അഞ്ചുവര്‍ഷത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത 70 ബംഗ്ലാദേശികളില്‍ 57 പേരെ നാടുകടത്തി ! സംസ്ഥാനത്ത് ഉള്ളത് 12 രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍…

കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചതിന് അറസ്റ്റ് ചെയ്തത് 70 ബംഗ്ലാദേശ് പൗരന്മാരെ. അതില്‍ 57 പേരെ നാടുകടത്തുകയും ചെയ്തു.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്.

അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ടെന്നും ഐ.എസ് ബന്ധമുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളോ അതിര്‍ത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ലെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി.

ബംഗ്ലാദേശികളും രോഹിങ്ക്യകളും അടക്കം രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കേരളം സത്യവാങ്മൂലം നല്‍കിയത്.

അനധികൃത മനുഷ്യക്കടത്ത് തടയുന്ന 1956ലെ നിയമപ്രകാരം കേരളത്തില്‍ അഞ്ചു വര്‍ഷമായി ബംഗ്ലാദേശ് അഭയാര്‍ഥികളുടെയോ രോഹിങ്ക്യകളുടെയോ പേരില്‍ കേസുകളൊന്നുമില്ല.

2011 ജനുവരി ഒന്നുമുതല്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച സമിതി പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ രണ്ട് നവജാത ശിശുക്കളടക്കം രണ്ട് കുടുംബങ്ങളിലായി ആകെ 12 രോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ആകെ താമസം ഉള്ളതെന്നും കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്

ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.സി.എച്ച്.ആര്‍ കാര്‍ഡുകളുള്ള അവര്‍ വയനാട്ടിലെ മുട്ടില്‍ വയനാട് മുസ്ലിം യതീംഖാനക്ക് കീഴില്‍ നിയമപരമായാണ് താമസിക്കുന്നത്.

ഒരു കുടുംബത്തിന്റെ യു.എന്‍ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കിയിട്ടുണ്ടെങ്കിലും ചെന്നൈയില്‍ പോകാനുള്ള സാമ്പത്തിക പ്രയാസം മൂലം രണ്ടാമത്തെ കുടുംബത്തിന്റെ കാര്‍ഡ് പുതുക്കിയിട്ടില്ല.

അവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വയനാട് ജില്ല പൊലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.എസ് ബന്ധമോ ദേശവിരുദ്ധ പ്രവര്‍ത്തനമോ കേരളത്തിലെ ഒരു രോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളത്തിലെ കുടിയേറ്റക്കാരില്‍ കൂടുതലും പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലുള്ളവരാണ്.

ഉത്തരേന്ത്യന്‍ തൊഴിലാളികളെന്ന് നടിച്ചുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേരളം ബോധിപ്പിച്ചു.

Related posts

Leave a Comment