ഒരുകാലത്ത് ഇന്ത്യന്‍ ഭരണത്തെ പോലും സ്വാധീനിച്ച ആള്‍ദൈവം ചന്ദ്രസ്വാമി യാത്രയായി; മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറിന്റെയും നരസിംഹറാവുവിന്റെയും പ്രിയപ്പെട്ടവന്‍; മാര്‍ഗരറ്റ് താച്ചര്‍ മുതല്‍ ദാവൂദ് ഇബ്രാഹിം വരെ ശിഷ്യര്‍…

1മുംബൈ: ആള്‍ദൈവങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. ഇപ്പോള്‍ ലിംഗം നഷ്ടമായ ഗംഗേശാനന്ദ വരെ ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ വക സ്വാമിമാരുടെയൊക്കെ തലതൊട്ടപ്പനായിരുന്നു ചന്ദ്രസ്വാമി. മുംബൈയിലെ ആശുപത്രിയില്‍ വൃക്കരോഗത്തെത്തുടര്‍ന്ന് അറുപത്താറുകാരനായ ചന്ദ്രസ്വാമി അന്തരിച്ചപ്പോള്‍ മോഡേണ്‍ ആള്‍ദൈവങ്ങള്‍ക്ക് നഷ്ടമായത് ഗുരുതുല്യനായ മനുഷ്യനെയാണ്.

ഒരു കാലത്ത് ഇന്ത്യയുടെ ഭരണത്തെ പോലും സ്വാധീനിച്ച ആള്‍ദൈവമായിരുന്നു ചന്ദ്രസ്വാമി. പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖര്‍, പി വി നരസിംഹറാവു എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചന്ദ്രസ്വാമിയുമായുള്ള ബന്ധം ഇരു നേതാക്കളെയും വന്‍ വിവാദങ്ങളില്‍ ചാടിച്ചിട്ടുണ്ട്. വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് ചന്ദ്രസ്വാമിക്കെതിരേ സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നു. രാജസ്ഥാനിലെ ബെഹ്‌റൂറില്‍ ജനിച്ച നേമി ചന്ദാണ് പിന്നീട് ചന്ദ്രസ്വാമി എന്ന പേരില്‍ അറിയപ്പെട്ടത്. കുട്ടിയായിരിക്കുമ്പോഴേ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്കു പോയ ചന്ദ്രസ്വാമിയ്ക്ക്് നന്നേ ചെറുപ്പത്തിലേ താന്ത്രിക വിദ്യയില്‍ താല്‍പര്യം ജനിച്ചു. കുട്ടിക്കാലം കഴിയും മുമ്പേ വീടുവിട്ടു ഉപാധ്യാര്‍ അമര്‍ മുനിയുടെയും പണ്ഡിറ്റ് ഗോപിനാഥ് കവിരാജിന്റെയും ശിഷ്യനായി. പിന്നീട് ധ്യാനത്തിനെന്ന പേരില്‍ ബിഹാറിലെ വനാന്തരങ്ങളിലേക്ക് ജീവിതം മാറ്റുകയായിരുന്നു ചന്ദ്രസ്വാമി.

വനത്തില്‍ നിന്നു നാലുവര്‍ഷത്തിനു ശേഷം പുറത്തു വന്ന ചന്ദ്രസ്വാമി തനിക്ക് അസാധാരണസിദ്ധികള്‍ ലഭിച്ചു എന്നാണ് അന്ന് അവകാശപ്പെട്ടത്. പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവുമായുള്ള അടുപ്പമാണ് ചന്ദ്രസ്വാമിയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചത്. നരസിംഹറാവുവിന്റെ ആത്മീയ ഉപദേശകന്‍ എന്നുവരെ മാധ്യമങ്ങള്‍ ചന്ദ്രസ്വാമിയെ വിശേഷിപ്പിച്ചു. 1991ല്‍ അപ്രതീക്ഷിതമായി നരസിംഹറാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനു പിന്നാലെ ചന്ദ്രസ്വാമി ഡല്‍ഹിയിലെ ഖുത്തബ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയയില്‍ വിശ്വ ധര്‍മയാതന്‍ സന്‍സ്ഥാന്‍ എന്ന പേരില്‍ ആശ്രമം പണിതു. ഇന്ദിരാഗാന്ധി സൗജന്യമായി നല്‍കിയ സ്ഥലത്തായിരുന്നു ആശ്രമം പണിതതെന്നത് അന്നു വിവാദത്തിന് വഴിവച്ചിരുന്നു.
2
ഇന്ത്യയില്‍ മാത്രമായിരുന്നില്ല ചന്ദ്രസ്വാമിക്ക് അനുയായികള്‍ ഉണ്ടായിരുന്നത്. ബ്രൂണെ സുല്‍ത്താന്‍, ബഹ്‌റൈന്‍ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഇസ ബിന്‍ അല്‍ ഖലിഫ, നടി എലിസബത്ത് ടെയ്‌ലര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം തുടങ്ങിയവരാണ് ഈ പട്ടികയിലുള്ളത്.
സാമ്പത്തിക തട്ടിപ്പുകളിലൂടെയാണ് ചന്ദ്രസ്വാമി വിവാദതലക്കെട്ടുകളില്‍ ഇടംപിടിച്ചത്. ലണ്ടനിലുള്ള ബിസിനസുകാരനില്‍ നിന്നു പണം തട്ടിയ  കേസില്‍ 1996ലാണ് ആദ്യമായി ചന്ദ്രസ്വാമി അറസ്റ്റിലായത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിനായിരുന്നു അറസ്റ്റ്. ആയുധവ്യാപാരി അഡ്‌നന്‍ ഖസോഗിയുമായുള്ള നിയമം ലംഘിച്ചുള്ള ഇടപാടുകളുടെ രേഖകള്‍ സ്വാമിയുടെ ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍വരെ ചന്ദ്രസ്വാമിക്കു പങ്കുള്ളതായി സംശയിക്കുന്നതായി ജെയിന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതു തെളിയിക്കപ്പെടാഞ്ഞത് സ്വാമിയ്ക്ക് രക്ഷയായി. ചന്ദ്രസ്വാമിയുടെ മരണത്തോടെ കപട ആത്മീയതയുടെ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീണത്.

Related posts