ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രമുഖ വനിതാ ബാങ്കര്‍മാരായ അരുന്ധതി ഭട്ടാചാര്യ, ഛന്ദാ കോച്ചാര്‍, ശിഖ ശര്‍മ എന്നിവര്‍ ശക്തരായ ലോക വനിതകളുടെ പട്ടികയില്‍. ഫോര്‍ച്യൂണ്‍ തയാറാക്കിയ അമേരിക്കയ്ക്കു പുറത്തുള്ള ശക്തരായ 50 വനിതകളുടെ പട്ടികയിലാണ് ഇവര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മേധാവിയാണ് അരുന്ധതി ഭട്ടാചാര്യ. ഛന്ദാ കോച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒയും ശിഖ ശര്‍മ ആക്‌സിസ് ബാങ്കിന്റെ സിഇഒയുമാണ്.
സ്പാനിഷ് ബാങ്കിംഗ് ഗ്രൂപ്പായ ബാന്‍കോ സന്റാന്‍ഡറിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ അന ബോട്ടിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. യൂറോ സോണില്‍ ഓഹരി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാങ്കാണ് ബാന്‍കോ സന്റാന്‍ഡര്‍. അരുന്ധതി ഭട്ടാചാര്യ രണ്ടാം സ്ഥാനത്തും ഛന്ദാ കോച്ചാര്‍ അഞ്ചാം സ്ഥാനത്തുമാണ്. 19-ാം സ്ഥാനത്താണ് ശിഖ ശര്‍മ.
ഫോര്‍ച്യൂണിന്റെ 2016 പട്ടികയില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള വനിതകള്‍ ഇടംപിടിച്ചിട്ടുണ്ട്. എസ്ബിഐയുടെ മേധാവിയായി ചുമതലയേറ്റതു മുതല്‍ അരുന്ധതിയുടെ സ്ഥാനം ഉയര്‍ന്നെന്ന് ഫോര്‍ച്യൂണ്‍ വിലയിരുത്തി. ആറ് അസോസ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നത് അധിക നേട്ടമായി. ലയനം പൂര്‍ത്തിയായാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായി എസ്ബിഐ മാറും. അടുത്ത മാസം കാലാവധി പൂര്‍ത്തിയാകുമെങ്കിലും സര്‍ക്കാര്‍ കാലാവധി നീട്ടി നല്കാനുള്ള സാധ്യതയും അരുന്ധതിക്കു നേട്ടമായി.
കിട്ടാക്കടം ബാങ്കിനെ ഉലച്ചപ്പോള്‍ സ്വീകരിച്ച നടപടികളും ഐസിഐസിഐ ബാങ്കിലെ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതും ബാങ്കിന്റെ ഡിജിറ്റല്‍ വളര്‍ച്ചയും ഛന്ദാ കോച്ചാറിന്റെ മികവായി ഫോര്‍ച്യൂണ്‍ വിലയിരുത്തി.
രാജ്യത്തെ അതിവേഗം വളരുന്ന സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്കിനെ മികവിലേക്കുയര്‍ത്തിയത് ശിഖ ശര്‍മയാണ്. വരുമാനം 15 ശതമാനം വര്‍ധിച്ചു. ബ്രാഞ്ചുകളുടെ എണ്ണം 3000 ആയി. എങ്കിലും കിട്ടാക്കടങ്ങളുടെ ആധിക്യം മൂലം 2016-17 ധനകാര്യവര്‍ഷത്തെ ആദ്യ പാദം അത്ര മികച്ചതായിരുന്നില്ല ആക്‌സിസിന്. കിട്ടാക്കട ഉറവിടങ്ങളുടെ പട്ടിക പുറത്തുവിടുകയും ചെയ്തു.
കഴിഞ്ഞ വാരം ഫോര്‍ച്യൂണ്‍ പുറത്തുവിട്ട അമേരിക്കയിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ പെപ്‌സികോ സിഇഒ ഇന്ദ്ര നൂയി ഇടംപിടിച്ചിരുന്നു. ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ബാറ ഒന്നാമതായിരുന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു നൂയി.