പലിശനിരക്കിലെ മാറ്റം മണ്‍സൂണ്‍ തീരുമാനിക്കും: ഡോ. രഘുറാം രാജന്‍

bis-raghuramന്യൂയോര്‍ക്ക്: അടുത്ത തവണ പലിശനിരക്ക് കുറയ്ക്കുന്നത് മണ്‍സൂണ്‍ മഴയുടെ ലഭ്യത അനുസരിച്ചായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തെ വിലസൂചികകള്‍ ആര്‍ബിഐ നിരീക്ഷിക്കുന്നുണ്ട്. ഈ മാസമാദ്യം റീപോ പലിശനിരക്ക് കാല്‍ ശതമാനം കുറച്ച് 6.5 ശതമാനമാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അടുത്ത നിരക്കുകുറയ്ക്കല്‍ എന്നായിരിക്കുമെന്നുള്ള സൂചന നല്കിയിരുന്നില്ല.

നല്ല മണ്‍സൂണ്‍ ലഭിക്കുമെന്ന നിഗമനങ്ങള്‍ രാജ്യത്തെ മൊത്തം സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃ വിലസൂചിക ആറു മാസത്തിനിടയിലെ താഴ്ന്ന നിലയിലാണ്. 2014 മാര്‍ച്ചിനെ അപേക്ഷിച്ച് വിലസൂചിക പോയ മാസം 4.83 ശതമാനം താഴ്ന്ന നിലയിലാണ്. ഫെബ്രുവരിയില്‍ 5.26 ശതമാനമായിരുന്നു. മണ്‍സൂണ്‍ മികച്ചതായാല്‍ കാര്‍ഷികമേഖല മികച്ച ഉത്പാദനം കാഴ്ചവയ്ക്കും. ഈ സാഹചര്യത്തില്‍ 2017 മാര്‍ച്ചോടെ വിലസൂചിക അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്താനാണ് രാജന്റെ ശ്രമം.

മൂന്നു വര്‍ഷത്തിനുശേഷം ശരാശരിയിലും മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയാണ്.പണനയം പ്രഖ്യാപിക്കല്‍ അത്ര എളുപ്പമല്ല. ഇതിനായി ആറംഗ പണനയ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയായിരിക്കും പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Related posts