ടെക്‌നോളജിയുടെയും സോഷ്യല്‍ മീഡിയയുടെയും അതിപ്രസരമുള്ള ഇന്നത്തെ കാലത്തു കുട്ടികള്‍ പ്രകൃതിയെ അറിയുന്നില്ല, പഴയകാലത്തെ കുട്ടികള്‍ അനുഭവിച്ചറിഞ്ഞ സന്തോഷങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നു എന്നൊക്കെയുള്ള വിലാപങ്ങള്‍ നാം കേള്‍ക്കാറുണ്ട്. വെറുതെ പറയാം എന്നല്ലാതെ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നു കേള്‍വിക്കാര്‍ അദ്ഭുതപ്പെടാറുമുണ്ട്.
പക്ഷേ, ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ന്യൂസീലാന്‍ഡിലെ ഫോട്ടോഗ്രാഫര്‍ നിക്കി ബൂണ്‍ തീരുമാനിച്ചു. താന്‍ വളര്‍ന്നുവന്ന ഗ്രാമാന്തരീക്ഷത്തില്‍ തന്റെ കുട്ടികളെയും വളര്‍ത്താനായിരുന്നു ആ തീരുമാനം. പത്തു ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്തു നൂറ്റാണ്ടുകള്‍ മുമ്പുണ്ടായിരുന്ന തരത്തിലുള്ള ജീവിതരീതിയാണു ഈ കുട്ടികള്‍ നയിക്കുന്നത്. ആരെയും പഠിക്കാനും വിടുന്നില്ല.
മറ്റുള്ളവരും ആധുനിക ലോകത്തിന്റെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ചു ഇതിലേക്കു വരണമെന്നാണു ഈ ഫോട്ടോഗ്രാഫറുടെ ആഗ്രഹം. സ്വന്തം കുട്ടിക്കാലം പുനസൃഷ്ടിക്കാനാവണം കുട്ടികളുടെ ഫോട്ടോകള്‍ ഇവര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ എടുക്കുന്നതെന്നാണു വെബ് ലോകത്തെ പലരുടെയും അഭിപ്രായം. എന്തൊക്കെ പറഞ്ഞാലും ഇതൊക്കെ അല്പം കൂടിപ്പോയില്ലേ എന്നു കരുതുന്നവരും കുറവല്ല.