ടുട്ടന്‍ഖാമന്റെ ശവകുടീരത്തെ സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ട് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ്; വെളിയിലായത് രഹസ്യ അറയെക്കുറിച്ചുള്ള വിവരങ്ങള്‍…

കെയ്റോ: ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ ശവകുടീരങ്ങളിലൊന്നാണ് പത്തൊമ്പതാം വയസില്‍ മരണമടഞ്ഞ ഫറവോയായ ടുട്ടന്‍ഖാമന്റെ ശവകുടീരം. ഏറെ കുപ്രസിദ്ധിയാര്‍ജിച്ച ശവകുടീരത്തെക്കുറിച്ച് പല കഥകളും വെളിയില്‍ വന്നിരുന്നു.

അതില്‍ പ്രധാനം ശവകുടീരത്തില്‍ ഉള്ളതായി പറയുന്ന രഹസ്യഅറയെക്കുറിച്ചായിരുന്നു. ആ രഹസ്യ അറ കണ്ടുപിടിക്കാന്‍ പലരും ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമായി.

എന്നാല്‍ ഇപ്പോള്‍ ശവകുടീരത്തില്‍ ഉള്ളതായി കരുതപ്പെട്ടിരുന്ന രഹസ്യ അറ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് ഇത്തരമൊരു അറ ഇല്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കിയതോടെ ഒരു പ്രഹേളികയ്ക്കാണ് അവസാനമായത്.

ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്നാണ് സ്ഥിരീകരണം. ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന ടുട്ടന്‍ഖാമന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുള്ളതായി ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നു.

ഇത്തരമൊരു അറ ഉണ്ടാകാന്‍ 90 ശതമാനം സാധ്യതയുള്ളതായി ഇതു സംബന്ധിച്ച് ഗവേഷണം നടത്തിവന്ന സംഘം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ അറ ടുട്ടന്‍ഖാമുന്റെ മാതാവ് നെഫര്‍ടിറ്റിയുടേതാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

ഇംഗ്ലീഷുകാരനായ പുരാവസ്തു ഗവേഷകന്‍ നിക്കോളസ് റീവ്സ് ആണ് രഹസ്യ അറ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത്. ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ഭിത്തികള്‍ക്കു പിന്നില്‍ രഹസ്യ അറ ഉണ്ടെന്നും ഇതിന്റെ സൂചനകള്‍ ഭിത്തികളില്‍ കാണാനുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.

ടുട്ടന്‍ഖാമുന്റെ മാതാവ് നെഫര്‍ട്ടിറ്റിയുടെ ശരീരാവശിഷ്ടങ്ങള്‍ ഈ അറയില്‍ ഉണ്ടെന്നും നിക്കോളസ് റീവ്സ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഈ വാദത്തെ ഉറപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഗവേഷകര്‍ കണ്ടെത്തിയിരുന്ന 3000 വര്‍ഷം പഴക്കമുള്ള നെഫര്‍ട്ടിറ്റിയുടെ പ്രതിമ ഇതു സംബന്ധിച്ച ഊഹങ്ങള്‍ക്ക് പിന്‍ബലമേകുകയും നിരവധി ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരവധി പരിശോധനകള്‍ നിക്കോളസ് റീവ്സ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നെഫര്‍ട്ടിറ്റിയുടെ രഹസ്യ ശവകുടീരമുള്ളതായി സ്ഥാപിച്ചുകൊണ്ടുള്ള നിക്കോളസ് റീവ്സിന്റെ ഗവേഷണ പ്രബന്ധം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളാണ് രഹസ്യ അറ സംബന്ധിച്ച നിഗമനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചത്.

നിരവധി തവണ നടത്തിയ റഡാര്‍ പരിശോധനകള്‍ക്കു ശേഷമാണ് ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിനുള്ളില്‍ രഹസ്യ അറകളൊന്നും ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഫ്രാന്‍സിസ്‌കോ പോര്‍സെല്ലി പറഞ്ഞു.

ഗവേഷണ സംഘത്തിന്റെ കണ്ടെത്തല്‍ അംഗീകരിക്കുന്നതായും ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നതായും ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രി ഖാലെദ് അല്‍ അനാനി വ്യക്തമാക്കിയതോടെ ആ ദുരൂഹതയ്ക്ക് അവസാനമായി.

Related posts