കുളച്ചല്‍ പദ്ധതി വിഴിഞ്ഞം തുറമുഖത്തിനു പാര: മുഖ്യമന്ത്രി

bis-vizhinjamസ്വന്തം ലേഖകന്‍

തിരുവനന്തപുരം: അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കുളച്ചല്‍ തുറമുഖം വിഴിഞ്ഞം പദ്ധതിക്കു പാരയാകുമോ എന്ന ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് അറിയിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കുളച്ചല്‍ പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ തന്നെ കേരളത്തിന്റെ ആശങ്ക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തയച്ചു. നേരില്‍ കാണാന്‍ സമയവും ചോദിച്ചു. 17നു വിളിച്ചുചേര്‍ത്തിട്ടുള്ള എംപിമാരുടെ യോഗത്തിലും ഇക്കാര്യം പ്രധാന അജന്‍ഡയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിന്റെ അന്ത്യം കുറിക്കുമെന്നുള്ള എം. വിന്‍സന്റിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖത്തു നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുളച്ചല്‍ പദ്ധതിക്ക് അനുമതി നല്‍കിയത് നേരത്തെ വിഴിഞ്ഞത്തിന് അനുമതി നല്‍കുന്നതിനെതിരേ കേന്ദ്രം പറഞ്ഞ ന്യായങ്ങള്‍ മറന്നുകൊണ്ടാണ്. 240 കിലോമീറ്റര്‍ അകലെ വല്ലാര്‍പാടമുള്ളതിനാല്‍ വിഴിഞ്ഞം പദ്ധതി വിജയിക്കില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ 30 കിലോമീറ്റര്‍ അകലത്തില്‍ മറ്റൊരു പദ്ധതിക്ക് അനുമതി നല്‍കിയത്.

ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ട് മാതൃകയില്‍ ആദ്യം വിഭാവനം ചെയ്യപ്പെട്ട പദ്ധതി പിന്നീടു സര്‍ക്കാര്‍ മൂലധനം സ്വകാര്യ മേഖലയ്ക്കു ലഭ്യമാക്കും വിധമാണ് നടത്താന്‍ തീരുമാനിച്ചത്. ഇതോടെ സര്‍ക്കാരിന് പദ്ധതിയിന്മേലുള്ള നിയന്ത്രണം നഷ്ടമായി. 7525 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 816 കോടി രൂപ കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ടായി അനുവദിക്കാന്‍ കാരണം ഇത് നഷ്ടമാകാതിരിക്കാനാണ്. പൊതുജനങ്ങളുടെ നികുതിപ്പണം അശാസ്ത്രീയമായി ചെലവഴിക്കുന്നതിനോടു യോജിക്കാനാകില്ല.

സര്‍ക്കാര്‍ ഒരുക്കേണ്ട എല്ലാ സൗകര്യവും സമയത്തിനുള്ളില്‍ തന്നെ ഒരുക്കും. 1000 ദിവസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണു പറഞ്ഞിരിക്കുന്നത്. നിയന്ത്രണം ഇപ്പോള്‍ അദാനിയുടെ കൈയിലാണ്. സര്‍ക്കാരിനു ചില പരിമിതിയുണ്ട്. എന്നാലും സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ കുളച്ചലിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എം.വിന്‍സന്റ് കുറ്റപ്പെടുത്തി. വിഴിഞ്ഞത്തിന്റെ ചെലവ് 7500 കോടിയാണെങ്കില്‍ 25,000 കോടി രൂപ മുടക്കിയാണ് കുളച്ചലില്‍ കേന്ദ്രം വേറെ തുറമുഖം നിര്‍മിക്കുന്നത്. കുളച്ചലുകാര്‍ക്കു പോലും വേണ്ടാത്ത തുറമുഖമാണ് അവിടെ നിര്‍മിക്കുന്നതെന്നും വിന്‍സന്റ് ആരോപിച്ചു.

Related posts