ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച സംബന്ധിച്ച അവകാശവാദങ്ങള്‍ക്കു തിരിച്ചടിയായി ഏപ്രിലിലെ വ്യവസായ ഉത്പാദനം താഴോട്ടു പോയി. വ്യവസായ ഉത്പാദന സൂചിക (ഐഐപി) 0.8 ശതമാനം താണു. മൂന്നു മാസത്തിനിടെ ആദ്യമാണു താഴ്ച. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മൂന്നു ശതമാനം വളര്‍ന്ന സ്ഥാനത്താണിത്. മാര്‍ച്ചില്‍ 0.3 ശതമാനം ഉയര്‍ച്ച ഉണ്ടായിരുന്നു.
വ്യവസായ ഉത്പാദനത്തിന്റെ 75 ശതമാനവും വരുന്ന ഫാക്ടറി ഉത്പാദനം 3.1 ശതമാനം ചുരുങ്ങി. തലേ ഏപ്രിലില്‍ 3.9 ശതമാനം വര്‍ധിച്ചതാണ്. യന്ത്ര ഉത്പാദനമേഖല ഏപ്രിലില്‍ 2.49 ശതമാനം താണു. തലേ ഏപ്രില്‍ 5.5 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നു. ഉപഭോക്തൃ സാധനങ്ങളുടെ ഉത്പാദനം 1.2 ശതമാനം കുറഞ്ഞു. ഗൃഹോപകരണങ്ങള്‍ക്ക് 9.7 ശതമാനം ഇടിവുണ്ടായി. ഇവ രണ്ടും തലേ ഏപ്രിലില്‍ ഗണ്യമായി കയറിയതാണ്. വൈദ്യുതി ഉത്പാദനം, ഖനനം തുടങ്ങിയവ ഗണ്യമായി വളര്‍ന്നു.
ജനുവരി-മാര്‍ച്ചില്‍ ജിഡിപി 7.9 ശതമാനം വളര്‍ന്ന സാഹചര്യത്തില്‍ ഈ സാമ്പത്തികവര്‍ഷം വലിയ വളര്‍ച്ച ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടിയാണ് ഈ കണക്ക്. ജനുവരിയില്‍ 1.6 ശതമാനം താഴ്ന്ന ഐഐപി ഫെബ്രുവരിയില്‍ രണ്ടു ശതമാനം കൂടി. മാര്‍ച്ചില്‍ 0.3 ശതമാനമായിരുന്നു ഉയര്‍ച്ച. സാമ്പത്തികവളര്‍ച്ച സ്ഥിരത കൈവരിച്ചില്ലെന്നാണ് ഇതിലെ സൂചന.
വിദേശനാണ്യ ശേഖരം 36,340 കോടി ഡോളര്‍
മുംബൈ: ജൂണ്‍ മൂന്നിനവസാനിച്ച ആഴ്ച ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 3,6340 കോടി ഡോളര്‍ കവിഞ്ഞു. ഒരാഴ്ചയിലെ വര്‍ധന 320 കോടി ഡോളറാണ്. ശേഖരം ഇപ്പോള്‍ സര്‍വകാല റിക്കാര്‍ഡിലാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജനെതിരേ ഉയര്‍ത്തിയ പുതിയ ആരോപണത്തെ നനഞ്ഞ പടക്കമാക്കുന്നതാണ് ഈ വിവരം. ഡിസംബറില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കാവുന്ന ടൈം ബോംബ് രാജന് വച്ചിട്ടുണെ്ടന്നാണു സ്വാമി പറഞ്ഞത്. രാജന് സ്ഥാനമേറ്റപ്പോള്‍ രൂപയുടെ വില പിടിച്ചുനിര്‍ത്താനായി ബാങ്കുകള്‍ വഴി ഒരു പ്രത്യേക വിദേശനാണ്യ നിക്ഷേപ പദ്ധതി നടപ്പാക്കി.
എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപമായി വരുന്ന വിദേശനാണ്യം 3.5 ശതമാനം പലിശയ്ക്കു റിസര്‍വ് ബാങ്ക് മൂന്നു വര്‍ഷത്തേക്കു സ്വീകരിച്ചു. ഇതു 2400 ഡോളര്‍ ഉണ്ട്. ഇതു സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ തിരിച്ചു നല്‍കണം. ഇതിനായി വിദേശനാണ്യം നല്കാന് റിസര്‍വ് ബാങ്കിനു കഴിയില്ലെന്നായിരുന്നു സ്വാമിയുടെ ദുഃസൂചന. പക്ഷേ ഇന്ത്യയുടെ വിദേശനാണ്യശേഖരം വളരെ ഭദ്രമായ അളവില്‍ ഉണെ്ടന്നതു സ്വാമിയുടെ ടൈം ബോംബ് ഓലപ്പടക്കം പോലുമല്ലെന്നു കാണിക്കുന്നു.