ലക്‌നോ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിറങ്ങളുടെ ഉത്സവം ആഘോഷിച്ചപ്പോള്‍ നഷ്ടത്തിലായത് ഇന്ത്യന്‍ നിര്‍മാതാക്കളാണ്. ഹോളി ആഘോഷിക്കാനുള്ള നിറങ്ങളും ബലൂണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വിറ്റഴിക്കപ്പെട്ടത് ചൈനയില്‍നിന്നുള്ളവയാണ്. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളേക്കാള്‍ 55 ശതമാനത്തോളം വിലക്കുറവില്‍ ചൈനയില്‍നിന്നുള്ള ഹോളി ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടു.
ഇന്ത്യന്‍ കമ്പനികള്‍ പുറത്തിറക്കിയ ഉത്പന്നങ്ങളില്‍ 75 ശതമാനവും വില്ക്കാനാവാതെ കെട്ടിക്കിടന്നു. ഇന്ത്യയിലെ 250 നിര്‍മാതാക്കളില്‍നിന്നും വിതരണക്കാരില്‍നിന്നുമുള്ള കണക്കാണിത്. ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍നിന്നുള്ളവയേക്കാളും പകുതിയില്‍ താഴെ വിലയുള്ളതിനാല്‍ ആളുകള്‍ അവയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എന്നാല്‍, ചൈനയില്‍നിന്നുള്ള നിറങ്ങളില്‍ അപകടകരമാം വിധം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണെ്ടന്നാണ് വിദഗ്ധാഭിപ്രായം. ചര്‍മത്തിനും കണ്ണുകള്‍ക്കും അസ്വസ്ഥതകളുണ്ടാക്കാന്‍ കഴിയുന്നവയാണ് ചൈനീസ് നിറങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍.
എന്നാല്‍, ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്ന നിറങ്ങളില്‍ യാതൊരുവിധത്തിലുമുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഇതാണ് വില കൂടാന്‍ കാരണം.അസോചത്തിന്റെ കണക്കുകള്‍ പ്രകാരം ഹോളി ആഘോഷത്തിനായി 5,000 യൂണിറ്റുകള്‍ നിര്‍മിച്ച അഞ്ചു ലക്ഷം കിലോഗ്രാം ചായങ്ങള്‍ ഈ വര്‍ഷം ഉപയോഗിച്ചു. ഉത്തര്‍ പ്രദേശില്‍ രണ്ടു ലക്ഷം കിലോഗ്രാം ചായമാണ് ഉപയോഗിച്ചത്.