ഇന്റര്‍നെറ്റ് നെയിമിംഗ് ഇനി ഐകാന്‍ തീരുമാനിക്കും

bis-icannലോസ് ആഞ്ചലസ്: ഇന്റര്‍നെറ്റിന്റെ ഡൊമെയ്ന്‍ നെയിമിംഗ് സിസ്റ്റം (ഡിഎന്‍എസ്) ഐകാന് (ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്) ഏറ്റെടുക്കും. ഇപ്പോള്‍ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള നെയിമിംഗ് സിസ്റ്റം ഒക്ടോബര്‍ ഒന്നിനാണ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഐകാനു കൈമാറുക. 20 വര്‍ഷത്തെ ഇന്റര്‍നെറ്റ് ഭരണ നേതൃത്വത്തില്‍നിന്ന് പ്രധാന ഭാഗമാണ് ഐകാന് അമേരിക്ക കൈമാറുന്നത്.

ഇന്റര്‍നെറ്റിന്റെയും ഇമെയില്‍ സംവിധാനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ഡൊമെയിന്‍ നെയിം പ്രവര്‍ത്തിക്കുന്നത് ഡൊമെയ്ന്‍ നെയിമിംഗ് സിസ്റ്റം (ഡിഎന്‍എസ്) ആധാരമാക്കിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവരസ്രോതസുകളെ എളുപ്പത്തില്‍ കണെ്ടത്താനുള്ള മേല്‍വിലാസങ്ങളാണ് ഡൊമെയ്ന്‍ നെയിമുകള്‍. ഉപയോക്താക്കള്‍ക്ക് ഓര്‍ത്തിരിക്കാനുതകുന്ന വിധത്തില്‍ വൈബ് വിലാസം തയാറാക്കുന്നത് ഡിഎന്‍എസിലൂടെയാണ്. ഡിഎന്‍എസ് ഇല്ലെങ്കില്‍ വൈബ്‌സൈറ്റ് ഉപയോഗിക്കണമെങ്കില്‍ പിന്നെ ഐപി അഡ്രസ് ഉപയോഗിക്കുക മാത്രമാണ് പോംവഴി. പത്തിലേറെ അക്കങ്ങളുള്ള സീരിയല്‍ നമ്പറുകളാണ് ഐപി അഡ്രസ്. ഇത് സാധാരണ ഉപയോക്താക്കള്‍ക്ക് ഓര്‍ത്തിരിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല.

ഡിഎന്‍എസ് സംവിധാനത്തിന്റെ മുഴുവന്‍ നിയന്ത്രണമാണ് അമേരിക്ക ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള ഐകാന് കൈമാറുക. 2014ല്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകളാരംഭിച്ചെങ്കിലും ഇപ്പോഴാണ് ഡിഎന്‍എസ് ഏറ്റെടുക്കാന്‍ ഐകാനു കഴിയുമെന്ന് അമേരിക്കയ്ക്കു ബോധ്യമായത്.കൈമാറ്റം നടക്കുമെങ്കിലും ഉപയോക്താക്കള്‍ക്ക് യാതൊരു വിധത്തിലുമുള്ള തടസമോ വ്യത്യാസമോ അനുഭവപ്പെടില്ല. കാരണം വര്‍ഷങ്ങളായി ഡിഎന്‍എസ് കൈകാര്യം ചെയ്യുന്നത് ഐകാന്‍ തന്നെയാണ്.

ഈ കൈമാറ്റം വഴി ചൈനയ്ക്കും റഷ്യക്കും ഡിഎന്‍എസില്‍ കൈകടത്താന്‍ അവസരം നല്കുമെന്ന ആരോപണവുമായി നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശ സര്‍ക്കാരുകള്‍ക്ക് ഇന്റര്‍നെറ്റില്‍ ഇടപെടാനുള്ള കരുത്ത് വര്‍ധിപ്പിക്കാന്‍ ഈ കൈമാറ്റത്തിനു കഴിയുമെന്നും വിമര്‍ശനവുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൈമാറ്റത്തിനെതിരേ കത്തു നല്കി.

വെബ് അഡ്രെസ് തീരുമാനിക്കുന്ന വിഭാഗം കൈകാര്യം ചെയ്യുന്നതിനായി 1998ലാണ് ഐകാന്‍ രൂപീകരിച്ചത്. അതിനുമുമ്പ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അയാന (ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അഥോറിറ്റി) ആയിരുന്നു ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്.ഒക്ടോബറില്‍ ഡിഎന്‍എസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ രാജ്യങ്ങള്‍, ബിസിനസ് ഗ്രൂപ്പുകള്‍ തുടങ്ങിയവരുള്‍പ്പെട്ട ഇന്റര്‍നെറ്റിന്റെ ഓഹരിയുടമകള്‍ക്കുള്ള എല്ലാവിധ മറുപടിയും നല്‌കേണ്ടത് ഐകാനായിരിക്കും.

Related posts