമായണത്തിനു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തിലാണ് ടോവിനൊ എത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ടോവിനൊയുടെ മേക്കോവര്‍ ശ്രദ്ധേയമായിരുന്നു. മറ്റൊരു പ്രതീക്ഷയുള്ള ചിത്രമാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരത. യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനൊ എത്തുന്നത്.

വിനീത് ശ്രീനിവാസന്‍

സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പു ചാര്‍ത്തിയ വിനീത് ശ്രീനിവാസന്റെ ഈ വര്‍ഷത്തെ ശ്രദ്ധേയമാകുന്ന ചിത്രമാണ് എബി. പ്രിയദര്‍ശന്റെ സഹായിയായ ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന എബിയില്‍ ടൈറ്റില്‍ റോളിലാണ് വിനീത് എത്തുന്നത്. വിമാനം ഉണ്ടാക്കാനായി പരിശ്രമിക്കുന്ന നാട്ടിന്‍പുറത്തുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അപ്പിയറന്‍സുകൊണ്ടും അഭിനയ മികവുകൊണ്ടും വിനീത് ശ്രീനിവാസന്‍ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുകയാണ്. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിക്കുന്നത്.

സണ്ണി വെയ്ന്‍

ചെറിയൊരു ഇടവേളയ്ക്കു ശേഷം ആന്‍ മരിയ കലിപ്പിലാണ് ചിത്രത്തിലൂടെ നായക നിരയിലേക്ക് ഉയര്‍ത്തെഴുന്നേറ്റ സണ്ണി വെയ്ന്‍ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് അലമാര. ആന്‍ മരിയ കലിപ്പിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ഈ ചിത്രവും ഒരുക്കുന്നത്. ഹിറ്റ് തുടര്‍ച്ച നേടാനുള്ള ശ്രമത്തിലാണ് ഈ കൂട്ടുകെട്ട്. ഭാര്യ വീട്ടില്‍ നിന്നും കിട്ടുന്ന ഒരു അലമാര സൃഷ്ടിക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാളിദാസ് ജയറാം

പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം യുടൂബില്‍ ഒരു കോടിയിലധികം പ്രേക്ഷകരെയാണ് നേടിയിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി നായകനാവുന്ന ചിത്രത്തിനു തന്നെ ഇത്രത്തോളം ഹൈപ്പ് ഉണ്ടാക്കാന്‍ കാളിദാസ് ജയറാമിനു കഴിഞ്ഞതാണ് ചിത്രം തിയറ്ററിലെത്തുന്നതിനു മുന്നേയുള്ള വിജയം. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം കാമ്പസ് കഥയാണ് പറയുന്നത്. ചിത്രത്തിലെ വൈറലായ പാട്ടുകൊണ്ടു തന്നെ ശ്രദ്ധ നേടിയ കാളിദാസ് തന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവായാണ് പൂമരത്തിനെ കാണുന്നത്.

പ്രണവ് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മലയാള സിനിമയില്‍ നായക നിരയിലേക്കെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. ജിത്തു ജോസഫ് ചിത്രത്തില്‍ നായകനായി എത്തുന്നു എന്നതിനു പിന്നാലെ സിനിമയ്ക്കായി പ്രണവ് പാര്‍കൗര്‍ അഭ്യസിക്കുകയാണെന്നു മോഹന്‍ ലാല്‍ പറഞ്ഞതോടെ ചിത്രത്തിനുള്ള പ്രതീക്ഷ വര്‍ധിക്കുകയാണ്. അതുകൊണ്ടു തന്നെ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് പ്രേക്ഷകര്‍ ഉറപ്പിച്ചിരിക്കുന്നത്. മലയാളികള്‍ കാത്തിരിക്കുന്ന ഈ താരപുത്രന്റെ കടന്നു വരവ് മലയാളത്തിലെ ഹിറ്റു സംവിധായകനൊപ്പമാകുമ്പോള്‍ പ്രതീക്ഷ വാനോളമെത്തുകയാണ്. ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മഞ്ജു വാര്യര്‍

വാര്‍ത്തകളില്‍ എന്നും മുന്‍ പന്തിയിലാണ് മഞ്ജു വാര്യരുടെ സിനിമകള്‍. പുതിയ വര്‍ഷത്തില്‍ കെയര്‍ ഓഫ് സൈറ ഭാനുവുമായാണ് മഞ്ജു എത്തുന്നത്. മഞ്ജുവിന്റെ ആരാധകരും മലയാളികളും ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ഇത്. പ്രിയ നായിക അമല വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിലൂടെ മലയാളികള്‍ക്കു മുന്നിലെത്തുകയാണ്. ആന്റണി സോണി സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിസ്മത് ഫെയിം ഷെയ്ന്‍ നിഗവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലേഡി സൂപ്പര്‍സ്റ്റാറിലേക്കു വളരുന്ന മഞ്ജുവിന് ഈ ചിത്രത്തിന്റെ വിജയം അനിവാര്യമാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്കു പുതിയ കാഴ്ചാനുഭവം ഈ ചിത്രം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാഴ്ചയുടെ വൈവിധ്യങ്ങളുമായി മൂന്നു ചിത്രങ്ങള്‍

വീരം

36 കോടിയോളം ബഡ്ജറ്റില്‍ ദേശീയ അവാര്‍ഡ് ജേതാവ് ജയരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നായക കഥാപാത്രമായ ചന്തു ചേകവരാകുന്നത് ബോളിവുഡ് താരം കുനാല്‍ കപൂറാണ്. വില്യം ഷേയ്ക്‌സ്പിയറിന്റെ മാക്‌ബെത് എന്ന നാടകത്തെ പതിമൂന്നാം നൂറ്റാണ്ടിലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ പാട്ടിലൂടെ പ്രതിഷ്ഠിച്ചിരിക്കുകയാണ് ചിത്രത്തില്‍. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ പുതിയ സാങ്കേതിക വിദ്യയും കലാമൂല്യവും ഒരുപോലെയെത്തുന്നുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി 89–ാം ഓസ്കാര്‍ മത്സര വിഭാഗത്തിലേക്ക് ഈ ചിത്രത്തിലെ ഒരു ഗാനം തിരഞ്ഞെടുത്തിട്ടുണ്ട്.

ബഷീറിന്റെ പ്രേമലേഖനം

സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. പേരുകൊണ്ടു തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ മധുവും ഷീലയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസിനു ശേഷം ഫര്‍ഹാന്‍ ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സന അല്‍ത്താഫാണ് നായികയാകുന്നത്. രണ്ടു കാലഘട്ടത്തിന്റെ പ്രണയം പറയുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ആമി

സെല്ലുലോയ്ഡിനു ശേഷം മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതവുമായി എത്തുകയാണ് സംവിധായകന്‍ കമല്‍. ബോളിവുഡ് താരവും മലയാളിയുമായ വിദ്യാ ബാലനാണ് മാധവിക്കുട്ടിയായി അഭിനയിക്കുന്നത്. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുത്തും ജീവിതവും ഒന്നാവുകയും, പല അതിര്‍ വരമ്പുകളെ മറികടന്നതുമായ മാധവിക്കുട്ടിയുടെ ജീവിതം കമലിനെ പോലൊരു സംവിധായകനില്‍ നിന്നും സിനിമയായി എത്തുമ്പോള്‍ മലയാളികളുടെ പ്രതീക്ഷ വളരെ മുകളിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും.

സ്റ്റാഫ് പ്രതിനിധി

Related posts