ആ നായയ്ക്ക് വിലയിട്ടത് അഞ്ചുലക്ഷം രൂപ! കള്ളക്കടത്ത് സംഘത്തിന് തലവേദനയായ സോംബാരയെ പൊക്കാന്‍ വാഗ്ദാനം, സോംബാര എന്ന നായയുടെ കഥ ഇങ്ങനെ

മയക്കുമരുന്ന് സംഘങ്ങള്‍ക്കു കുപ്രസിദ്ധമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ. ഇവിടെ കള്ളക്കടത്തുകാര്‍ക്ക് തലവേദനയായ ഒരു നായയുണ്ട്. അവന്റെ കഥയാണ് ഇപ്പോള്‍ ലോകമാധ്യമങ്ങളിലെ വാര്‍ത്ത. തലസ്ഥാനമായ ബൊഗോട്ടയില്‍ ലഹരിമരുന്ന് വിരുദ്ധ പൊലീസ് സ്‌ക്വാഡിലെ നായയാണ് സോംബാര. ലക്ഷക്കണക്കിന് വില വരുന്ന ലഹരിമരുന്നുകള്‍ കണ്ടെടുത്ത സോംബാര കള്ളക്കടത്തുകാരുടെ കണ്ണിലെ കരടാണ്.

നായയുടെ ശല്യം സഹിക്കാതെയാണ് സംഘം അഞ്ചുലക്ഷം രൂപ നായയ്ക്ക് വിലയിട്ടത്. കൊളംബിയയിലെ കുപ്രസിദ്ധ ലഹരിമരുന്ന് ഇടപാട് സംഘമായ ക്ലാന്‍ ഡെല്‍ ഗോള്‍ഫോ ആണ് നിരന്തരമായ തിരിച്ചടികള്‍ക്ക് പിന്നാലെ സോംബാരയെ ലക്ഷ്യമിട്ട് പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. 2016ല്‍ കള്ളക്കടത്ത് സംഘത്തിന്റെ 2.9 ടണ്‍ കൊക്കെയ്‌നാണ് സോംബാര മണത്തുപടിച്ചത്.

പഴങ്ങള്‍ കൂട്ടിയിട്ട കുട്ടകളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു ലഹരിമരുന്ന്. 2017ല്‍ സാന്റാ മാര്‍ട്ടാ നഗരത്തില്‍ പഴങ്ങളുടെ അകത്ത് ഒളിപ്പിച്ച് വച്ച 1.1 ടണ്‍ കൊക്കെയ്‌നും നായ മണത്തുപിടിച്ചു. ഇതോടെ സോംബാര കള്ളക്കടത്തുകാര്‍ക്കൊരു തലവേദനയായി മാറി. നായയെ തന്നാല്‍ 7000 ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് ക്ലാന്‍ ഡെല്‍ ഗോള്‍ഫോ സംഘം ഒരു പൊലീസുകാരനെയാണ് രഹസ്യമായി സമീപിച്ചത്. നായയ്ക്ക് മേല്‍ വധഭീഷണി ഉണ്ടെന്ന് അറിഞ്ഞ നാര്‍ക്കോട്ടിക് സ്‌ക്വാഡ് സോംബാരയെ ബൊഗോട്ട രാജ്യാന്തര വിമാനത്താവളത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

Related posts