ന്യൂഡല്ഹി: രാജ്യത്തെ 3ജി ഡേറ്റാ ഉപയോഗം വര്ധിച്ചതായി റിപ്പോര്ട്ട്. ഒരു മാസം ഒരു വ്യക്തിയുടെ ശരാശരി ഡേറ്റാ ഉപയോഗം 753 എംബിയാണെന്നു നോക്കിയയുടെ റിപ്പോര്ട്ടില് പറയുന്നു. 2016ല് 4ജി രംഗത്ത് വന് കുതിപ്പുണ്ടാകുമെന്നും റിപ്പോര്ട്ടിലുണ്ട്. ഇന്ത്യയില് ഒരു വ്യക്തിയുടെ പ്രതിമാസ ഡേറ്റാ ഉപയോഗം 753 എംബി ആണെങ്കില് ആഗോളതലത്തില് ഇത് 800 എംബിക്കും ഒരു ജിബിക്കും ഇടയിലാണ്.
2015ല് ഇന്ത്യയില് ഉപയോഗിച്ച 3 ജി ഡേറ്റ പ്രതിമാസം 8.2 കോടി ജിബിയാണ്. 2014ലാവട്ടെ ഇത് 4.4 കോടി ജിബിയായിരുന്നു. അതേസമയം 2ജി ഡേറ്റയില് ചെറിയ അളവിലുള്ള വളര്ച്ച മാത്രമേയുള്ളൂ. 2014ല് ശരാശരി 4.1 കോടി ജിബി ആയിരുന്നത് 2015ല് ശരാശരി 4.6 കോടി ജിബിയായി.
2016ലെ 4ജി മൊബൈല് ഉപയോഗം എട്ടു മടങ്ങായി വര്ധിക്കുമെന്ന് നോക്കിയ വിലയിരുത്തുന്നു. 4.70 കോടി 4ജി സംവിധാനമുള്ള ഉപകരണങ്ങളാണ് വിപണിയിലെത്തിയിട്ടുള്ളത്. പക്ഷേ, വളരെ ചുരുക്കം എണ്ണത്തില് മാത്രമേ 4ജി ഉപയോഗം നടക്കുന്നുള്ളൂ. 3ജി ഉപകണങ്ങളാവട്ടെ 140 ശതമാനം വളര്ച്ചയാണ് കഴിഞ്ഞ വര്ഷം നേടിയിട്ടുള്ളത്. തലേ വര്ഷം ഇത് 69 ശതമാനം മാത്രമായിരുന്നു.
