നെന്മാറ: മാട്ടുപ്പാറ മനങ്ങോട് പ്രദേശത്ത് ലംഗൂർ ഇനത്തിൽപ്പെട്ട ഹനുമാൻകുരങ്ങ് എത്തിയതു കൗതുകമായി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണു പ്രദേശത്ത് ഹനുമാൻകുരങ്ങിനെ നാട്ടുകാർ ആദ്യമായി കണ്ടത്. തീറ്റതേടിയെത്തിയ ഹനുമാൻകുരങ്ങ് വീടുകൾക്കു സമീപത്തും പരിസരത്തുമായി ഏറെനേരം ചുറ്റിക്കറങ്ങി.
പ്രദേശത്തു സാധാരണയായി കാണാത്ത ഹനുമാൻകുരങ്ങ് എത്തിയതോടെ നിരവധിപേർ കാണാനെത്തി. മരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം സഞ്ചരിച്ച കുരങ്ങ് നാട്ടുകാർക്കു കൗതുകക്കാഴ്ചയായി. പ്രദേശത്ത് ഇതാദ്യമായാണ് ഹനുമാൻ കുരങ്ങിനെ കാണുന്നതെന്നു നാട്ടുകാർ പറഞ്ഞു.
നെല്ലിയാന്പതി വനമേഖലയിൽനിന്നു ചേരുംകാട്, അളുവശേരി ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മാട്ടുപ്പാറ മനങ്ങോട് പ്രദേശത്ത് എത്തിയതാകാമെന്നാണു നാട്ടുകാരുടെ നിഗമനം. വനമേഖലയോടുചേർന്ന പ്രദേശങ്ങളിൽനിന്ന് ഭക്ഷണം തേടി വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് എത്തുന്ന സാഹചര്യത്തിലാണു ഹനുമാൻ കുരങ്ങിന്റെ വരവും ശ്രദ്ധേയമായത്.
