സോണിയ ഭാനു
മുംബൈ: ഓഹരിസൂചിക ഒരിക്കല്‍ക്കൂടി മികവു കാണിച്ചത് നിക്ഷേപകരെ മുന്‍നിര ഓഹരികളിലേക്ക് അടുപ്പിച്ചു. എന്നാല്‍, വിദേശത്തുനിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ ഈ വാരം ഇന്ത്യന്‍ വിപണിയെ പിടിച്ചുലയ്ക്കാം. സെന്‍സെക്സ് 265 പോയിന്റും നിഫ്റ്റി 57 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചനകളും സാമ്പത്തികമേഖലയിലെ മറ്റു കണക്കുകളും അമേരിക്കന്‍ മാര്‍ക്കറ്റിനെ വാരാന്ത്യം വില്പന സമ്മര്‍ദത്തിലാക്കി. ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 400 പോയിന്റ് ഇടിഞ്ഞത് നാസ്ഡാക്, എസ് ആന്‍ഡ് പി ഇന്‍ഡക്സുകളെ പിരിമുറുക്കത്തിലാക്കി. അടുത്ത വാരത്തിലെ യോഗത്തില്‍ ഫെഡ് റിസര്‍വ് പലിശയില്‍ ഭേദഗതി വരുത്തുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റര്‍മാര്‍.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അമേരിക്ക പലിശ ഉയര്‍ത്താനിടയില്ല. അമേരിക്ക ലോകനരാജ്യങ്ങള്ക്ക് താഴ്ന്ന പലിശനിരക്കില്‍ വന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഈ തുകയുടെ പലിശ ഉയര്‍ന്നാല്‍ വായ്പയെടുത്ത രാജ്യങ്ങള്‍ കൂടിയ പലിശ ഒഴിവാക്കാന്‍ അത് തിരിച്ചുനല്‍ക്കാന്‍ നീക്കം നടത്താം. അത്തരം ഒരു സാഹചര്യം അമേരിക്കയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് ഡിസ്മല്‍ കാര്‍ഷികേതര പേറോളിന് ഡാറ്റാ നിക്ഷേപകരെ നിരാശപ്പെടുത്തി. അടുത്ത യോഗത്തില്‍ പലിശ ഉയര്‍ത്തുന്നതില്‍നിന്ന് ഫെഡിനെ ഈ ഡാറ്റാ പിന്തിരിപ്പിക്കാം. എന്നാല്‍, ഇതിനിടെ ഫോറെക്സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളര്‍ പ്രമുഖ കറന്‍സികള്‍ക്കു മുന്നില്‍ കരുത്തു നേടിയത് സ്വര്‍ണത്തിന്റെ തിളക്കം കുറച്ചു.
യൂറോപ്യന്‍ കേന്ദ്ര ബാങ്ക് കടപ്പത്രം ശേഖരിക്കുന്ന പദ്ധതി തുടരാനുള്ള സാധ്യതകള്‍ യൂറോപ്യന്‍ ഓഹരി ഇന്‍ഡക്സുകളുടെ കരുത്തു ചോര്‍ത്തി. ജൂലൈയില്‍ ജര്‍മനിയുടെ കയറ്റുമതിക്കു നേരിട്ട തളര്‍ച്ചയും നിക്ഷേപ മേഖലയില്‍ ആശങ്ക പരത്തി. ജര്‍മര്‍ സാമ്പത്തികമേഖലയെ സംബന്ധിച്ചിടത്തോളം കയറ്റുമതി 2.6 ശതമാനം ഇടിഞ്ഞത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാം. ജര്‍മന്‍ നിര്‍മാണ മേഖലയിലെ തളര്‍ച്ചയെയാണ് കയറ്റുമതി കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഷ്യന്‍ ഓഹരി വിപണികള്‍ക്കും തളര്‍ച്ച സംഭവിച്ചു. വന്‍ ബാധ്യതകളില്‍നിന്ന് വിദേശ ഓപ്പറേറ്റര്‍മാര്‍ അകന്നത് ജപ്പാന്, കൊറിയ, ചൈനീസ് മാര്‍ക്കറ്റുകളെ തളര്‍ത്തി. വടക്കന്‍ കൊറിയ നടത്തിയ ആണവപരീക്ഷണം നിക്ഷേപമേഖലയില്‍ ഭീതി പടര്‍ത്തി.
ബോംബെ സെന്‍സെക്സ് 28,438നിന്ന് 17 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചായ 29,067 വരെ കയറിയെങ്കിലും മുന്‍വാരം സൂചിപ്പിച്ച 29,152ലെ പ്രതിരോധമേഖല വരെ സഞ്ചരിക്കാനായില്ല. വാരാന്ത്യം സൂചിക 28,797ലാണ്. ഈ വാരം 29,105ല്‍ തടസം നേരിടാം. ഈ റേഞ്ചിലേക്കു നീങ്ങാനുള്ള കരുത്തു കണെ്ടത്താനായില്ലെങ്കില് 28,459-28,122 പോയിന്റിലേക്ക് സാങ്കേതിക പരീക്ഷണം നടത്താം. അതേസമയം ആദ്യതടസം മറികടക്കാന്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ നീക്കം നടന്നാല്‍ ലക്ഷ്യം 29,414-29,751ലേക്കാവും. സെന്‍സെക്സിന്റെ മറ്റ് സാങ്കേതിക നീക്കങ്ങള്‍ വിലയിരുത്തിയാല്‍ പാരാബോളിക് എസ്എആര്‍, എംഎസിഡി, ആര്‍എസ്ഐ -14 എന്നിവ ബുള്ളിഷ് ട്രന്‍ഡിലാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ഓവര്‍ ബോട്ട് പൊസിഷനിലേക്കു നീങ്ങിയത് തിരുത്തലിനുള്ള സാധ്യതകള്‍ക്ക് ശക്തിപകരുന്നു.
നിഫ്റ്റി സൂചിക 8,859-8,969 റേഞ്ചില്‍ പിന്നിട്ട വാരം കയറിയിറങ്ങിയ ശേഷം ക്ലോസിംഗില്‍ 8,866ലാണ്. ഈ വാരം 8,937ലെ തടസം മറികടക്കാനുള്ള കരുത്തു കണെ്ടത്തിയാല്‍ സൂചിക 9008ലേക്കും അവിടെനിന്ന് 9,047ലേക്കും കയറാം. എന്നാല്‍, വില്പന സമ്മര്‍ദത്തിലേക്കു വിപണി വഴുതിയാല്‍ 8,827ല്‍ പിടിച്ചുനില്ക്കാന് ആദ്യശ്രമം നടത്താം. ഈ നീക്കം വിജയിച്ചില്ലെങ്കില്‍ നിഫ്റ്റി 8,788-8,757 വരെ താഴാം.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ട വാരം 2,088.95 കോടി രൂപ നിക്ഷേപിച്ചു. വിദേശനാണ്യപ്രവാഹം ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയ്ക്ക് ശക്തി പകര്‍ന്നു. ഡോളറിനു മുന്നില്‍ രൂപയുടെ വിനിമയമൂല്യം 66.68ലാണ്.ക്രൂഡ് ഓയില്‍ ബാരലിന് 45.71 ഡോളര്‍. പ്രതികൂല കാലാവസ്ഥ മൂലം അമേരിക്കന്‍ എണ്ണക്കിണറുകളിലെ ഉത്പാദനം ചുരുങ്ങി. ഇത് ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ക്രൂഡ് വില ഉയര്‍ത്താം. സാഹചര്യം ഒത്തുവന്നാല്‍ വര്‍ഷാന്ത്യതോടെ ക്രൂഡ് മാര്‍ക്കറ്റ് 54-65 ഡോളറിലേക്ക് ഉയരാം.
സ്വര്‍ണം വാരാന്ത്യം ട്രോയ് ഔണ്‍സിന് 1,328 ഡോളറിലാണ്. 1,375-1,380 ഡോളറില്‍ രണ്ടു തവണ പരീക്ഷണം നടത്തിയെങ്കിലും പ്രതിരോധം തകര്‍ക്കാനുള്ള കരുത്തു ലഭിച്ചില്ല. ഡിസംബറില്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ വരുത്തിയ മാറ്റത്തിന്റെ ചുവടു പിടിച്ച് മുന്നേറിയ സ്വര്‍ണം ഈ വര്‍ഷം ഇതിനകം 26 ശതമാനം ഉയര്‍ന്നു. പിന്നിട്ട ഒരു വര്‍ഷത്തിനിടെ സ്വര്‍ണവില ഔണ്‍സിന് 217 ഡോളര്‍ വര്‍ധിച്ചു.