ബാങ്കുകളെ ഇളിഭ്യരാക്കി വിജയ് മല്യ മുങ്ങുന്നു

BISMILYAമുംബൈ: അങ്ങനെ വിജയ് മല്യ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെയും ഗവണ്‍മെന്റിനെയും ഇളിഭ്യരാക്കി രക്ഷപ്പെടാന്‍ പോകുന്നു. “നല്ലകാലത്തിന്റെ രാജാവ്’ (മല്യയുടെ ഉത്പന്നങ്ങളുടെ പരസ്യവാചകം) ഇന്ത്യ വിട്ടുപോകുന്നു. ഇനി ഇംഗ്ലണ്ടില്‍ കുട്ടികളോടൊത്തു ഭാവി ചെലവഴിക്കുമെന്നാണു ഡിസംബറില്‍ 60 വയസ് തികഞ്ഞ മല്യ പറയുന്നത്. അവിടെ കഴിയാനുള്ള പണം ഡിയാഷിയോ എന്ന ബഹുരാഷ്ട്ര മദ്യക്കമ്പനി നല്കും. മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് എന്ന മദ്യക്കമ്പനി നേരത്തേ സ്വന്തമാക്കിയ ഡിയാഷിയോ, അതിലെ ചെയര്‍മാന്‍സ്ഥാനവും ഡയറക്ടര്‍ പദവിയും ഒഴിയുന്നതിനു പ്രതിഫലമായി 510 കോടി രൂപ മല്യക്കു നല്കും. അപ്പോള്‍ മല്യയുടെ റോയല്‍ ചലഞ്ചര്‍ സ്‌പോര്‍ട്‌സ് എന്ന ക്രിക്കറ്റ് ടീമും ഫോര്‍ സീസണ്‍സ് വൈന്‍സും കൂടി ഡിയാഷിയോയ്ക്കു കിട്ടും.

ഇടപാട് നല്ലത്. പക്ഷേ കുറേ വര്‍ഷം മുമ്പ് മകന്‍ സിദ്ധാര്‍ഥിനു 18-ാം ജന്മദിന സമ്മാനമായി കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നല്കിയ മല്യ ആ കമ്പനിയുടെ തകര്‍ച്ച വഴി ഇന്ത്യയിലെ ബാങ്കുകള്‍ക്കു വരുത്തിയ നഷ്ടം ചെറുതല്ല. 2014 മാര്‍ച്ച് 31ന് 6,963 കോടിയായിരുന്നു 17 ബാങ്കുകള്‍ക്കുള്ള വായ്പാ കുടിശിക. 15.5 ശതമാനം പലിശ വച്ച് രണ്ടുവര്‍ഷംകൊണ്ടു ബാധ്യത 9,000 കോടിയിലെത്തി. മൂന്നു ബാങ്കുകള്‍ മല്യയെ മനഃപൂര്‍വം തിരിച്ചടയ്ക്കാത്തയാളായി പ്രഖ്യാപിച്ചു. സാങ്കേതിക കാരണത്താല്‍ ഒരു ബാങ്കിന്റെ പ്രഖ്യാപനം റദ്ദായി. വേറേ 14 ബാങ്കുകള്‍ നടപടി തുടങ്ങിയിട്ടേ ഇല്ല.കുടുംബസ്വത്തായ മദ്യവ്യാപാരം വളരെ വലുതാക്കി കുത്തകയായി മാറിയ മല്യക്കു വിമാന ക്കമ്പനിയിലാണ് അടിതെറ്റിയത്. പക്ഷേ, അതിന്റെ നഷ്ടം ബാങ്കുകളുടെയും സര്‍ക്കാരിന്റെയും തലയില്‍ വച്ചുകൊണ്ടാണ് മല്യ രക്ഷപ്പെടുന്നത്.

Related posts