ആവേശത്തോടെ കമ്പോളം

FB-KAMBOLAM മുംബൈ: സെന്‍സെക്‌സ് 446 പോയിന്റ് കയറി 17 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 29,031 വരെ ഉയര്‍ന്ന സെന്‍സെക്‌സ് 28,631.27 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി ഒന്നര ശതമാനം കയറി 9,843 ആയി. രൂപയുടെ വിനിമയനിരക്കില്‍ 30 പൈസ നേട്ടമുണ്ടായി. ഡോളര്‍ 66.52 രൂപയിലേക്കു താണു.ഡോ. ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി പ്രവര്‍ത്തനമാരംഭിച്ചു.ഓഹരി, രൂപ വിപണികളിലെ ചലനങ്ങള്‍ ഡോ. പട്ടേലിന്റെ സ്ഥാനാരോഹണവുമായി നേരിട്ടു ബന്ധപ്പെട്ടതല്ല. എങ്കിലും റിസര്‍വ് ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവര്‍ണറെ കമ്പോളങ്ങള്‍ ആവേശപൂര്‍വം സ്വാഗതം ചെയ്തു എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം.

ഓഹരികള്‍ക്കു വിലകൂടിയതും ഡോളറിനു വില താണതും അമേരിക്കയില്‍നിന്നു പുറത്തുവന്ന ചില വിവരങ്ങളുടെ പേരിലാണ്. അമേരിക്കയിലെ തൊഴില്‍ വളര്‍ച്ച പ്രതീക്ഷയിലും കുറവായത് ഈ മാസം പലിശനിരക്ക് കൂട്ടാനുള്ള സാധ്യത കുറച്ചു. ഡിസംബറിലേ യുഎസ് ഫെഡറല്‍ റിസര്‍വ് (ഫെഡ്) പലിശ കൂട്ടൂ എന്നാണ് ഇപ്പോഴത്തെ നിഗമനം. ഈ സാഹചര്യത്തില്‍ വിദേശപണം ഉടനേ മടങ്ങിപ്പോകില്ല എന്ന വിശ്വാസം ഓഹരികള്‍ക്കു കരുത്തായി. അതുതന്നെ രൂപയുടെ ഉയര്‍ച്ചയ്ക്കും നിദാനമായി. ഡോളര്‍ ലഭ്യതയ്ക്കു പ്രശ്‌നമുണ്ടാകില്ല എന്നു കമ്പോളം മനസിലാക്കുന്നു.

ഡോ. രഘുറാം രാജന്‍ സ്ഥാനമേറ്റ ഉടനേ രൂപയെ താങ്ങിനിര്‍ത്താനായി സമാഹരിച്ച 2,600 കോടി ഡോളറിന്റെ എഫ്‌സിഎന്‍ആര്‍ (ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ്) നിക്ഷേപം അടുത്ത മൂന്നു മാസംകൊണ്ട് തിരിച്ചു നല്‌കേണ്ടതുണ്ട്. 1.75 ലക്ഷം കോടി രൂപ വേണ്ടിവരും ഇതിന്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ 36,600 കോടിയിലേറെ ഡോളര്‍ കൈവശമുള്ളതിനാല്‍ രൂപയുടെ വിനിമയനിരക്കിനെ ഉലയ്ക്കാവുന്ന സാഹചര്യം പ്രതീക്ഷിക്കാനില്ല. ബാങ്കുകള്‍ക്ക് ഇത്രയും പണം ഒറ്റയടിക്കു മാറുന്നതിനെച്ചൊല്ലിയുള്ള ആശങ്ക പോലും അസ്ഥാനത്താണെന്നാണു നിഗമനം. റിസര്‍വ് ബാങ്ക് പണലഭ്യത കൂട്ടാന്‍ നടപടികള്‍ എടുക്കുമെന്ന് ഉറപ്പാണ്.

പണപ്പെരുപ്പം ആറു ശതമാനം കടക്കാതെ നോക്കേണ്ട ബാധ്യതയുമായാണു ഡോ. പട്ടേല്‍ ചുമതലയേറ്റിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇങ്ങനെയൊരു ബാധ്യത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു നല്കണമെന്നു ശിപാര്‍ശ ചെയ്തത്. അതു പ്രായോഗികമാക്കുമ്പോള്‍ ഭരണകൂടവുമായി ചില്ലറ ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കാം.പ്രായേണ ശാന്തനും മിതഭാഷിയുമായ ഡോ. പട്ടേല്‍ സ്ഥാനമേല്‍ക്കല്‍ ഒട്ടും വാര്‍ത്താപ്രാധാന്യമുള്ളതാക്കാന്‍ ശ്രമിച്ചില്ല. ഫോട്ടോ എടുക്കാന്‍ മാധ്യമങ്ങളെ ക്ഷണിച്ചില്ല. ഇന്നലെ വൈകുന്നേരം റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ താന്‍ ഞായറാഴ്ച ചുമതലയേറ്റതിന്റെ ഫോട്ടോ നല്കുക മാത്രം ചെയ്തു.

Related posts