ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയുടെ നായകമികവില്‍ സംശയം പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി. നായകനെന്ന നിലയില്‍ ഇപ്പോള്‍ ധോണി മികച്ച നിലവാരത്തിലാണെ ങ്കിലും 2019 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നതിന് ധോണി മതിയാകുമോ എന്നും ബിസിസിഐ സെലക്ടര്‍മാരോടു ഗാംഗുലി ചോദിച്ചു. ഇന്ത്യ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ പരാമര്‍ശം.
എല്ലാ ടീമുകളും ഭാവിയിലേക്കാണു കണ്ണുവയ്ക്കുന്നത്. നായകനെന്ന നിലയില്‍ ഇപ്പോള്‍ ധോണി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍, അടുത്ത നാലുവര്‍ഷത്തേക്കും 2019 ലോകകപ്പിലേക്കും ഇന്ത്യയെ നയിക്കുന്നതിനു ധോണി മതിയാകുമോ എന്നു സെലക്ടര്‍മാര്‍ ചിന്തിക്കണം. അദ്ദേഹം ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. ക്രിക്കറ്റിന്റെ ചുരുക്ക ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കു ധോണിയെ ആവശ്യമുണ്ട്-ഗാംഗുലി പറഞ്ഞു.
ഐപിഎലില്‍ പൂന സൂപ്പര്‍ ജയന്റ്‌സ് ടീം നായകനാണു ധോണി. സീസണില്‍ മൂന്നു ജയങ്ങള്‍ മാത്രം സ്വന്തമാക്കിയ ധോണിപ്പട പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.