മകന്‍ സിദ്ധാര്‍ഥിനു പതിനെട്ടാം പിറന്നാള്‍ സമ്മാനമായി വിജയ് മല്യ സമ്മാനിച്ചതാണു കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്. ബജറ്റ് നിരക്കില്‍ ബിസിനസ് ക്ലാസ് സേവനം നല്കുമെന്നായിരുന്നു വാഗ്ദാനം. ചൂടുഭക്ഷണം; അതു വിളമ്പാന്‍ മല്യ തന്നെ തെരഞ്ഞെടുത്ത എയര്‍ഹോസ്റ്റസുമാര്‍. എല്ലാം പ്രീമിയം. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് 2005ല്‍ തുടങ്ങിയത് അങ്ങനെയാണ്.എല്ലാം ഭംഗിയായി നടന്നു. മാസങ്ങള്‍ക്കകം ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയുമായി. 2007ല്‍ എയര്‍ ഡെക്കാനെ വാങ്ങി. കമ്പനി ദിവസം 340 സര്‍വീസുകളിലേക്കു വളര്‍ന്നു.
ഒഴുകിപ്പോയി
ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ ഉത്പാദകനും ഏറ്റവും വലിയ ബിയര്‍ ഉത്പാദകനുമായിരുന്ന വിജയ് മല്യയുടെ പതനം ഈ വിമാനവ്യവസായത്തിലാണു തുടങ്ങിയത്. ഒപ്പം കുറെയേറെ ബാങ്കുകളുടെ വലിയ നഷ്ടത്തിനും അതു കാരണമായി. മല്യയുടെ യുബി ഗ്രൂപ്പിന്റെ ധനകാര്യ മേധാവി രവി നെടുങ്ങാടിയുടെ ഉപദേശം തള്ളിക്കളഞ്ഞുകൊണ്ടാണു കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയത്. നെടുങ്ങാടിയുടെ ആശങ്കകള്‍ യഥാര്‍ഥമായപ്പോള്‍ വിജയ് മല്യയുടെ വ്യവസായ സാമ്രാജ്യം തന്നെ ഇല്ലാതായി. അവശേഷിക്കുന്നത് കെട്ടിടങ്ങളും കുതിരപ്പന്തിയും ഉല്ലാസ നൗകകളും ആഡംബര കാറുകളും വിലയേറിയ പഴയ കാറുകളും. പിന്നെ വിലമതിക്കാനാകാത്ത ചില ചരിത്രസ്മാരകങ്ങളും.
ഗോവയിലെ “കിംഗ് ഫിഷര്‍ ഹൗസ്’ എന്ന മനോഹരമായ ബീച്ച് വില്ല 17നു ലേലം ചെയ്യുന്നതോടെ ആ അതിസമ്പന്നന്റെ സ്വകാര്യ സമ്പാദ്യങ്ങളും കൈയില്‍നിന്നു പോകുന്നതിനു തുടക്കമാകും.
വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടുപോയ ഈ പതനം എങ്ങനെയായിരുന്നു?
പറന്നതു നഷ്ടം
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഒരു ദിവസംപോലും ലാഭമുണ്ടാക്കിയില്ല. ഓരോ സര്‍വീസും നഷ്ടം മാത്രം ഉണ്ടാക്കി.ഉദാരവ്യവസ്ഥയില്‍ ബാങ്കുകള്‍ നല്കിയ വായ്പയോ പാര്‍ക്കിംഗ് ഫീസും വാടകകളും ചോദിക്കാത്ത വ്യോമയാന അഥോറിറ്റിയുടെയും വിമാനത്താവള അധികാരികളുടെയും സന്മനസോ കിംഗ് ഫിഷറിനെ രക്ഷിച്ചില്ല.
2010 ആയപ്പോള്‍ ബാങ്കുകള്‍ ബേജാറായി. പണം തിരിച്ചുവരുന്നില്ല. അവര്‍ മല്യയുമായി ചര്‍ച്ച നടത്തി. വായ്പ പുതുക്കിക്കൊടുത്താല്‍ രണ്ടു വര്‍ഷംകൊണ്ടു ലാഭമുണ്ടാക്കി എല്ലാം നേരെയാക്കാം എന്നായി മല്യ.
വീണ്ടും വായ്പ
ബാങ്കുകള്‍ അതിനു വഴങ്ങി. അല്ലാതെ മാര്‍ഗമില്ലായിരുന്നു എന്നതാണു ശരി. കടം പുതുക്കിയില്ലെങ്കില്‍ കിട്ടാക്കടമായി പ്രഖ്യാപിക്കണം. ആറായിരം കോടിയിലേറെ രൂപയുടെ നഷ്ടം താങ്ങാന്‍ ബാങ്കുകള്‍ക്ക് ആകുമായിരുന്നില്ല. അവര്‍ കടം പുതുക്കിക്കൊടുത്തു.ചീത്തപ്പണത്തിനു പിന്നാലെ നല്ല പണം എറിഞ്ഞു. രണ്ടും നഷ്ടമായി.2012 ഒക്‌ടോബറില്‍ കിംഗ് ഫിഷര്‍ പറക്കല്‍ നിര്‍ത്തി. ആറു മാസത്തിനുശേഷം 2013 മാര്‍ച്ച് 31നു കമ്പനിയുടെ ധനകാര്യനില
ഇങ്ങനെ:ബാധ്യതകള്‍ 16,000 കോടിയിലേറെ രൂപ (ശമ്പളം, വിമാനത്താവള ഫീസ് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും)
സഞ്ചിത നഷ്ടം 16,023 കോടി രൂപ
ആദ്യം വായ്പ നല്കുമ്പോള്‍ ബാങ്കുകളുടെ പക്കല്‍ ഉണ്ടായിരുന്ന ഈടുകള്‍ വിമാനങ്ങളോ വിമാനത്താവളത്തില്‍ ഉപയോഗിക്കുന്ന വണ്ടികളോ ഒന്നുമായിരുന്നില്ല. കെട്ടിടങ്ങളും ഇല്ലായിരുന്നു. മല്യയുടെ മറ്റു കമ്പനികളില്‍ മല്യക്കുള്ള ഓഹരിയായിരുന്നു ഈട്. അന്നു നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആ കമ്പനികളുടെ ഓഹരികള്‍ക്കു നല്ല വിലയുണ്ടായിരുന്നു.
ഗാരന്റി വാങ്ങി
കടം പുതുക്കിയപ്പോള്‍ ബാങ്കുകള്‍ ഒരുകാര്യം ചെയ്തു. മല്യയുടെ വ്യക്തിപരമായ ഗാരന്റി വാങ്ങി. അതാണ് ഇപ്പോള്‍ “”ശക്തമായ” നിയമനടപടിക്കു തങ്ങളെ സഹായിക്കുന്നതെന്നാണു ബാങ്കുകള്‍ അവകാശപ്പെടുന്നത്. ഗോവയില്‍ കിംഗ് ഫിഷര്‍ ഹൗസ് ലേലം ചെയ്യുന്നത് അതിന്റെ ബലത്തിലാണ്.
എന്നാല്‍, എസ്ബിഐക്കും മറ്റും മറ്റു ചില തിരിച്ചടികള്‍ ഉണ്ടായി. 2011 ആദ്യം കടത്തില്‍ ഒരു പങ്ക് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഹരിയാക്കി മാറ്റി. 1400 കോടി രൂപയുടെ കടമാണ് ഇങ്ങനെ മാറ്റിയത്.
ഓഹരി ആവിയായി
ഓഹരിവിപണിയില്‍ കിംഗ് ഫിഷര്‍ ഓഹരിക്ക് 39.9 രൂപ ഉണ്ടായിരുന്ന ദിവസം 64.48 രൂപ വച്ച് കടം ഓഹരിയാക്കി. 60 ശതമാനം അധികവില (പ്രീമിയം) നല്കിയുള്ള ഇടപാട്. കമ്പനി അന്നുവരെ ലാഭമുണ്ടാക്കിയിട്ടില്ലെന്നു നന്നായി അറിയാവുന്ന ബാങ്ക് എങ്ങനെ ഈ അമിതവില നല്കിയെന്ന് ആര്‍ക്കുമറിയില്ല.
2015 ജൂണ്‍ 22നാണ് കിംഗ് ഫിഷര്‍ ഓഹരികള്‍ അവസാനമായി വ്യാപാരം ചെയ്യപ്പെട്ടത്. അന്നു വില ഒരു രൂപ 36 പൈസ.എസ്ബിഐയുടെ 1400 കോടി രൂപയും ആവിയായിപ്പോയി. കാരണം കിംഗ് ഫിഷര്‍ ഓഹരികള്‍ ആര്‍ക്കും വേണ്ട. അതേസമയം, ഐസിഐസിഐ ബാങ്ക് തങ്ങള്‍ക്കു കിട്ടാനുണ്ടായിരുന്ന 430 കോടി രൂപ ശ്രൈ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിനു വിറ്റു. കിട്ടിയതു ലാഭം.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിവിധ ബ്രാന്‍ഡുകളും കമ്പനിയുടെ ബ്രാന്‍ഡ് മൂല്യവും ഒക്കെ ഈടു നല്കിയാണു ബാങ്കുകളില്‍നിന്നു മല്യ വായ്പയെടുത്തത്. പൊളിഞ്ഞ കമ്പനിയുടെ ബ്രാന്‍ഡുകള്‍ ആര്‍ക്കും വേണ്ടാത്തതുകൊണ്ട് ആ വഴിയേ ബാങ്കുകള്‍ ഒന്നും പ്രതീക്ഷിക്കേണ്ട.