എല്ലാം ശരിയാക്കും വൈഫൈ..! കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ ഗ്രാമീണ മേഖ ലകളിലെ വീടുകളിൽ വൈഫൈ ഏർപ്പെ ടുത്തും; . കുട്ടികളുടെ ഭാവി മുന്നിൽ കാണുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്ന് മന്ത്രി

ചവറ: കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായി ഗ്രാമീണ മേഖലകളിലെ വീടുകളിൽ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ആലോചിച്ച് വരുകയാണന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ചവറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ശതാബ്ദിയോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ രണ്ടാം നില കെട്ടിടവും വിജയോത്സവവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരന്‍റെ മക്കൾ പഠിക്കുന്ന സ്കൂൾ മികവിന്‍റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം. കുട്ടികളുടെ ഭാവി മുന്നിൽ കാണുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. എൻ.വിജയൻപിളള എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ജെ. ഷൈല, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപിള്ള, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, വൈസ് പ്രസിഡന്റ് ജെ. അനിൽ,ജനപ്രതിനിധികളായ ബിന്ദു സണ്ണി, അനിൽ പുത്തേഴം, പിടിഎ പ്രസിഡന്റ് വീക്ഷണം രാധാകൃഷ്ണപിളള, എസ്എംസി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, മദർ പിടിഎ മണിബാബു, പ്രഥമാധ്യാപകൻ ശശാങ്കദൻ സീനിയർ അസിസ്റ്റന്റ്മാരായ വേണുഗോപാൽ,ജെ.ഏണസ്റ്റ്, അധ്യാപക പ്രതിനിധികളായ ഷീല. വി.ആർ,സബിത.എസ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിനോടനുബന്ധിച്ച് നടന്ന വിജയോത്സവത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുളള അവാർഡ് കരസ്‌ഥമാക്കിയ സ്കൂളിലെ അധ്യാപകനായ എസ്.നൗഷാദ്, പത്താം തരം, പ്ലസ് ടൂ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിക്കുകയും ചെയ്തു. മുൻ മന്ത്രി ഷിബുബേബി ജോണിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന ഒരു കോടി രൂപ ചിലവഴിച്ചാണ് രണ്ടാം നില കെട്ടിടം നിർമിച്ചത്.

Related posts