കോള്‍ ഇന്ത്യയില്‍ യന്ത്രവത്കരണം; ട്രേഡ് യൂണിയന് എതിര്‍പ്പ്

bis-tradeന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിക്കാനായി കോള്‍ ഇന്ത്യ ലിമിറ്റഡ് വലിയ നിക്ഷേപത്തിനൊരുങ്ങുന്നു. ഹൈ ടെക് യന്ത്രങ്ങള്‍ സ്ഥാപിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനാണ് കോള്‍ ഇന്ത്യയുടെ പദ്ധതി. എന്നാല്‍, യന്ത്രവത്കരണം ജോലി നഷ്ടപ്പെടുത്തുമെന്ന ഭീതിയില്‍ തൊഴിലാളി സംഘടനകളില്‍ ഒരു വിഭാഗം ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി.

ഉന്നത നിലവാരത്തിലുള്ള യന്ത്രങ്ങള്‍ കല്‍ക്കരിപ്പാടങ്ങളില്‍ എത്തുക വഴി തൊഴിലാളികളുടെ ജോലി കുറയും. ഇത് വലിയ തോതില്‍ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കും എന്നാണ് ഭാരതീയ മസ്ദൂര്‍ സംഘിന്റെ (ബിഎംഎസ്) ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ 1.27 ലക്ഷം കോടിയിലധികം രൂപയാണ് യന്ത്രവത്കരണത്തിനായി നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കല്‍ക്കരി ഉത്പാദനം 100 കോടി ടണ്‍ ആയി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാങ്കേതികവിദ്യ, ഉപകരണങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനും നിലവിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് വന്‍ നിക്ഷേപം.

കോള്‍ ഇന്ത്യയിലുള്ള എല്ലാ യൂണിയനുകളുമായും കമ്പനിക്ക് ചര്‍ച്ച നടത്താന്‍ പദ്ധതിയുണ്ട്. എന്നാല്‍, തങ്ങളുടെ എതിര്‍പ്പ് തഴഞ്ഞ് പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സമരവുമായി രംഗത്തെത്തുമെന്ന് ബിഎംഎസ് പ്രഖ്യാപിച്ചു.എന്നാല്‍, യന്ത്രവത്കരണം തൊഴില്‍ നഷ്ടം ഉണ്ടാക്കില്ലെന്ന ന്യായീകരണവുമായി ഒരു യൂണിയന്‍ രംഗത്തെത്തി. ഉത്പാദനം വര്‍ധിപ്പിക്കാന്‍ വലിയ യന്ത്രങ്ങള്‍ ആവശ്യമാണെന്നാണ് അവരുടെ പക്ഷം.

Related posts