കോട്ടയം: തെറ്റായ പ്രണയ ബന്ധങ്ങളിലേക്കു പെൺകുട്ടികൾ പലപ്പോഴും വഴുതി വീഴുന്നതു സോഷ്യൽ മീഡിയ ബന്ധങ്ങളിലൂടെ.
സോഷ്യൽ മീഡിയ പ്രണയത്തിന്റെ രക്തസാക്ഷിയായിരുന്നു 2019ൽ പ്രണയക്കൊലയ്ക്ക് ഇരയായ തൃശൂർ സ്വദേശിനി നീതു.
നേരന്പോക്കുകൾ വൈകാതെ നോവന്പുകൾ ആയി മാറുന്ന കാഴ്ച.
തമാശയ്ക്കും കൗതുകത്തിനും തുടങ്ങുന്ന സോഷ്യൽ മീഡിയ ബന്ധങ്ങളാണ് പിന്നീടു പറിച്ചെറിയാനാവാത്ത ദുരന്തമായി പലരുടെയും ജീവിതത്തെ കീറിമുറിക്കുന്നത്.
നീതുവിനും കഴിഞ്ഞ ജൂലൈയിൽ കോതമംഗലത്തു വെടിയേറ്റു മരിച്ച വനിത ഡോക്ടർ മാനസയ്ക്കു മൊക്കെ സോഷ്യൽ മീഡിയയിൽ തുടങ്ങിവച്ച സൗഹൃദങ്ങളാണ് ജീവൻ കവരുന്ന അപകടമായി മാറിയത്.
സോഷ്യൽ മീഡിയയിൽ തെളിയുന്ന പല സുന്ദരരൂപങ്ങളുടെയും യഥാർഥ മുഖം അത്ര സുന്ദരമല്ല എന്നുള്ള ബോധ്യം ഇനിയും പലർക്കുമില്ല. 2019 ഏപ്രിൽ നാലിനാണ് നീതു സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെയായിരുന്നു: നേരം പുലർന്നുവരുന്നതേയുള്ളൂ. തൃശൂർ ചിയ്യാരത്ത് ബിടെക് വിദ്യാർഥിനിയായ നീതു(21)വിന്റെ വീടിന്റെ സമീപമുള്ള ഇടവഴിയിൽ ഒരു ബൈക്ക് വന്നുനിന്നു.
ഒരു ചെറുപ്പക്കാരൻ തിരക്കിട്ടു ബൈക്കിൽനിന്നിറങ്ങി ചുറ്റുപാടുകൾ വീക്ഷിച്ചു. പരിസരത്ത് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടതോടെ ഇരുട്ടിന്റെ മറവിൽ നീതുവിന്റെ വീടിന്റെ പിന്നിലേക്ക് അയാൾ നടന്നു.
കൈയിൽ എന്തൊക്കെയോ ചേർത്തുപിടിച്ചിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ കതക് തുറക്കാനായി രണ്ടു മണിക്കൂറോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ വടക്കേക്കാട് സ്വദേശിയായ നിതീഷ്(27) കാത്തിരുന്നു.
കതക് തുറന്നതിനു പിന്നാലെ നെഞ്ചകം പിളർക്കുന്ന വലിയൊരു നിലവിളിയാണ് നാടിനെ ഉണർത്തിയത്.
ഓടിയെത്തിയവർ ആ കാഴ്ച കണ്ടു വിറങ്ങലിച്ചുനിന്നു. തീയിൽ പൊതിഞ്ഞ് നീതു നിലവിളിക്കുന്നു. തറയിലെന്പാടും ചോര ചീറ്റിയൊഴുകുന്നു. സമീപത്തുനിന്നു രക്ഷപ്പെടാനൊരുങ്ങുന്ന യുവാവ്.
വീട്ടുകാരും നാട്ടുകാരും ചേർന്നു യുവാവിനെ പിടിച്ചുകെട്ടി. നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആ ജീവൻ വൈകാതെ പറന്നകന്നു.
കൈയിൽ രണ്ടു കുപ്പി പെട്രോളും ഒരു കുപ്പിയിൽ വിഷവുമായിട്ടായിരുന്നു പ്രതി എത്തിയത്. പ്രണയത്തിൽനിന്നു നീതു പിന്മാറിയതിന്റെ പകയായിരുന്നു ചോരക്കളയിൽ എത്തിച്ചത്.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിക്കാനായിരുന്നു പദ്ധതി.
അമ്മ നേരത്തെ മരിച്ചതിനാൽ അമ്മാവന്റെ വീട്ടിലായിരുന്നു നീതു താമസിച്ചിരുന്നത്. നീതുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും ചേർന്നാണ് പ്രതിയെ തടഞ്ഞുവച്ചത്.
ഫേസ്ബുക്ക് കൂട്ടായ്മ
കാക്കനാട്ട് ഒരു ഐടി സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു പ്രതി നിതീഷ്. പഠനത്തിൽ മിടുക്കിയായിരുന്നു നീതു.
യാത്രകളോടും അവൾക്കു പ്രിയമായിരുന്നു. അങ്ങനെയാണ് യാത്രാതാത്പര്യമുള്ളവരുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ അവൾ അംഗമായത്.
ഗ്രൂപ്പിലെ ചർച്ചകൾക്കിടയിൽ യാദൃശ്ചികമായി നിതീഷിനെ പരിചയപ്പെട്ടു. ജീവിതത്തെത്തന്നെ തകിടംമറിക്കാൻ പോകുന്ന സംഭവങ്ങളുടെ തുടക്കമായിരുന്നു ആ പരിചയപ്പെടലെന്ന് അപ്പോൾ അവൾ തിരിച്ചറിഞ്ഞില്ല.
നേരിട്ടൊന്നു കാണുകയോ മനസിലാക്കുകയോ ചെയ്യുന്നതിനുമുന്പ് ആ പരിചയം സജീവ സൗഹൃദമായും പിന്നെ പ്രണയമായും വളർന്നു.
എന്നാൽ, അധികം വൈകാതെ അവൾ ഒരു സത്യം തിരിച്ചറിഞ്ഞു, തനിക്ക് ഒട്ടും പൊരുത്തപ്പെടാൻ പറ്റാത്ത ആളാണ് നിതീഷ്.
അടുപ്പത്തിലെ കുഴപ്പം
അതോടെ ഈ അടുപ്പത്തിൽനിന്നു പിന്മാറണമെന്ന തോന്നൽ അവളിൽ ശക്തമായി. എന്നാൽ, അകലംപാലിക്കാൻ ശ്രമിക്കുന്തോറും അയാൾ കൂടുതൽ അടുക്കാൻ വ്യഗ്രത കാട്ടുകയാണെന്ന് അവൾക്കു തോന്നി.
ഒരുതരം ഭ്രാന്തമായ രീതിയിലാണ് അവൻ കാര്യങ്ങളെ സമീപിക്കുന്നതെന്ന് അവൾക്കു തോന്നിത്തുടങ്ങി. അതോടെ ഉള്ളിലെവിടെയോ ഒരു പരിഭ്രാന്തി കനപ്പെട്ടു. എങ്ങനെയും അവനിൽനിന്ന് ഓടി രക്ഷപ്പെടണമെന്ന് അവളുറപ്പിച്ചു.
ഫോണ്‍ വിളിച്ചാൽ എടുക്കാതെയും സംസാരിക്കാൻ വിമുഖത കാണിച്ചും ദേഷ്യപ്പെട്ടുമൊക്കെ അവൾ പ്രതികരിച്ചുനോക്കിയെങ്കിലും അവൻ പിന്മാറാൻ തയാറായില്ലെന്നു മാത്രമല്ല, അവളെ തനിക്കു നഷ്ടപ്പെടുകയാണെന്ന തോന്നൽ ഒരു വൈരാഗ്യവും പകയുമായി ഉള്ളിൽ നിറഞ്ഞു. അതിന്റെ പരിണിതഫലമാണ് നീതുവിന്റെ വീട്ടിൽ അരങ്ങേറിയ കൊടുംക്രൂരത.
ചീറ്റിംഗ് ചാരത്ത്
നൂറുകണക്കിനു പെണ്‍കുട്ടികളാണ് സോഷ്യൽ മീഡിയയിലൂടെ കപടപ്രണയത്തിലും ചൂഷണത്തിലുമൊക്കെ വീണു ജീവിതം കൈവിട്ടുപോകുന്നത്.
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടവരെ കാണാൻ വീടുവിട്ടുപോയി അപകടത്തിൽ ചാടുന്ന പെണ്‍കുട്ടികളുടെ കഥകളും ഇതിനകം കേരളം പലവട്ടം കേട്ടുകഴിഞ്ഞു.
ഓണ്‍ലൈൻ സൗഹൃദക്കൂട്ടായ്മകളിൽ ജാഗ്രതയോടെ ഇടപെടുക, അതിനു കഴിയാത്തവർ ഒഴിഞ്ഞുനിൽക്കുക എന്നതാണ് ഏക പോംവഴി.
ചാറ്റിംഗിൽ ചീറ്റിംഗ് ഏതു നിമിഷവും ഉണ്ടാകാമെന്ന ബോധ്യം ഓരോരുത്തർക്കുമുണ്ടാകണം. ഇടപെടലുകളിലെ ചെറിയൊരു ജാഗ്രതക്കുറവിനു കൊടുക്കേണ്ടി വരുന്ന വില ജീവൻ തന്നെയാകാം.