നികുതിലോകം / ബേബി ജോസഫ്(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
വരുമാനം വെളിപ്പെടുത്തല്‍ സ്കീം 2016 അനുസരിച്ച് വരുമാനമോ സ്വത്തുക്കളോ വെളിപ്പെടുത്തുമ്പോള്‍ അടക്കേണ്ട 45% നികുതി, നികുതിക്കു വിധേയമായ പണത്തില്‍നിന്നുവേണം അടയ്ക്കാന്‍. നികുതിദായകന്‍ വെളിപ്പെടുത്താത്ത വരുമാനം സ്കീമില്‍ ഉള്‍പ്പെടുത്തി നികുതി അടയ്ക്കുമ്പോള്‍ വെളിപ്പെടുത്തുന്ന തുകയ്ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. നികുതി വിധേയമാകാത്ത വരുമാനം ഉപയോഗിച്ച് നികുതി അടച്ചാല്‍ ആ തുക കള്ളപ്പണമായിത്തന്നെ അവശേഷിക്കും. ഇത് ഉദാഹരണസഹിതം വ്യക്തമാക്കാം. 2016 ജൂണ്‍ ഒന്നില്‍ 100 ലക്ഷം രൂപ വിലയുള്ള ഒരു സ്വത്ത് നികുതിദായകന്‍ ഈ സ്കീം അനുസരിച്ച് വെളിപ്പെടുത്തുന്നു എന്നിരിക്കട്ടെ. അതിന്റെ ആകെ നികുതിയായി വരുന്ന തുക 45 ലക്ഷം രൂപയാണ്. ഇത് വെളിപ്പെടുത്താത്ത വരുമാനത്തില്‍നിന്നും എടുത്ത് അടച്ചാല്‍ ഫലത്തില്‍ നികുതി നിരക്ക് 31 ശതമാനമായി പരിണമിക്കും. ആ അവസരത്തില്‍ നികുതിയായി അടയ്ക്കുന്ന 45 ലക്ഷം രൂപ നികുതിക്കു വിധേയമാകാത്ത പണം ആണെങ്കില്‍ മൊത്തം കള്ളപ്പണം വരുന്നത് 145 ലക്ഷം ആവുകയും അതിന്റെ 45 ശതമാനം നികുതി അടയ്ക്കുകയും വേണം. ഇതിന്റെ നികുതിയായി വരുന്നത് 65.25 ലക്ഷം രൂപയാണ്. സര്‍ക്കുലര്‍ നമ്പര്‍ 27/2016 തീയതി 15/7/2016ല്‍ ബോര്‍ഡ് ഇത് വിശദമാക്കിയിട്ടുണ്ട്.
ഒരിക്കല്‍ നല്കിയ ഡിക്ലറേഷന്‍അവസാനിക്കുന്നതിനു മുമ്പ്പുതുക്കി നല്കാമോ?
അവസാന തീയതിക്കുമുമ്പ് ഒരിക്കല്‍ നല്‍കിയ ഡിക്ലറേഷന്‍ തിരുത്തി നല്‍കാവുന്നതാണ്. എന്നാല്‍, പുതുക്കി നല്കുന്ന ഡിക്ലറേഷനില്‍ ആദ്യ ഡിക്ലറേഷനില്‍ നല്കിയ വരുമാനത്തില്‍ കുറഞ്ഞ വരുമാനമാണു നല്‍കിയതെങ്കില്‍ ഇതു സ്വീകാര്യമല്ല. പുതുക്കി നല്കുന്ന ഡിക്ലറേഷനില്‍ വെളിപ്പെടുത്തുന്ന വരുമാനം ആദ്യം നല്കിയ തുകയേക്കാള്‍ കൂടുതലാണെങ്കില്‍ മാത്രമേ ഇതു സ്വീകാര്യമാവുകയുള്ളൂ.
മൂലധനത്തില്‍ വരുന്ന വര്‍ധന
വരുമാനം വെളിപ്പെടുത്തല്‍ സ്കീം അനുസരിച്ച് വെളിപ്പെടുത്തുന്ന സ്വത്തുക്കളുടെ വില ക്യാപ്പിറ്റല്‍ അക്കൗണ്ടിന്റെ വര്‍ധനയ്ക്കു കാരണമാകും. സാധാരണഗതിയില്‍ ക്യാപ്പിറ്റലില്‍ വന്ന വര്‍ധന കാരണം ഈ നികുതിദായകന്റെ ആദായനികുതി റിട്ടേണ്‍ സിഎഎസ്എസ് അനുസരിച്ച് വിശദമായ പരിശോധനയ്ക്കുവേണ്ടി തെരഞ്ഞെടുക്കും. എന്നാല്‍, വരുമാനം വെളിപ്പെടുത്തല്‍ സ്കീം അനുസരിച്ച് ഡിക്ലറേഷന്‍ നല്‍കി നികുതി അടച്ച നികുതിദായകന്റെ കാര്യത്തില്‍ ക്യാപ്പിറ്റലില്‍ വര്‍ധന ഉണ്ടായെന്നു കരുതി റിട്ടേണ്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുകയില്ലായെന്ന് ബോര്‍ഡ് സര്‍ക്കുലര്‍ വഴി ഉറപ്പ് നല്കിയിട്ടുണ്ട്.
ബിനാമി വസ്തുക്കളുടെ വെളിപ്പെടുത്തല്‍
ബിനാമി പേരില്‍ സമ്പാദിച്ചിരിക്കുന്ന വസ്തുക്കള്‍ യഥാര്‍ഥ ഉടമസ്ഥന്റെ പേരിലേക്കു മാറ്റി വെളിപ്പെടുത്തല്‍ സ്കീം അനുസരിച്ച് നികുതി അടയ്ക്കുമ്പോള്‍ പ്രസ്തുത വസ്തുവിന് ആ സമയം മൂലധന വര്‍ധനയുടെ നികുതിയോ സ്രോതസില്‍ അടയ്‌ക്കേണ്ട ഒരു ശതമാനം നികുതിയോ അടയ്‌ക്കേണ്ടതായി വരില്ല. ബിനാമി പേരില്‍ സമ്പാദിച്ചിരിക്കുന്ന വസ്തുക്കള്‍ വെളിപ്പെടുത്തുമ്പോള്‍ 2016 ജൂണ്‍ ഒന്നിലെ കമ്പോളവിലയാണ് കാണിക്കേണ്ടത്. യഥാര്‍ഥത്തില്‍ ബിനാമി പ്രോപ്പര്‍ട്ടി യഥാര്‍ഥ ഉടമസ്ഥന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ പണത്തിന്റെ കൈമാറ്റം ഉണ്ടാകുന്നില്ലാത്തതിനാല്‍ മൂലധന വര്‍ധന ഇവിടെ ഉണ്ടാകുന്നില്ല.
വെളിപ്പെടുത്തലിലുള്ള രഹസ്യസ്വഭാവം
കേന്ദ്രഗവണ്‍മെന്റ് ഇറക്കിയ വിജ്ഞാപനം 2322 (ഇ) തീയതി 06-07-2016 അനുസരിച്ച് നികുതിദായകന്‍ ഡിക്ലറേഷനില്‍ വെളിപ്പെടുത്തിയ യാതൊരു വിവരങ്ങളും ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും ഒരു അധികാരിയുടെയും മുമ്പില്‍ വെളിപ്പെടുത്തുകയോ കമ്പ്യൂട്ടര്‍ പ്രിന്റുകള്‍ പുറത്താക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. ആദായ നികുതി നിയമം 138-ാം വകുപ്പ് അനുസരിച്ച് നികുതിദായകനു നല്കുന്ന സംരക്ഷണം വെളിപ്പെടുത്തല്‍ സ്കീമില്‍ ഏര്‍പ്പെടുന്നവര്‍ക്കും ലഭിക്കുന്നതാണ്. നികുതിദായകന് ഭാര്യ/ഭര്‍ത്താവിന്റെ പേരില്‍ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഉണെ്ടങ്കില്‍ 2016 ജൂണ്‍ ഒന്നിലെ കമ്പോളവില അനുസരിച്ച് അവ വെളിപ്പെടുത്തി നികുതി അടച്ച് അത് നിയമപ്രകാരമാക്കാവുന്നതാണ്.
ഡയറക്‌ടേഴ്‌സിനും പാര്‍ട്‌ണേഴ്‌സിനും ലഭിക്കുന്ന ഇമ്മ്യൂണിറ്റി
കമ്പനികളും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളും ഈ വെളിപ്പെടുത്തല്‍ സ്കീമില്‍ ചേര്‍ന്ന് കമ്പനിയുടെയോ ഫേമിന്റെയോ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ പ്രസ്തുത വ്യക്തികള്‍ക്ക് എതിരേ യാതൊരു വിധത്തിലുള്ള ശിക്ഷാനടപടികളും ഉണ്ടാകുന്നതല്ല.
ഷെയറുകളുടെയും മറ്റും 2016 ജൂണ്‍ ഒന്നിലെ കമ്പോളവില ഷെയറുകള്‍ പല സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പല വിലയാണ് ക്വോട്ട് ചെയ്തിരിക്കുന്നത് എങ്കില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഷെയറിന്റെ കമ്പോളവിലയായി എടുത്ത് നികുതി അടയ്‌ക്കേണ്ടത്.
വരുമാനം വെളിപ്പെടുത്തല്‍ സ്കീം 2016 അനുസരിച്ച് വരുമാനം വെളിപ്പെടുത്തേണ്ടവര്‍ 2016 സെപ്റ്റംബര്‍ 30നു മുമ്പ് ഡിക്ലറേഷന്‍ നല്‌കേണ്ടതാണ്. നികുതി അടയ്ക്കുന്നതിന് 2016 നവംബര്‍ 30 വരെ പ്രസ്തുത നികുതിദായകന് സമയം ലഭിക്കുന്നതാണ്. നികുതിദായകന്‍ നല്‍കിയ ഡിക്ലറേഷന്റെ പുറത്ത് ആദായ നികുതി ഡിപ്പാര്‍ട്ട്‌മെന്റ് വരുമാനത്തിന്റെയും നികുതിയുടെയും ഉറവിടത്തെപ്പറ്റി അന്വേഷിക്കുകയില്ലായെന്ന് ഉറപ്പു നല്കിയിട്ടുണ്ട്.
അഴിമതി വഴി സമ്പാദിച്ച സ്വത്തുക്കള്‍ ഈ വെളിപ്പെടുത്തല്‍ സ്കീം അനുസരിച്ച് നിയമപ്രകാരം വെളിപ്പെടുത്താന്‍ സാധ്യമല്ല. അങ്ങനെ സ്വത്തുക്കള്‍ സമ്പാദിച്ച വ്യക്തികള്‍ ഈ സ്കീമില്‍ പങ്കെടുത്ത് നികുതി അടച്ചാലും ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടുപിടിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്താല്‍ പ്രസ്തുത ഡിക്ലറേഷന്‍ അസാധുവായി പ്രഖ്യാപിക്കുന്നതും വെളിപ്പെടുത്തപ്പെട്ട വരുമാനത്തുക സാധാരണ വരുമാനമായി കണക്കാക്കി നികുതിയും പലിശയും പിഴയും അടയ്‌ക്കേണ്ടതായി വരുകയും ചെയ്യാവുന്നതാണ്.
ഫോം നം. 3 ഫയല്‍ ചെയ്യാനുള്ള സമയപരിധി
ഈ സ്കീം അനുസരിച്ച് ഫോം നമ്പര്‍ 3 ഫയല്‍ ചെയ്യേണ്ട അവസാന തീയതി നികുതി അടയ്ക്കുന്ന ദിവസമാണ്.