മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ രണ്ടാം ദിനവും കനത്ത ഇടിവ്. സെന്‍സെക്സ് 127.71 പോയിന്റും നിഫ്റ്റി 33.55 പോയിന്റും ഇന്നലെ താഴ്ന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചതാണ് കഴിഞ്ഞ രണ്ടു ദിവസവും സെന്‍സെക്സിന്റെ തകര്‍ച്ചയ്ക്കു കാരണമായത്. ആഗോള മാര്‍ക്കറ്റുകളുടെ ഇടിവും ഇന്ത്യന്‍ കമ്പോളങ്ങളില്‍ പ്രതിഫലിച്ചു. യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രിട്ടന്റെ ഹിതപരിശോധന 23നു നടക്കുന്നതും കമ്പോളങ്ങളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ലോകം സാമ്പത്തികക്കുഴപ്പത്തിലേക്കാണെന്ന് വന്‍ നിക്ഷേപകന് ജോര്‍ജ് ഡോറോസ് പറഞ്ഞതും കമ്പോളത്തെ ഉലച്ചു.
ഇന്നലെ സെന്‍സെക്സ് 127.71 പോയിന്റ് നഷ്ടത്തില്‍ 26,635.75ലും നിഫ്റ്റി 33.55 പോയിന്റ് നഷ്ടത്തില്‍ 8,170.05ലും ക്ലോസ് ചെയ്തു. ഐടി, എഫ്എംസിജി, ഓട്ടോ, മെറ്റല്‍, ഹെല്‍ത്ത്കെയര്‍, ബാങ്കിംഗ്, ഓയില്‍, ഗ്യാസ് തുടങ്ങിയ മേഖലകളില്‍ രണ്ടാം ദിനവും ഇടിവുണ്ടായി.മണ്‍സൂണിന്റെ വരവ് ഇടപാടുകാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച ദക്ഷിണേന്ത്യയിലെത്തിയ മണ്‍സൂണ്‍ ഇതുവരെ മഹാരാഷ്ട്ര യിലേക്ക് എത്തിയിട്ടില്ല.
ഏഷ്യന്‍ ഓഹരികളെല്ലാംതന്നെ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാന്റെ നിക്കൈ 0.40 ശതമാനവും ഹോങ്കോംഗിന്റെ ഹാങ്സെങ് 1.20 ശതമാനവും ഇടിഞ്ഞു. ചൈനയില്‍ പൊതു അവധി പ്രമാണിച്ച് വിപണിയും അവധിയിലാണ്. യൂറോപ്യന്‍ സൂചികള്‍ 1.5 മുതല്‍ രണ്ടു ശതമാനം വരെ നഷ്ടത്തിലാണ്.വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച 234.20 കോടി രൂപ ഇന്ത്യന്‍ കമ്പോളങ്ങളില്‍ നിക്ഷേപിച്ചു.