ഗോള്‍ഡ് കവറിംഗ് ആഭരണ വില്പന ശാലയില്‍ മോഷണം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു

tcr-kallanവടക്കാഞ്ചേരി: കഴിഞ്ഞദിവസം ഓട്ടുപാറ ബസ് സ്റ്റാന്‍ഡിനു പിറകിലെ ഗോള്‍ഡ് കവറിംഗ് ആഭരണ വില്പന ശാലയില്‍ മോഷണം നടത്തിയ ആളുടെ സിസിടിവി കാമറയില്‍ പതിഞ്ഞ ചിത്രം പോലീസ് പുറത്തുവിട്ടു. 40 വയസ് തോന്നിക്കുന്ന യുവാവിന്റെ ചിത്രമാണ് പുറത്തു വിട്ടിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 5.25നാണ് മോഷ്ടാവ് ഗോള്‍ഡ് കവറിംഗ് ആഭരണകടയില്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ചിറ്റണ്ട സ്വദേശി പാമ്പത്ത് വളപ്പില്‍ ഷിയാസിന്റെ ഉടമസ്ഥതയിലുള്ള ജുംകാസ് ഗോള്‍ഡ് കവറിംഗ് ആന്‍ഡ് ഫാന്‍സിയിലാണ് ലക്ഷക്കണക്കനു രൂപയുടെ സാധനങ്ങള്‍ മോഷ്ടാവ് മോഷ്ടിച്ചു കൊണ്ടുപോയത്. ഒരു മാസം മുമ്പ് വടക്കാഞ്ചേരി ഡിവൈന്‍ ആശുപത്രിക്കു മുന്നിലെ ഗോള്‍ഡ് കവറിംഗ് ആഭരണകടയില്‍ നിന്നും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. കടകളുടെ മുന്നിലെ ഷട്ടറുകളുടെ പൂട്ടുകള്‍ തകര്‍ത്താണ് മോഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മോഷ്ടാവിനെ പോലീസ് പിടികൂടുകയാണെങ്കില്‍ വടക്കാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും നടന്ന നിരവധി മോഷണങ്ങളുടെ ചുരുളഴിയുമെന്നാണ് പോലീസിന്റെ നിഗമനം. മോഷണം നടന്ന ദിവസം പോലീസും വിരലടയാള വിദഗ്ധരും സ്ഥാപനത്തില്‍ എത്തി അന്വേഷണം നടത്തിയിരുന്നു.

Related posts