ഹാംബർഗ്: ഇനിയൊരു യുവേഫ യൂറോ കപ്പിൽ പോർച്ചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെപ്പെയും ഉണ്ടാകില്ല. പെപ്പെയ്ക്ക് 41ഉം റൊണാൾഡോയ്ക്ക് 39ഉം വയസ് പിന്നിട്ടു. ക്രിസ്റ്റ്യാനോ വിരമിക്കുന്പോൾ ഞാനും വിരമിക്കുമെന്നാണ് പെപ്പെ പറഞ്ഞത്.
എന്നാൽ, യുവേഫ യൂറോ കപ്പ് 2024ന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെട്ട് പുറത്തായപ്പോൾ പെപ്പെയുടെ ഹൃദയം നുറുങ്ങി, കണ്ണു കലങ്ങി. വിങ്ങിപ്പൊട്ടിയ പെപ്പെയെ റൊണാൾഡോ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു. തന്റെ അവസാന യൂറോ കപ്പ് പോരാട്ടമാണിതെന്ന് റൊണാൾഡോ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഷൂട്ടൗട്ടിൽ വീണു
ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് ചുട്ട മറുപടി നൽകിയ പോർച്ചുഗൽ 120 മിനിറ്റ് ഹാംബർഗിലെ ഫോക്സ്പാർക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാക്കി. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെ അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെത്തി.
ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ മൂന്നാം കിക്കെടുത്ത ജാവോ ഫീലിക്സിനു പിഴച്ചു. റൊണാൾഡോ, ബെർണാഡോ സിൽവ, നൂനൊ മെൻഡെസ് എന്നിവരുടെ കിക്ക് ലക്ഷ്യംകണ്ടു.
മറുവശത്ത് ഫ്രാൻസിനായി ഉസ്മാൻ ഡെംബെലെ, യൂസഫ് ഫൊഫാന, ജൂലെസ് കോണ്ടെ, ബർകോന, തിയൊ ഹെർണാണ്ടസ് എന്നിവർ പെനാൽറ്റി ഗോളാക്കി. അതോടെ 5-3ന്റെ ജയത്തോടെ ഫ്രാൻസ് സെമിയിൽ.
സ്പെയിൻ x ഫ്രാൻസ്
യൂറോ കപ്പിന്റെ ആദ്യസെമിയിൽ സ്പെയിനും ഫ്രാൻസും കൊന്പുകോർക്കും. ഇന്ത്യൻ സമയം ചൊവ്വ അർധരാത്രി 12.30നാണ് സ്പെയിൻ x ഫ്രാൻസ് സെമി ഫൈനൽ. ഇരുടീമും തമ്മിൽ വന്പൻ ടൂർണമെന്റിൽ നേർക്കുനേർ ഇറങ്ങുന്നത് ഇത് ആറാം പ്രാവശ്യമാണ്.
ഗോളില്ലാതെ സിആർ7
ഫിഫ ലോകകപ്പ്, യുവേഫ യൂറോ കപ്പ് പോരാട്ടവേദിയിൽ എത്തിയശേഷം ഇതാദ്യമായി ഗോളില്ലാതെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങുന്നത്. 2024 യൂറോയിൽ 23 ഷോട്ട് സിആർ7 പായിച്ചു.
1980നുശേഷം ഒരു യൂറോ ചാന്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഷോട്ട് പായിച്ചിട്ടും ഗോൾ നേടാൻ സാധിച്ചില്ലെന്നതിൽ രണ്ടാം സ്ഥാനവുമായാണ് റൊണാൾഡോയുടെ മടക്കം. 2004 യൂറോയിൽ ഗോളില്ലാതെ 24 ഷോട്ട് പായിച്ച പോർച്ചുഗൽ മുൻതാരം ഡെക്കൊയുടെ പേരിലാണ് റിക്കാർഡ്.