കേരളത്തെ നടുക്കി വന്‍ പ്രളയത്തില്‍ നിന്നും ഒന്നിച്ച് നിന്ന് കരകയറുകയാണ് മലയാളികള്‍. 300ല്‍ അധികം പേരുടെ ജീവനെടുക്കുകയും നിരവധി പേരുടെ വീടുകള്‍ ഇല്ലാതാക്കുകയും ചെയ്ത പ്രകൃതിയുടെ രൗദ്രഭാവം ഇനി കാണാന്‍ ഇടവരരുതെ എന്ന പ്രാര്‍ത്ഥനയില്‍ കൂടിയാണ് ഏവരും.
നദികളുടെ സംഹാര താണ്ഡവമായിരുന്നു കേരളം കണ്ടത്. ഇതിനിടെ അച്ഛന്കോവിലാര് നീന്തിക്കടക്കുക, ഈ ചിന്ത തന്നെ ആരെയും ഭയപ്പെടുത്തുന്നതാണ്.
ഉണ്ണികൃഷ്ണന് എന്നയാള്‍ അത് ചെയ്തു. മൂന്ന് ദിവസമായി മറുകരയില്‍ പട്ടിണികിടക്കുന്നവരെ കുറിച്ചോര്‍ത്തപ്പോള്‍ മറ്റൊന്നും അദ്ദേഹം ചിന്തിച്ചില്ല. നാട്ടുകാരും ഫയര്‍ഫോഴ്സും നോക്കിനില്‍ക്കെ അരയില്‍ കയറും കെട്ടി കലിതുള്ളി നില്ക്കുന്ന ആറിലേക്ക് എടുത്ത് ചാടുകയായിരുന്നു.
അപകടം മുന്നില്‍കണ്ട് അരയില്‍ കയര്‍ കെട്ടിയ ശേഷമാണ് രക്ഷദൗത്യത്തിനായി ഉണ്ണികൃഷ്ണന് നീന്താനിറങ്ങിയത്. മണികണ്ഠന് എന്നൊരാളാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അതോടെയാണ് ഉണ്ണികൃഷ്ണന്റെ ധീരത നാടറിഞ്ഞത്.