ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള പാലിന്റെയും പാലുത്പന്നങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. നിലവാരമില്ലെന്നു കണെ്ടത്തിയ ചില മൊബൈല്‍ ഫോണുകളും മറ്റു ചില വസ്തുക്കളും നിരോധിച്ചിട്ടുണ്ട്. വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. സ്വീകാര്യമായ നിലവാരത്തിലുള്ളതല്ലാത്തതിനാലാണ് പാലും പാലുത്പന്നങ്ങളും നിരോധിച്ചിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ മൊബൈല്‍ സ്റ്റേഷന്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഇല്ലാത്തതിനാലും സുരക്ഷാ സംവിധാനം ഇല്ലാത്തതിനാലുമാണ് ചില മൊബൈല്‍ ഫോണുകള്‍ നിരോധിച്ചത്. ചൈനയില്‍നിന്നുള്ള സ്റ്റീല്‍ ഉത്പന്നങ്ങളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.ലോകവ്യാപാര കരാര്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ഇറക്കുമതി നിരോധിക്കാന്‍ കഴിയില്ലെന്ന് അവര്‍ സഭയില്‍ അറിയിച്ചു.
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 3.24 ലക്ഷം കോടിയാണ്. ഇരു രാജ്യങ്ങളുടെയും ചേര്‍ത്തുള്ള കമ്മി 6.51 ലക്ഷം കോടി രൂപയാണ്. 2015 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കണക്കാണിത്.ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്ന പല വസ്തുക്കളുമാണ് ചൈന ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇതാണ് ഇന്ത്യയുടെ നഷ്ടത്തിന് ആധാരം. എന്നാല്‍, അവശ്യവസ്തുക്കള്‍ മാത്രമേ ഇന്ത്യ ചൈനയിലേക്ക് കയറ്റി അയയ്ക്കാറുള്ളൂ.
എല്ലാ ഇറക്കുമതിയും നിരോധിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ബ്ലാങ്കെറ്റ് ഇറക്കുമതി നിരോധിക്കണമെന്ന് ലോക്‌സഭയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. ചൈനയില്‍നിന്നുള്ള ഇറക്കുമതി മൂലം രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയിലാകുന്നതു മുന്നില്‍ക്കണ്ടാണ് ഇറക്കുമതി നിരോധിക്കണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്തെത്തിയത്.
ചോദ്യോത്തരവേളയില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി ചൂണ്ടിക്കാട്ടിയാണ് ബിജെപി എംപി ഡോ. ഭോല സിംഗ് ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചൈനയില്‍നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിരോധിക്കുകയാണെങ്കില്‍ ആഭ്യന്തര മാര്‍ക്കറ്റുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കും അത് വലിയ സഹായമാകുമെന്നും എംപി പറഞ്ഞു.
എന്നാല്‍, വ്യാപാരക്കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായ ഇറക്കുമതി നിരോധനം സാധ്യമല്ലെന്ന് വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.