കൊച്ചി: വിവിധ ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ സുഗമമായ രീതിയില്‍ പണമിടപാട് നടത്താനുതകുന്ന ഏകീകൃത പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പായ “”ലോട്സ’’ ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അനുവാദത്തോടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്റെയും പിന്തുണയോടെയുമാണിത്. ഇത്തരമൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യ ബാങ്കുകളിലൊന്നാണു ഫെഡറല്‍ ബാങ്ക്.
ഒറ്റ ആപ്ലിക്കേഷനില്തന്നെ വ്യത്യസ്ത ബാങ്കുകളുടെ അക്കൗണ്ടുകളെന്ന ആശയത്തിലൂന്നി രൂപകല്പന ചെയ്ത “ലോട്സ’ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള തടസമില്ലാത്തതും സുഗമവുമായ സാമ്പത്തിക ഇടപാടുകള്‍ക്ക് അവസരമൊരുക്കുന്നതായി ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഓരോ ഇടപാടിലും അക്കൗണ്ട് നമ്പറുകള്‍ ഓര്‍ത്തിരുന്നു ടൈപ്പ് ചെയ്തു ചേര്‍ക്കേണ്ട ആവശ്യം ഈ ആപ്ലിക്കേഷന്‍ വഴി ഇല്ലാതാകുന്നു.
അക്കൗണ്ട് നമ്പറുകള്‍ വെളിപ്പെടുത്തുന്നതിന്റെ പ്രശ്നസാധ്യതകള്‍ ഒഴിവാക്കി ഗുണഭോക്താക്കള്‍ക്കു നല്കുന്ന വെര്‍ച്വല്‍ ഐഡികളുടെ അടിസ്ഥാനത്തിലാണു ലോട്സ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഒരാള്‍ക്കു മറ്റൊരു ബാങ്കിലേക്കു പണം കൈമാറ്റം ചെയ്യണമെങ്കില്‍ പണം ലഭിക്കേണ്ട ആളിന്റെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐഎഫ്എസ് കോഡും മറ്റും ഓര്‍ത്തിരിക്കണം. എന്നാല്‍, പുതിയ ആപ്പിലാകട്ടെ പണം ലഭിക്കേണ്ട വ്യക്തിയുടെ വെര്‍ച്വല്‍ ഐഡി മാത്രം മതിയാകും.
പണം ലഭിക്കുന്ന ആള്‍ക്ക് തന്റെ അക്കൗണ്ട് നമ്പറോ മൊബൈല്‍ നമ്പറോ പോലുള്ള ഒന്നും പണം നല്‍കേണ്ട ആള്‍ക്കു കൈമാറേണ്ടതില്ലെന്നു ബാങ്കിന്റെ ഡിജിറ്റല്‍ മേധാവി കെ.എ. ബാബു പറഞ്ഞു. ഏതു ബാങ്കിന്റെ ഇടപാടുകാര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണു ലോട്സ. ഭാവിയിലെ മൊബൈല്‍ ബാങ്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു”ലോട്സ കാരണമാകുമെന്നും അതിലൂടെ ഇന്ത്യക്കാര്‍ക്കു തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള സൗകര്യമാണു യുപിഐ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.