വിളവുണ്ട്, വിലയില്ല; ജാതി കര്‍ഷകര്‍ക്ക് ആരു തുണ?

jathiസിജോ പൈനാടത്ത്

കൊച്ചി: റബറിന്റെ വില ഏറെക്കാലത്തിനു ശേഷം മെച്ചപ്പെട്ട നിലയിലേക്കുയരുമ്പോഴും ജാതി കര്‍ഷകരുടെ സങ്കടദിനങ്ങള്‍ തീരുന്നില്ല. ജാതിക്കായുടെ വിലയില്‍ മാസങ്ങളായുള്ള ഇടിവു തുടരുന്നതാണു കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. സീസണ്‍ ആരംഭിച്ചതോടെ വിളവു സമൃദ്ധമാണെങ്കിലും ന്യായവില ലഭിക്കാത്തതു കര്‍ഷകര്‍ക്കു തിരിച്ചടിയായി.

2014ല്‍ ഉണ്ടായിരുന്നതിന്റെ പകുതി വിലയിലാണ് ഇപ്പോള്‍ ജാതിക്കാ പരിപ്പും ഫ്‌ളവറും വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 800-900 രൂപയുണ്ടായിരുന്ന പരിപ്പിന് വില 350-400ലെത്തി. തൊണേ്ടാടു കൂടിയതിന്റെ വില ഇരുന്നൂറിലേക്കു താഴ്ന്നു. ഒരു വര്‍ഷം മുമ്പ് 1,500-1,900 രൂപയുണ്ടായിരുന്ന മഞ്ഞ ഫ്‌ളവറിന്റെ ഇപ്പോഴത്തെ വില 900-950 ആണ്. മഞ്ഞ ഫ്‌ളവറിന്റെ വില ആയിരത്തിനു താഴേക്കെത്തുന്നതു കര്‍ഷകര്‍ക്കു നഷ്ടമായാണു കണക്കാക്കപ്പെടുന്നത്. ചുവന്ന ഫ്‌ളവര്‍ കിലോയ്ക്ക് ഇപ്പോള്‍ 850-900 ആണ് വില. നേരത്തെ 1,500 രൂപ വരെ ചുവന്ന ഫ്‌ളവറിനു കര്‍ഷകര്‍ക്കു കിട്ടിയിട്ടുണ്ട്. പത്രിയുടെ വില 550-600 രൂപയിലേക്കു താഴ്ന്നു.

കേരളത്തില്‍നിന്നുള്ള ജാതിപ്പരിപ്പിനും ഫ്‌ളവറിനും ഉത്തരേന്ത്യയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണു വിലയിടിവിനു കാരണമായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി, ഗുജറാത്ത്, കോല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കു പ്രതിദിനം ആയിരത്തിലേറെ ചാക്ക് ജാതിപ്പരിപ്പും ഫ്‌ളവറുമെല്ലാം കയറ്റിപ്പോയിരുന്നിടത്ത് ഇപ്പോള്‍ 50 മുതല്‍ 100 ചാക്ക് വരെയായിട്ടുണ്ട്. ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളില്‍നിന്നു വലിയ തോതിലുള്ള ഇറക്കുമതിയും വിലയിടിവിനു കാരണമാകുന്നുണ്ട്.

കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങള്‍ കഴിഞ്ഞ രണ്ടു സീസണുകളിലും വിളവു കുറച്ചപ്പോള്‍ ഇക്കുറി ജാതിത്തോട്ടങ്ങളില്‍ സ്ഥിതി അനുകൂലമാണ്. മികച്ച വിളവു ലഭിക്കുമ്പോഴും വില കുറഞ്ഞതിനാല്‍ തോട്ടങ്ങളിലെത്തി ജാതിക്കാ മൊത്തമായി വാങ്ങിയിരുന്നവര്‍ ഇക്കുറി അല്പം പിന്നോട്ടു വലിഞ്ഞിട്ടുണ്ട്.

ജാതിക്കായുടെ സംസ്ഥാനത്തെ പ്രമുഖ വിപണിയായ കാലടിയില്‍ കച്ചവടം 50 ശതമാനത്തിലേറെ താഴ്ന്നു. ഈ മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങളും ജാതിക്കായില്‍നിന്നുള്ള വരുമാനത്തിലാണു ജീവിതം പുലര്‍ത്തുന്നത്. കാലടി-അങ്കമാലി മേഖലയിലെ അഞ്ഞൂറോളം ചെറുകിട കച്ചവടക്കാര്‍ ഇപ്പോള്‍ ചരക്ക് എടുക്കുന്നതും കുറച്ചിട്ടുണ്ട്. മൊത്തക്കച്ചവടക്കാര്‍ ചരക്കെടുക്കാന്‍ മടികാട്ടുന്നതാണു ചെറുകിടക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

മഴക്കാലമായാല്‍ വിലയിടിവ് ഇനിയും രൂക്ഷമാകുമെന്ന കണക്കുകൂട്ടലില്‍ വലിയ തോതില്‍ ജാതിക്കായും ഫ്‌ളവറും സ്റ്റോക്കു ചെയ്യുന്നതിനും കച്ചവടക്കാര്‍ മടിക്കുന്നുണ്ട്.ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനു ജാതിക്കായ്ക്കു തറവില പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യമാണു കര്‍ഷകരും ചെറുകിട വ്യാപാരികളും ഉയര്‍ത്തുന്നത്.

Related posts