ഓയൂര്‍: വെളിയം മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കിണറുകള്‍ വറ്റിയതോടെ നാട്ടുകാര്‍ പഞ്ചായത്ത് ജലസ്രോതസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതും ഇപ്പോള്‍ മുടങ്ങി.കുടുവട്ടൂര്‍, വാപ്പാല വട്ടമണ്‍തറ മുട്ടറ ,മണികണ്‌ഡേശ്വരം, കളപ്പില പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം.
ഈ മേഖലയില്‍ കെ.ഐപി കനാല്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കുടുവട്ടൂര്‍ അയണിക്കോട് കോളനി നിവാസികളാണ്. 400ല്‍ ഏറെ പട്ടികജാതി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മേഖലയിലെ കുഴല്‍ക്കിണറുകളുടെ ജലം ഇല്ലാതായിട്ട് നാളുകളേറെയായി. ഇപ്പോള്‍ തോടുകളില്‍ നിന്നും ഒഴുകി വരുന്ന മലിന ജലം ശേഖരിച്ച് ചൂടാക്കി കുടിക്കുന്നവരും ധാരാളം ഉണ്ടിവിടെ.
ഈ രീതി തുടര്‍ന്നാല്‍ കോളനി നിവാസികള്‍ പകര്‍ച്ചവ്യാധി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകള്‍ ഏറെയാണ്. പ്രദേശത്ത് പതിനഞ്ചോളം പൊതു കിണറുകളും നിരവധി ചിറകളുമുണ്ട്. എന്നാല്‍ ഇവ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമാണ്. നവീകരണത്തിനനുവദിച്ച ലക്ഷക്കണക്കിന് രൂപ പഞ്ചായത്ത് പാഴാക്കിക്കളയുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.