മാറണം മനോഭാവം: ദിവ്യ എസ് അയ്യര്‍

divya1ദിവ്യ എസ് അയ്യര്‍ക്കു സകല കലകളും സ്വന്തമാണ്. സംഗീതം, നൃത്തം, മോണോ ആക്ട്, നാടകം, പ്രസംഗം തുടങ്ങി കലാവേദികളില്‍ പ്രാവീണ്യം തെളിയിച്ച ദിവ്യ കോട്ടയം അസിസ്റ്റന്റ് കളക്ടറെന്ന നിലയില്‍ ജനക്ഷേമ ഭരണത്തിലും പ്രാഗല്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. അസിസ്റ്റന്റ് കളക്ടര്‍ ദിവ്യയുടെ സാന്നിധ്യം കോട്ടയത്തെ മിക്ക ചടങ്ങുകളിലുമുണ്ട്. ജനങ്ങളോടു സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും നിറഞ്ഞ മനസും ഹൃദ്യമായ ചിരിയുമായി ദിവ്യ എപ്പോഴും കര്‍മനിരതയാണ്. മെഡിക്കല്‍ ഉപരിപഠനം കഴിഞ്ഞ് ഐഎഎസിലെത്തിയ ദിവ്യ ആരോഗ്യപരിപാലനം, പൊതുശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും കര്‍മനിരതയാണ്. ഐഎഎസ് പദവി രാജ്യം ജനസേവനത്തിന് ഏല്‍പ്പിക്കുന്ന വലിയ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്‍ വലിയവരുടെയും ചെറിയവരുടെയും പ്രശ്‌നങ്ങള്‍ അടുത്തറിയാനും ജനക്ഷേമം ഉറപ്പുവരുത്താനും എപ്പോഴും ജനങ്ങളോടൊപ്പമാണ്. വീടിന്റെയും നാടിന്റെയും പുരോഗതിയില്‍ പുരുഷന്‍മാരെപ്പോലെ പ്രധാനമാണു സ്ത്രീകളുടെ അധ്വാനവും ആത്മാര്‍ഥതയുമെന്നാണു ദിവ്യയുടെ പക്ഷം.

പരിമിതികളും വേലിക്കെട്ടുകളും താണ്ടിക്കടക്കാനുള്ള തീരുമാനവും ധൈര്യവും ഉണ്ടാവാതെ സ്ത്രീക്ക് പുരോഗതിയുണ്ടാവില്ല- ദിവ്യ സ്ത്രീധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഇന്നതു ചെയ്യണം, ഇന്നതു ചെയ്യരുത്, ഇന്നതേ ചെയ്യാവൂ എന്നൊക്കെയുള്ള പരിമിതികളിലാണു ജനനം മുതല്‍ മരണം വരെ നമ്മുടെ സ്ത്രീസമൂഹം. ഞാന്‍ പരിമിതികളുള്ള വ്യക്തിയാണെന്ന മാനസികാവസ്ഥയിലാണു പെണ്‍കുട്ടികള്‍ വളരുന്നത്. നമ്മുടെ കുടുംബങ്ങളിലെ യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് അടുത്ത കാലത്ത് മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും സ്ത്രീസമൂഹത്തിന് എവിടെയും പരിമിതികളാണ്. നമ്മുടെ വ്യവസ്ഥിതിയുടെ പരിമിതിയാണു വേലിക്കെട്ടുകള്‍. ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടാനും ആഗ്രഹിക്കുന്ന തലത്തില്‍ എത്തിപ്പെടാനും സ്ത്രീ ഉയരങ്ങള്‍ ചാടിക്കടക്കണം. അതിന് ഇച്ഛാശക്തിയുണ്ടാകണം, പ്രാപ്തിയുണ്ടാകണം, മനോധൈര്യമുണ്ടാകണം. ലക്ഷ്യബോധവും കഠിനാധ്വാനവും ശുഭാപ്തിവിശ്വാസവും കൈമുതലാക്കിയാല്‍ പ്രതിസന്ധികളെ അതിജീവിച്ചു വിജയിക്കാനാവും- ദിവ്യ പറയുന്നു.

സ്ത്രീ ചെയ്യരുതാത്ത ജോലിയില്ല

സ്ത്രീകള്‍ക്കു മാത്രമായി ഒരു തൊഴില്‍മേഖലയും സംവരണം ചെയ്യപ്പെട്ടിട്ടില്ല. സ്ത്രീ ചെയ്യരുതാത്ത ജോലിയുമില്ല. ജോലികളിലും പദവികളിലും ആണ്‍ പെണ്‍ സംവരണം ഉണ്ടെന്നു കാലങ്ങളായി നമ്മുടെ സമൂഹം ധരിച്ചുപോയതുകൊണ്ടാണു കാലങ്ങളായി പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന ജോലികളിലൊക്കെ സ്ത്രീകളുടെ സാന്നിധ്യം കാണുമ്പോള്‍ ചിലരൊക്കെ അതിശയിക്കുന്നതും മൂക്കത്തു വിരല്‍വയ്ക്കുന്നതും. മനസുവച്ചാല്‍ ഏതു ജോലി ചെയ്യാനും സ്ത്രീകള്‍ക്കു പ്രാപ്തിയും സിദ്ധിയുമുണ്ട്. ഞാന്‍ എന്തു ചെയ്യണം, എന്തു ചെയ്യരുത്, ഞാന്‍ ആരാവണം, ഞാന്‍ എന്താവരുത്, ഞാന്‍ എവിടെ പോകണം, എവിടെ പോകരുത് എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുള്ളതാണ്. സത്യം, ധാര്‍മികത, ആത്മാര്‍ഥത എന്നിവയില്‍ അധിഷ്ഠിതമാണ് എന്റെ പ്രവൃത്തിയും ബോധ്യവും ചിന്തയും ആഗ്രഹവുമെങ്കില്‍ ഒരു നിമിഷം മടിച്ചു നിന്നുകൂടാ. ആരു വിമര്‍ശിച്ചാലും എതിര്‍ത്താലും നമ്മുടെതായിരുന്നു ശരി എന്നു കാലം വിളിച്ചുപറയും.

കേരളത്തില്‍ കുടുംബശ്രീ കൂട്ടായ്മയ്ക്ക് ഇത്രയേറെ വലിയ സാമൂഹികവിപ്ലവം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലേ. ഇതില്‍പരം ഉദാഹരണം വേറെയുണ്ടോ. കേവലം ഒരു പതിറ്റാണ്ടിനുള്ളില്‍ അടുക്കളയില്‍ നിന്നു സ്ത്രീകള്‍ സാമൂഹിക വികസനത്തിന്റെ ചാലകശക്തികളായി മാറുന്നതു നാം കണ്ടു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി സ്ത്രീ സമൂഹം ആര്‍ജിക്കണം. പഠനം, ജോലി, വരുമാനം, ജീവിതം എന്നിവയിലെല്ലാം സ്ത്രീക്കു സ്വയംപര്യാപ്തതയുണ്ടാകണം. അങ്ങനെയൊരു ജീവിതക്രമം സംജാതമാകുമ്പോള്‍ സ്ത്രീ വേലിക്കെട്ടുകളില്‍നിന്നു വിമോചിതയാകും. എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുള്ളതാണ്. അത് അടിച്ചേല്‍പ്പിക്കേണ്ടതോ കല്‍പിച്ചുനല്‍കേണ്ടതോ അല്ല. ഈ ബോധ്യങ്ങളാണ് എന്നെ എന്നും നയിക്കുന്നത്. മനസ് നല്ലതെങ്കില്‍ പ്രവൃത്തിയും നന്നാകുമെന്നാണ് ദിവ്യയുടെ പക്ഷം.

d1
രണ്ടാം ക്ലാസില്‍ മൊട്ടിട്ട ഐഎഎസ് മോഹം

സ്കൂള്‍ തലംമുതല്‍ സംസ്ഥാനതലം വരെ കലോത്സവവേദികളില്‍ തിളങ്ങിനിന്ന കാലങ്ങളിലും പഠനത്തില്‍ ഒരിക്കല്‍ പോലും പിന്നിലാകാതെയായിരുന്നു ദിവ്യ എസ് അയ്യരുടെ വിസ്മയ നേട്ടങ്ങള്‍. എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ മൂന്നാം റാങ്കോടെ വിജയിച്ച ദിവ്യ ലക്ഷ്യം വച്ചതെല്ലാം സഫലമാക്കിയെന്നു പറയാം. ഐഎഎസിലേക്കുള്ള മോഹം ദിവ്യയ്ക്ക് രണ്ടാം ക്ലാസില്‍ മൊട്ടിട്ടതാണ്. യുവജനോത്സവത്തിലും കലാപരിപാടികളിലും പതിവായി സമ്മാനം നല്‍കുന്നത് ഐഎഎസ് ഉദ്യോഗസ്ഥരായിരിക്കും. അക്കാലത്ത് അവരെ കണ്ടും കേട്ടും തുടങ്ങിയതാണ് ഐഎഎസ് മോഹം. ഏഴാം ക്ലാസില്‍ പഠിച്ചിരുന്നപ്പോഴാണ് ഡോക്ടര്‍ മോഹം തോന്നിത്തുടങ്ങിയത്. വെല്ലൂരില്‍ ന്യൂറോ സര്‍ജറിയില്‍ സ്‌പെഷലൈസ് ചെയ്തുകൊണ്ടിരിക്കെ അവധിയെടുത്താണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നത്. ആദ്യപരിശ്രമത്തില്‍ 139-ാം റാങ്ക് കിട്ടിയെങ്കിലും അതുകൊണ്ടു തൃപ്തിയടയാന്‍ ദിവ്യ തയാറായില്ല. രണ്ടാമതും ശ്രമിച്ചു. അങ്ങനെ 48-ാം റാങ്കിലെത്തി. എക്കാലവും പുതിയ കാര്യങ്ങള്‍ പഠിക്കാനും അറിയാനുമുള്ള മനസാണ് നേട്ടങ്ങള്‍ക്കു പിന്നിലെന്ന് ദിവ്യ പറയും.

എംബിബിഎസിന് ചേര്‍ന്നപ്പോഴായിരുന്നു പെയിന്റിംഗില്‍ കൂടുതല്‍ ശ്രദ്ധിച്ചതും ഒഡീസി പഠിച്ചതുമെല്ലാം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ ദേശീയനിരയില്‍ പിന്നിലായിപ്പോകുന്നു എന്ന പരിഭവത്തിന് പരിഹാരം കാണാന്‍ ദിവ്യ ഒരു പുസ്തകമെഴുതി. സിവില്‍ സര്‍വീസ് പരീക്ഷാര്‍ഥികള്‍ക്കുള്ള അവശ്യ കൈപ്പുസ്തകമായ ‘പാത്ത് ഫൈന്‍ഡര്‍’. ഇതുകൂടാതെ ദ ബെയ്ന്‍ ഓഫ് പാര്‍ട്ടി ഡ്രഗ്‌സ്, ദി ഇന്ത്യന്‍ വുമന്‍, അപ്ലൈഡ് ഡിപ്ലോമസി പുസ്തകങ്ങളും പുറത്തിറക്കി. ഐഎഎസ് ഉദ്യോഗത്തിരക്കിനിടയിലും ദിവ്യ എഴുത്തിനും സംഗീതത്തിനും നൃത്തത്തിനും സമയം കണ്ടെത്തുന്നു.

ഇപ്പോഴത്തെ പല വീടുകളിലും പെണ്‍കുട്ടികള്‍ മാത്രമെയുള്ളു എന്നതു പലരും പരിഭവത്തോടെ പറഞ്ഞു കേള്‍ക്കാറുണ്ട്. രണ്ടു പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബത്തിലെ ഇളയവളായ ദിവ്യയ്ക്ക് അങ്ങനെയൊരു പക്ഷമില്ല.

എന്റെ വീട്ടില്‍ ചേച്ചിക്കുശേഷം ഇളയ ഒരു ആണ്‍കുട്ടിയുണ്ടാകണം എന്നേറെപ്പേരും ഏറെ ആഗ്രഹിച്ചു പ്രാര്‍ഥിച്ചിരുന്നു. എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും കുടുംബങ്ങളില്‍ ഏറെയും പെണ്‍മക്കളാണ്. അതിനാല്‍ ഒരു ആണ്‍കുഞ്ഞുണ്ടാകാന്‍ അമ്മയും അമ്മൂമ്മയുമൊക്കെ കൊതിച്ചിരുന്നു. അതേസമയം തനിക്കൊരു മകള്‍കൂടി ഉണ്ടാകണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാന്‍ അമ്മയുടെ ഉദരത്തിലായിരിക്കെ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന് അച്ഛന്‍ എല്ലാവരോടും പറഞ്ഞിരുന്നു. അങ്ങനെ സംഭവിക്കുകയും ചെയ്തു. രണ്ടു പെണ്‍മക്കളുണ്ടായതിന്റെ പേരില്‍ അച്ഛനും അമ്മയും ഒരിക്കലും സങ്കടപ്പെട്ടുകണ്ടിട്ടില്ല. ഞങ്ങള്‍ പഠനത്തിനും ജോലിക്കുമായി വീടുവീട്ടുപോയതിനുശേഷവും ഒരു മകള്‍കൂടി ഉണ്ടാരുന്നെങ്കില്‍ എന്ന് അച്ഛന്‍ ആഗ്രഹം പറയാറുണ്ട്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ബാല്യം മുതല്‍ അച്ഛനും അമ്മയും ഏറെ പ്രോത്സാഹനം തന്നിട്ടുണ്ട്. കലാപരമായ മേഖലകളില്‍ അമ്മയാണ് കൂടുതല്‍ പ്രോത്സാഹനം തന്നത്. ഓഫീസില്‍ നിന്ന് അവധിയെടുത്തു മത്സരവേദികളില്‍ എന്നെ കൊണ്ടുപോകാനും എന്റെ അഭിരുചികള്‍ വളര്‍ത്താനും അമ്മ ഒരുപാടു താല്‍പര്യം കാണിച്ചിട്ടുണ്ട്.

സ്ത്രീ ആയി ജനിച്ചതില്‍ അഭിമാനം

എംബിബിഎസിനെക്കാളും ഐഎഎസിനെക്കാളും താന്‍ ഏറെ അഭിമാനിക്കുന്നത് സ്ത്രീ ആയി ജനിച്ചതിലാണെന്നു പറയുന്ന മനസാണ് ദിവ്യയുടേത്. സ്ത്രീയായതുകൊണ്ട് മാത്രമാണ് തന്റെ ചിന്തകളും പ്രവൃത്തികളുമെല്ലാം കളര്‍ഫുള്‍ ആയിരിക്കുന്നതെന്നാണു ദിവ്യയുടെ പക്ഷം. എല്ലാ കാര്യത്തിലും എനിക്ക് ക്യൂരിയോസിറ്റി നിറഞ്ഞുനില്‍ക്കുകയാണ്. പുതിയ പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനും വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് എഴുത്തിലേക്കും തിരിഞ്ഞത്.

സമൂഹം വിലയൊരു മാറ്റത്തിന്റെ പാതയിലാണ്. മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീ സ്വതന്ത്രയാണ്, വേലിക്കെട്ടുകള്‍ക്കുള്ളില്‍ കഴിയുന്ന അടിമയാണെന്ന ചിന്ത മാറുകയാണ്. ആ മാറ്റത്തിന് വേഗം വന്നുകൊണ്ടിരിക്കുന്നു. ലിംഗസമത്വം എന്ന വീക്ഷണം കൂടുതല്‍ ശക്തിപ്പെടുന്നു. സ്ത്രീ സ്വന്തം കാലില്‍ നില്‍ക്കണം എന്നതു മാത്രമല്ല സ്ത്രീ പുരുഷനൊപ്പം നിലകൊള്ളണം എന്നതാണ് ഇന്നിന്റെ വീക്ഷണം.

ആഗ്രഹിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്ത മേഖലകളിലൊക്കെ എനിക്ക് ദൈവാനുഗ്രഹത്താല്‍ എത്തിപ്പെടാനായി. സിവില്‍ സര്‍വീസ് വലിയൊരു സേവന മേഖലയായി ഞാന്‍ കാണുന്നു. അസിസ്റ്റന്റ് കളക്ടറെന്ന നിലയില്‍ കോട്ടയത്തു വന്നതിനുശേഷം ഓരോ ദിവസവും എനിക്കു പുതുമകളുടേതാണ്. ഓരോ ദിവസവും പുതിയ അനുഭവങ്ങള്‍, സാഹചര്യങ്ങള്‍.

ജനങ്ങളെ അടുത്തു കാണുക, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക, പറ്റുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുക എന്നിങ്ങനെ മനസു നിറയുകയും സന്തോഷം സമ്മാനിക്കുകയും ചെയ്യുന്ന അനുഭവമാണ് എനിക്കുണ്ടാകുന്നത്. വൈകല്യവും ഭിന്നശേഷയുമുള്ളവര്‍, രോഗികള്‍, വേദനിക്കുന്നവര്‍, ദുരിതപ്പെടുന്നവര്‍ തുടങ്ങി ഒരുപാടു പേര്‍ക്ക് സഹായം ചെയ്യാന്‍ പറ്റുന്നത് ഏറെ ആത്മസംതൃപ്തി നല്‍കുന്ന നിമിഷങ്ങളാണ്. എന്റെ ചെറിയ സഹായമോ കൈയൊപ്പോ ഒരു കുടുംബത്തിന് രക്ഷയായി മാറുന്നു എന്നതു ചെറിയ കാര്യമല്ലല്ലോ.

രാഷ്ട്രീയക്കാരെ ജോലിയെ തടസപ്പെടുത്തുകയോ അനാവശ്യമായി ഇടപെടുകയോ ചെയ്യുന്ന സമൂഹമായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ പലപ്പോഴും കണ്ടിട്ടുള്ള മനോഭാവമല്ല കേരളത്തിലെ ഏറെ രാഷ്ട്രീയക്കാരിലും കാണാനായിട്ടുള്ളത്. സാമൂഹിക പ്രതിബന്ധതയുള്ളവരും ആത്മാര്‍ഥതയുള്ളവും സമര്‍പ്പിതമായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഒട്ടേറെ പൊതുപ്രവര്‍ത്തകരെ എനിക്കു കാണാന്‍ സാധിച്ചിട്ടുണ്ട്. അങ്ങേയറ്റം സഹകരണവും ആത്മാര്‍ഥതയുമാണ് എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളത്. എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലും ജനകീയ പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാരെ എനിക്കു കാണാനാകും.

കുടുംബവിശേഷങ്ങള്‍

ഐഎസ്ആര്‍ഒയില്‍ നിന്നു വിരമിച്ച തിരുവനന്തപുരം സ്വദേശി ശേഷ അയ്യരുടെയും എസ്ബിടി ഉദ്യോഗസ്ഥ ഭഗവതി അമ്മാളിന്റെയും മകളാണു ദിവ്യ. ചേച്ചി നിത്യ ബംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥയാണ്. എല്ലാ വളര്‍ച്ചയ്ക്കും പിന്നില്‍ കുടുംബത്തിന്റെയും ഈശ്വരന്റെയും കൃപ.

റെജി ജോസഫ്
ഫോട്ടോ: സനല്‍ വേളൂര്‍

Related posts