ന്യൂഡല്‍ഹി: നോയിഡയിലെ ഉത്പാദനം ഇരട്ടിയാക്കുന്നതിനായി സാംസംഗ് ഇന്ത്യ 1,970 കോടി നിക്ഷേപിക്കും. 2019ല്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന തോടെ മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയയ്ക്കാനാണ് കമ്പനിയുടെ ശ്രമം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ചായിരിക്കും ഈ വികസനം. കൂടുതല്‍ നിക്ഷേപത്തിനും പ്ലാന്റിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്കിയതായി സാംസംഗ് ഇന്ത്യ സിഇഒ എച്ച്.സി. ഹോംഗ് പറഞ്ഞു.
സാംസംഗുമായി പുതിയ കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഹബ്ബായി നോയിഡ മാറിയെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.രാജ്യത്താകെ സാംസംഗിന് 40,000 ജീവനക്കാരുണ്ട്. നോയിഡ പ്ലാന്റില്‍ മാത്രം 4,000 ജീവനക്കാരാണുള്ളത്. ഇപ്പോള്‍ പ്രതിമാസം 60 ലക്ഷം ഫോണുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ഇതു മൂന്നു വര്‍ഷംകൊണ്ട് 1.2 കോടിയായി വര്‍ധിപ്പിക്കാനാണ് പുതിയ നിക്ഷേപം.