സ്റ്റാര്‍ട്ടപ് വില്ലേജ്; രണ്ടാംഘട്ടം മുഖ്യമന്ത്രി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും

bis-startupതിരുവനന്തപുരം: എസ്‌വി.കോ (SV.CO) എന്ന പേരില്‍ ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായി മാറി ഇന്ത്യയിലാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് രണ്ടാംഘട്ടം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യം.ഇന്ത്യയിലെ 3,500 എന്‍ജിനിയറിംഗ് കോളജുകളിലെ 50 ലക്ഷം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സ്റ്റാര്‍ട്ട് ഇന്‍ കോളജ് (#StartInCollege) എന്ന പേരില്‍ നടത്തുന്ന പരിശീലന, പ്രചാരണപരിപാടിക്കും ഇതോടൊപ്പം മുഖ്യമന്ത്രി തുടക്കമിടും. ഒരു മാസത്തേക്കു സൗജന്യമായി നല്‍കുന്ന ഈ പരിശീലനത്തിലൂടെയായിരിക്കും എസ്‌വി.കോ-യുടെ പ്രയോജനം വിദ്യാര്‍ഥികള്‍ക്കു ലഭിക്കുക.

തിരുവനന്തപുരം ഗവ. എന്‍ജിനിയറിംഗ് കോളജില്‍ വൈകുന്നേരം 6.15നു നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഇന്‍ഫോസിസ് സഹസ്ഥാപകനും ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന്‍, ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡ് മേധാവി ഡോ. എച്ച്.കെ. മിത്തല്‍, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ഫ്രെഷ്‌ഡെസ്ക് സ്ഥാപകന്‍ ഗിരീഷ് മാതൃബൂതം, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചെറിയ ഐസക് എന്നിവര്‍ പങ്കെടുക്കും.

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റംസ് ഡയറക്ടര്‍ ആനി മാത്യു, ഫ്‌ളിപ്കാര്‍ട്ട് കോര്‍പറേറ്റ് വികസനവിഭാഗം മേധാവി നിഷാന്ത് വര്‍മന്‍ തുടങ്ങിയവരടക്കം സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ബോര്‍ഡ് അംഗങ്ങളെയും പ്രമുഖ പങ്കാളികളെയും ചടങ്ങില്‍ ആദരിക്കും. രണ്ടാംഘട്ടത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ വിവരിക്കും.

എസ്‌വി.കോ-യുടെ തുടക്കമായ ബീറ്റാഘട്ടം തന്നെ വിദ്യാര്‍ഥികളില്‍ വമ്പിച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു. പ്രവേശനം, പരിശീലനം, മാര്‍ഗദര്‍ശനം എന്നിവയിലൂടെ യോഗ്യത ലഭ്യമാകുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഒരു ഡിജിറ്റല്‍ ഇന്‍കുബേഷന്‍ സംവിധാനത്തിന്റെ പ്രയോജനം രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളില്‍ സംരംഭക സ്വഭാവം വളര്‍ത്തിയെടുക്കുന്നതിന് ഉപയോഗിക്കുക എന്നതിലാണ് എസ്‌വി.കോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവ സിലിക്കണ്‍ വാലിയില്‍ കാമ്പസ് സ്റ്റാര്‍ട്ടപ്പുകളായാണ് തുടങ്ങിയതെന്ന് സഞ്ജയ് വിജയകുമാര്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്തമായതും വിജയസാധ്യതയുള്ളതുമായ ഭാവിമാര്‍ഗം സ്വീകരിച്ച് മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളിലേക്ക് ഇറങ്ങിച്ചെല്ലാനും ഡിജിറ്റല്‍വത്കരണത്തിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ തുടങ്ങാമെന്ന് നൂതനമായ ഈ സംവിധാനത്തിലൂടെ മനസിലാക്കാനുമാകും. www.SV.CO/apply യില്‍ അപേക്ഷ നല്‍കി രാജ്യത്തിന്റെ ഭാവിയില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കാളികളാകാന്‍ കഴിയുമെന്ന് സഞ്ജയ് പറഞ്ഞു.

Related posts