അതിവേഗ വൈറസ് തമിഴ്‌നാട്ടിലും ? ബ്രിട്ടനില്‍ നിന്നെത്തിയ 1088 പേര്‍ തമിഴ്‌നാട്ടില്‍ നിരീക്ഷണത്തില്‍; ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു…

അതിവേഗം പടരുന്ന കോവിഡ് വൈറസ് തമിഴ്‌നാട്ടിലുമെത്തിയെന്ന് സംശയം. ഈ സാഹചര്യത്തില്‍ പത്തു ദിവസത്തിനിടെ യുകെയില്‍ നിന്ന് ചെന്നൈയിലെത്തിയ 1,088 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ സി വിജയഭാസ്‌കര്‍ പറഞ്ഞു.ലണ്ടനില്‍ നിന്ന് ഡല്‍ഹി മാര്‍ഗം ചെന്നൈയിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീട്ടില്‍ ക്വാറന്റീനിലായിരുന്ന ഇയാളെ ചെന്നൈ കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചതായും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കോവിഡിന്റെ പുതിയ വകഭേദമാണോ ബാധിച്ചതെന്നറിയാന്‍ ഇയാളുടെ സാമ്പിളുകള്‍ പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. കേരളം, കര്‍ണാടക സംസ്ഥാനാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

രോഗലക്ഷണങ്ങളോടെ ലണ്ടനില്‍ നിന്ന് എത്തിയ 15 പേര്‍ നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടിലേക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും ആര്‍ടി പിസി ആര്‍ ടെസ്റ്റിന് വിധേയരാവണം.

ടെസ്റ്റ് റിപ്പോര്‍ട്ട് നെഗറ്റിവാണെങ്കിലും ലണ്ടനില്‍നിന്ന് എത്തുന്നവരെ ക്വാറന്റീനിലാക്കി കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment