ചെറുപുഴ: ചെറുപുഴയില്‍ പോലീസ് സ്റ്റേഷന് ആയെങ്കിലും കേസുകളെല്ലാം പടിക്കു പുറത്ത്. പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിക്കാത്തതാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കാരണമെന്നു പറയുന്നു. അഞ്ചു മാസം മുമ്പ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരു ഔട്ട് പോസ്റ്റിന്റെ സേവനത്തില്‍ മാത്രമായി സ്റ്റേഷന് ഒതുങ്ങുകയാണ്.
പെരിങ്ങോം പോലീസ് സ്റ്റേഷന്റെ പരിധി വിഭജിച്ചാണ് ചെറുപുഴയില്‍ സ്റ്റേഷന് ഒരുക്കിയത്. പുതിയ പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന കേസുകള്‍ ഇപ്പോഴും മാതൃസ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതോടെ സ്റ്റേഷനുണ്ടായിട്ടും സ്റ്റേഷനില്ലാത്ത അവസ്ഥയാണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്. ജനങ്ങളുടെ വിഷമം കുറക്കാനാണ് പുതിയ പോലീസ് സ്റ്റേഷന് ആരംഭിച്ചതെങ്കിലും ഒരു പരാതി നല്കണമെങ്കില് ഇപ്പോള്‍ രണ്ടു പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് പരാതിക്കാര്‍.
സ്റ്റേഷനിലെ സേനാംഗങ്ങളുടെ നിയമനവും പൂര്‍ത്തിയായിട്ടില്ല. 40 സേനാംഗങ്ങള്‍ വേണ്ടിടത്ത് 18 പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. അടുത്ത കാലത്തായി പ്രമാദമായ പല കേസുകളും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെറുപുഴ പോലീസ് പിടിച്ചിരുന്നു. വ്യാജമണല്‍ പാസ്, കഞ്ചാവ് , വ്യാജമദ്യം തുടങ്ങിയവ ശ്രദ്ധേയമായ കേസുകളായിരുന്നു ഇവയെല്ലാം. കഴിഞ്ഞ സര്‍ക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു പോലീസ് സറ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ പോലീസ് സ്റ്റേഷന് പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇത് പാഴ് വാക്കായി മാറിയിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.