കത്ത് എത്തിയില്ലേ? പരാതി പറയാന്‍ 1924 ഉണ്ട്

bis-postന്യൂഡല്‍ഹി: തപാല്‍ സേവനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂര്‍ ടോള്‍ ഫ്രീ ഹെല്‍പ്‌ലൈന്‍ സഹായവുമായി തപാല്‍ വകുപ്പ്. രാജ്യത്തെവിടെയുമുള്ള തപാല്‍ ഉപയോക്താക്കള്‍ക്ക് 1924 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ പരാതികള്‍ അറിയിക്കാന്‍ കഴിയും.

കഴിഞ്ഞ മാസം ട്വിറ്റര്‍ സേവ എന്ന സംവിധാനം ആവിഷ്കരിച്ചതിനു പിന്നാലെയാണ് പുതിയ സംരംഭവുമായി തപാല്‍ വകുപ്പ് എത്തുന്നത്. ഏതു മൊബൈല്‍ കണക്ഷനുള്ളവര്‍ക്കും ടോള്‍ ഫ്രീ നമ്പരിന്റെ സഹായം ലഭ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ സംവിധാനം ആരംഭിക്കുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രി മനോദ് സിന്‍ഹ അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് പരാതികള്‍ നല്കാന്‍ കഴിയുക. വൈകാതെ മറ്റു ഭാഷകളിലേക്കുകൂടി ആരംഭിക്കും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടു വരെയാണ് ഇപ്പോള്‍ പരാതികള്‍ സ്വീകരിക്കുക. ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും ഈ സംവിധാനം ലഭ്യമല്ല. ആവശ്യം വന്നാല്‍ 24 മണിക്കൂര്‍ സേവനം തുടങ്ങിയേക്കുമെന്നും മന്ത്രി അറിയിച്ചു.ഓഗസ്റ്റ് രണ്ടിനു ട്വിറ്റര്‍ സേവ സംവിധാനം തുടങ്ങിയതു മുതല്‍ ദിനംപ്രതി 100 പരാതികളെങ്കിലും തപാല്‍ വകുപ്പിനു ലഭിക്കുന്നുണ്ട്. ഇതില്‍ 97 ശതമാനം പരാതികള്‍ കൃത്യമായി പരിഹരിക്കുന്നുണെ്ടന്നും അദ്ദേഹം പറഞ്ഞു.

Related posts