5ജി വന്നാല്‍ എല്ലാം കുളമാകുമോ ? ഇപ്പോഴത്തെ അവസ്ഥയില്‍ 5ജി എത്തിയാല്‍ സിഗ്നലുകളെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് നാസയുടെ മുന്നറിയിപ്പ്…

5ജിയുടെ വരവ് ഇന്റര്‍നെറ്റ് രംഗത്ത് അതിവേഗ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരിക്കുന്നത്. 5ജി വരുന്നതോടെ നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നു കരുതിയിരിക്കെയാണ് ഇപ്പോഴത്തെ അവസ്ഥയില്‍ 5ജി വന്നാല്‍ എല്ലാം കുളമാകാനാണു സാധ്യതയെന്ന് നാസയും യുഎസ് പ്രതിരോധവകുപ്പും വെളിപ്പെടുത്തിയിരിക്കുന്നത്. 5ജി സിഗ്‌നലുകള്‍ കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് ആഗോളതലത്തില്‍ കാലാവസ്ഥാപ്രവചനങ്ങള്‍ അവതാളത്തിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇതു ചൂണ്ടിക്കാട്ടി 5ജി സ്‌പെക്ട്രം ലേലം ഉടന്‍ നടത്തരുതെന്നു നാസയും യുഎസ് പ്രതിരോധവകുപ്പും സര്‍ക്കാരിനോട് മാസങ്ങളായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അതു തള്ളിക്കളഞ്ഞുകൊണ്ട് ഇപ്പോള്‍ 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ച സാഹചര്യത്തിലാണ് എല്ലാം കുളമാകാന്‍ പോകുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള 5ജി സിഗ്‌നലുകള്‍ അന്തരീക്ഷത്തിലെ ബാഷ്പധ്രുവീകരണം കൃത്യമായി അളന്നെടുക്കാനുള്ള കാലാവസ്ഥാ ഉപഗ്രങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇത് തെറ്റായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക.
അന്തരീക്ഷബാഷ്പത്തെ ഉപഗ്രഹങ്ങള്‍ അളന്നെടുക്കുന്നത് 23.8 ജിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലാണ്. 5ജി സിഗ്‌നലുകളുടെ ഫ്രീക്വന്‍സിയാകട്ടെ 24 ജിഗാഹെര്‍ട്‌സും. 5ജി സിഗ്‌നലുകളെ അന്തരീക്ഷ ബാഷ്പമായി കണക്കിലെടുക്കുന്ന കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ തെറ്റായ പ്രവചനങ്ങള്‍ക്കു വഴിയൊരുക്കും. ഇതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തുന്നത്.

ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള സ്‌പെക്ട്രം അനുവദിക്കുന്നത് പുനഃപരിശോധിക്കണമെന്ന ശാസ്ത്രജ്ഞരുടെ ആവശ്യം തള്ളിക്കളഞ്ഞാണ് നിലവില്‍ യുഎസ് ലേലവുമായി മുന്നോട്ടു പോകുന്നത്. ടെലികോം കമ്പനികളെ 24 ജിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യമായി സെനറ്റര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. വോഡഫോണ്‍ 5ജി യുകെയിലെ 7 നഗരങ്ങളില്‍ ജൂലൈ മൂന്നിന് പ്രവര്‍ത്തനം തുടങ്ങും. 4ജി കണക്ഷന്റെ അതേ നിരക്കില്‍ തന്നെയാണ് കമ്പനി 5ജിയും നല്‍കുക. ഉപയോക്താക്കള്‍ പുതിയൊരു 5ജി ഫോണ്‍ വാങ്ങുകയേ വേണ്ടൂ. ഈ 23 മുതല്‍ ഷൗമി മി മിക്‌സ് എന്ന 5ജി ഫോണിന്റെ വില്‍പനയും വോഡഫോണ്‍ ആരംഭിക്കുന്നുണ്ട്. സാംസങ് ഗാലക്‌സി എസ് 10 5ജി, വാവേ മേറ്റ് എക്‌സ് എന്നീ ഫോണുകളും വൈകാതെ ലഭ്യമാക്കും. ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ 5ജി റോമിങ്ങും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തായാലും 5ജി സിഗ്നലുകള്‍ കാലാവസ്ഥാ നിരീക്ഷണത്തെ ദോഷകരമായി ബാധിച്ചാല്‍ അത് ദുരന്തങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Related posts