വൈദ്യുതി നിലച്ചു: ജനറല്‍ ആശുപത്രിയിലെ ലാബ് പ്രവര്‍ത്തനം മണിക്കൂറുകളോളം സ്തംഭിച്ചു

ktm-currentകോട്ടയം: വൈദ്യുതി തകരാറിനെ തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയിലെ ലാബോറട്ടി പ്രവര്‍ത്തനം മണിക്കൂറുകളോളം സ്തംഭിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്ക് നിലച്ച വൈദ്യുതി 9.45നാണ് എത്തിയത്. ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലെല്ലാം വൈദ്യുതിയുണ്ടായിരുന്നുവെങ്കിലും ലാബിലും സിഎസ്ആര്‍ വിഭാഗത്തിലും വൈദ്യുതി ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ ആറു മണിമുതല്‍ ബ്ലഡ്, ഷുഗര്‍ അടക്കം പരിശോധനക്ക് എത്തിയവര്‍ പുറത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ലാബിന്റെ പ്രവര്‍ത്തനം സ്തഭിച്ചെന്നറിയാതെ ഒപിയില്‍ നിന്നും വാര്‍ഡുകളില്‍ നിന്നും രക്തപരിശോധനക്കായി കുറിച്ചു നല്കിയവര്‍ കൂടി വന്നതോടെ ലാബിനു മുന്നില്‍ വന്‍ ജനക്കൂട്ടമായി.

അതേ സമയം ഫ്യൂസ് തകരാറിനെ തുടര്‍ന്ന് ഒരു ലൈനിലൂടെയുള്ള വൈദ്യുതി കിട്ടാതെ വന്നതാണ് ലബോറട്ടറിയില്‍ വൈദ്യുതി എത്താതിരുന്നതെന്ന്  ആശുപത്രിയിലെ ഇലക്ട്രീഷന്‍ പറഞ്ഞു. സിഎസ്ആര്‍, ലബോറട്ടറി എന്നിവിടങ്ങളിലെ് വൈദ്യുതിയാണ് നിലച്ചത്. എന്നാല്‍ രാവിലെ അഞ്ചു മണിക്ക് വൈദ്യുതി നിലച്ചിട്ട്  മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ കഴിയാത്തത് രോഗികളെ ശരിക്കും വലച്ചു. തീര്‍ത്തും നിര്‍ധനരായ രോഗികള്‍ക്ക് പുറത്തെ ലാബിനെ ആശ്രയിക്കാന്‍ പണമില്ലാത്തതിനാല്‍ കറന്റ് വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.

Related posts