അധികൃതരുടെ ശ്രദ്ധയ്ക്ക്..! അപകടത്തിൽ ഇടതു കൈ നഷ്‌ടപ്പെട്ട തൊഴിലാളിക്ക് കയർ പിരിയ്ക്കാമെന്ന് അഞ്ചംഗ മെഡിക്കൽ ബോർഡ്: വീട്ടമ്മയ്ക്ക് പെൻഷൻ നഷ്‌ടമായി

rajamma-lതേവലക്കര: ബസ് അപകടത്തിൽ ഇടതു കൈ നഷ്‌ടമായതോടെ തൊഴിൽ ചെയ്യാൻ കഴിയാതായ കയർ തൊഴിലാളിക്ക് മെഡിക്കൽ ബോർഡിന്‍റെ ഇരുട്ടടി. തേവലക്കര അരിനല്ലൂർ മുണ്ടപ്പള്ളി കിഴക്കതിൽ ഇന്ദിരയമ്മ (48) യ്ക്കാണ് ഈ ദുസ്‌ഥിതി ഉണ്ടായത്.

കയർ തൊഴിലാളിയായിരുന്ന ഇവർ കഴിഞ്ഞ ഡിസംബർ ആറിനാണ് ചവറ നീണ്ടകരയിൽ കെഎസ്ആർടിസി വേണാട് ബസ് മറിഞ്ഞതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇവരുടെ ഇടതു കൈ മുറിച്ചു മാറ്റേണ്ടി വന്നു. ചികിത്സയ്ക്കും മറ്റും തന്നെ ധാരാളം പണം ചെലവായി.

രണ്ടു പെൺകുട്ടികൾ മാത്രമുള്ള ഇവർക്ക് ഹൃദ്രോഗിയായ ഭർത്താവായിരുന്നു തുണ. തകർച്ച നേരിടുന്ന കയർ മേഖലയിൽ വല്ലപ്പോഴും കിട്ടുന്ന തൊഴിലും ചെയ്യാൻ കഴിയാതായതോടെ ക്ഷേമനിധിയിൽ നിന്നു കിട്ടുന്ന തുശ്ചമായ പെൻഷൻ ആനുകൂല്യത്തിനായാണ് മെഡിക്കൽ ബോർഡിനെ സമീപിച്ചത്.

കളകട്രേറ്റിലെ നാലാംനിലയിലുള്ള ബോർഡ് ഓഫീസിൽ അപേക്ഷ നൽകി. കൈ നഷ്‌ടപ്പെട്ടതിനാൽ തുടർന്ന് ജോലി ചെയ്യാൻ കഴിയില്ലെന്നു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിനായി ദിവസങ്ങൾ കയറി ഇറങ്ങി.

ഒടുവിൽ കഴിഞ്ഞ ദിവസം ലഭിച്ച സർട്ടിഫിക്കറ്റുമായി കരുനാഗപ്പള്ളി മാർക്കറ്റിലുള്ള ക്ഷേമനിധി ഓഫീസിലെത്തിയപ്പോഴാണ് ഇവർക്ക് കയർ തൊഴിലാളിയായി ജോലി ചെയ്യാൻ കഴിയും എന്ന സർട്ടിഫിക്കറ്റ് മെഡിക്കൽ ബോർഡ് നൽകിയതെന്ന് മനസിലായത്. ഇതു മൂലം ക്ഷേമനിധിയിൽ നിന്നും ലഭിക്കേണ്ട സ്‌ഥിര അസ്വാധീന ഫണ്ടിൽ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറു രൂപയും തുടർന്നുള്ള പെൻഷനും ഇവർക്ക് നഷ്‌ടമായി.

വിവിധ മേഖലകളിൽ വിദഗ്ധരായ അഞ്ച് ഡോക്ടർമാരടങ്ങിയ സംഘവും ഡിഎംഒയും ചേർന്ന് ഒപ്പുവച്ചിരിയ്ക്കുന്ന സർട്ടിഫിക്കറ്റിലാണ് ഗുരുതര പിശക് കടന്നു കൂടിയത്. ഇതിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വീട്ടമ്മ.

Related posts