ദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാന്‍ വയ്യ! വൈക്കം വല്ലകത്ത്‌ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് അധികൃതരുടെ ഒത്താശയോടെയോ? തിരിഞ്ഞുനോക്കാതെ അധികൃതര്‍

വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകം, ചാലപ്പറമ്പ്‌ കള്ളുഷാപ്പിന് സമീപത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.

ഈ മാസം ഇത് അഞ്ചാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. ശനിയാഴ്ച രാത്രിയിലാണ് അവസാന സംഭവം.  തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി മൂക്കുപൊത്താതെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്.

ഈ പാലം വൈക്കം മുനിസിപ്പാലിറ്റിയുടെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി ആയതിനാല്‍ ഇരുകൂട്ടരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ഭാഷ്യം.

മാലിന്യം തള്ളുന്നത് പതിവായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്. 

ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിന് സമീപം സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്നത്. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലേക്ക്‌ വ്യാപിക്കുന്നതിനാല്‍ തോടിന് സമീപമുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സമീപവാസികള്‍.

കുടിവെള്ളത്തിന് ഏക ആശ്രയമായ കേരള വാട്ടര്‍ അതോറട്ടറിയുടെ കുടിവെള്ള പൈപ്പിന് മുകളിലൂടെയാണ് ഇവര്‍ കക്കൂസ് മാലിന്യം തള്ളുന്നതും. ഈ പൈപ്പിലാണെങ്കില്‍ ചോര്‍ച്ചയും ഉണ്ട്.

കോവിഡിനും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

 

Related posts

Leave a Comment