ട്രംപ് പേടി: രൂപയും ഓഹരിയും ഇടിഞ്ഞു

donald-trumpട്രംപ് പേടി: രൂപയും ഓഹരിയും ഇടിഞ്ഞു കൊണ്ടു കാര്യമില്ലെന്നും ട്രംപിന്റെ വിജയം ആപത് സൂചനകള്‍ അടങ്ങിയതാണെന്നും ലോകം ഇന്നലെ വിലയിരുത്തി.

ഫലം? ചൈനയുടെ കറന്‍സി യുവാന്‍ ഇടിഞ്ഞു; ഇന്ത്യയുടെ രൂപ അതിലേറെ ഇടിഞ്ഞു; ഇന്തോനേഷ്യ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികള്‍ ഇടിഞ്ഞു. യൂറോ കയറി; പൗണ്ട് കയറി.

ഇന്ത്യന്‍ ഓഹരി കമ്പോളം തകര്‍ന്നു, യൂറോപ്പിലും ഏഷ്യയിലും ഓഹരികള്‍ക്കു വീഴ്ച.

സ്വര്‍ണം ഇടിഞ്ഞു; ക്രൂഡ് ഓയില്‍ തകര്‍ന്നു.

ചെമ്പും നാകവും അടക്കം വ്യാവസായിക ലോഹങ്ങള്‍ കുതിച്ചു.

ഇന്ത്യന്‍ ഓഹരി കമ്പോളത്തില്‍ സെന്‍സെക്‌സ് 698.86 പോയിന്റ് താണു. 2.54 ശതമാനം താഴ്ച. നിഫ്റ്റി 2.69 ശതമാനം (229.45 പോയിന്റ്) താണു. സെന്‍സെക്‌സ് 26,818.82ലും നിഫ്റ്റി 8,296.3ലും ക്ലോസ് ചെയ്തു. നാലു മാസത്തിനിടയിലെ ഏറ്റവും താണ നിലയിലാണു രണ്ടു സൂചികകളും.

കഴിഞ്ഞ മൂന്നു ദിവസംകൊണ്ടു വിദേശനിക്ഷേപകര്‍ നാലായിരം കോടിയില്‍പരം രൂപ ഓഹരിവിപണിയില്‍നിന്നു പിന്‍വലിച്ചു. വരുംദിവസങ്ങളിലും അവര്‍ പണം പിന്‍വലിക്കുമെന്നാണു സൂചന. മറ്റു വികസ്വര രാജ്യങ്ങളില്‍നിന്നും അമേരിക്കന്‍ നിക്ഷേപകര്‍ പിന്‍വാങ്ങുന്നുണ്ട്.

വിദേശികളുടെ പിന്മാറ്റമാണു രൂപയെ വലിച്ചു താഴ്ത്തിയത്. ഡോളറിന് ഒറ്റദിവസംകൊണ്ട് 62 പൈസ (0.92 ശതമാനം) കയറി. 67.27 രൂപയിലാണ് ഇന്നലെ ഡോളര്‍ ക്ലോസ് ചെയ്തത്. ഇത്രയും താഴ്ച രൂപയ്ക്ക് സമീപകാലത്ത് ഉണ്ടായിട്ടില്ല.

ട്രംപിന്റെ നയങ്ങള്‍ അമേരിക്കയില്‍ പണപ്പെരുപ്പവും പലിശയും കൂട്ടുന്നതാകും എന്നാണു കണക്കുകൂട്ടല്‍. ഇതാണു ഡോളര്‍ നിക്ഷേപകര്‍ ഇന്ത്യയിലും വികസ്വര രാജ്യങ്ങളിലുംനിന്നു പണം പിന്‍വലിക്കാന്‍ കാരണം. ഇതോടൊപ്പം 2013ലെ പ്രത്യേക നിക്ഷേപപദ്ധതിയില്‍ പണമിട്ട പ്രവാസികള്‍ നിക്ഷേപം പിന്‍വലിക്കുന്നതും പ്രശ്‌നമാകും. ഡോളര്‍ 70 രൂപ കടക്കുമെന്നു പ്രവചിക്കുന്നവര്‍ കുറവല്ല.

പൗണ്ടിന്റെ വില 84.59 രൂപയും യൂറോയുടേത് 73.18 രൂപയും ആയിട്ടുണ്ട്.

ചൈനയുടെ യുവാന്‍ ഡോളറിന് 6.8137 എന്ന നിലയിലേക്കു താണു. ഒരാഴ്ചകൊണ്ടു യുവാന് 0.9 ശതമാനം താഴ്ച ഉണ്ടായി.

ദക്ഷിണകൊറിയയുടെ വോണ്‍ 1.6ഉം ഇന്തോനേഷ്യന്‍ റുപ്പിയ അഞ്ചും ഓസ്‌ട്രേലിയന്‍ ഡോളര്‍ രണ്ടും മലേഷ്യന്‍ റിംഗിറ്റ് ഒന്നും ശതമാനം താണു. ജപ്പാന്റെ യെന്‍ അഞ്ചു ശതമാനം താണു. മെക്‌സിക്കോയുടെ പെസോ 3.3 ശതമാനം താന്നതോടെ ആ കറന്‍സിക്ക് ഈയാഴ്ചത്തെ ഇടിവ് 20 ശതമാനമായി.

ഇറക്കുമതി കുറയ്ക്കുന്ന ട്രംപ് നയങ്ങളെപ്പറ്റിയുള്ള വേവലാതിയാണു വികസ്വര രാജ്യ കറന്‍സികളെ താഴ്ത്തിയത്. അമേരിക്ക ഇറക്കുമതി കുറയ്ക്കുന്നത് ഈ രാജ്യങ്ങളുടെ കയറ്റുമതി വരുമാനത്തെ ബാധിക്കും. അത് ഈ രാജ്യങ്ങളിലെ വ്യാവസായിക ഉത്പാദനം കുറയ്ക്കാന്‍ ഇടയാക്കും. സാമ്പത്തികമാന്ദ്യം എന്ന ഭീഷണി ലോകത്തെ തുറിച്ചുനോക്കുന്നു എന്നു ചുരുക്കം.

സ്വര്‍ണവില ഇന്നലെ സ്‌പോട്ട് വിപണിയിലും അവധിവിപണിയിലും ഔണ്‍സിന് 1227.5 ഡോളറിലേക്കു താണു (2.55 ശതമാനം ഇടിവ്). ഇന്ത്യയില്‍ സ്റ്റാന്‍ഡാര്‍ഡ് സ്വര്‍ണം 10 ഗ്രാം 195 രൂപ താണ് 30365 രൂപയായി. രൂപയുടെ വിനിമയ നിരക്ക് താണതാണ് ആഗോളവിപണിയിലെ ഇടിവ് ഇവിടെ വരാത്തതിനു കാരണം.

ക്രൂഡ് ഓയില്‍ വില വീണ്ടും താണു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 44.34 ഡോളറും ഡബ്ല്യുടിഐ ഇനം 43.32 ഡോളറുമായി താണു. ഉത്പാദനം കുറയ്ക്കാന്‍ ധാരണ ഉണ്ടാകില്ലെന്നാണു വ്യാപാരികള്‍ കരുതുന്നത്.

ഇതേസമയം, അമേരിക്കയില്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് സര്‍വകാല റിക്കാര്‍ഡായ 18,807.88ല്‍ എത്തി. എന്നാല്‍, എച്ച് വണ്‍ ബീ വീസ അടക്കമുള്ള ട്രംപിന്റെ നയങ്ങള്‍ ഐടി കമ്പനികളെ ബാധിക്കുമെന്ന ഭീതിയില്‍ നാസ്ഡാക് സൂചിക താണു.

Related posts