ജയ്പുർ: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പുരിലെ ഷാൽബി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വാർഡ് ബോയി രാത്രി മുഴുവൻ ആവർത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചിരുന്ന യുവതിയുടെ മുഖംമറച്ച് കൈകൾ കെട്ടിയിട്ടാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം യുവതി രാത്രി മുഴുവൻ കരഞ്ഞു.
സംഭവത്തെക്കുറിച്ച് നഴ്സിനോട് വിവരം പറയാൻ തുനിഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് രാവിലെ ഭർത്താവിനോടാണ് യുവതി വിവരം പറയുന്നത്. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, പരാതിയിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വാർഡ് ബോയ് ഖുശിറാം ഗുജ്ജാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.