ആപ്പിളിന്റെ ഏഴാം വരവ്; സാങ്കേതിക വിസ്മയത്തില്‍ ആരാധകര്‍

iphone7

സാന്‍ഫ്രാന്‍സിസ്‌കോ: സാങ്കേതിക വിസ്മയവുമായി ആപ്പിളിന്റെ പുതിയ ഐഫോണ്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, സ്മാര്‍ട് വാച്ച് എസ് 2 എന്നിവ പുറത്തിറക്കിയത്. ഐഫോണ്‍ സീരിസിലെ ആദ്യ വാട്ടര്‍-ഡെസ്റ്റ് റെസിസ്റ്റന്റ് ഫോണാണ് പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന റെസലൂഷനിലുള്ള ഡ്യുവല്‍ കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഐഫോണ്‍ 7 പ്ലസിന്റെ പിന്‍ കാമറയാണ് ഡ്യുവല്‍ ആയി പുറത്തിറങ്ങിയിരിക്കുന്നത്. ജെറ്റ് ബ്ലാക്ക് നിറങ്ങളിലുള്‍പ്പെടെയായിരിക്കും പുതിയ ഫോണുകള്‍ ലഭ്യമാകുക. ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റിയും കൂട്ടി. ബാറ്ററി ചാര്‍ജ് ഏറെ സമയം നീണ്ടു നില്‍ക്കുമെന്നും കമ്പനി അറിയിച്ചു.

ഇയര്‍ഫോണ്‍ ജാക്ക് പുതിയ ഫോണുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലൈറ്റ്‌നിംഗ് കണക്ടര്‍ ആണ് ഫോണിലെ ഏക കണക്ടിംഗ് ജാക്ക്. വയര്‍ലെസ് ഇയര്‍ഫോണുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ ലഭ്യമായിരിക്കും. സ്വിം പ്രൂഫ് ആണ് ആപ്പിളിന്റെ പുതിയ സ്മാര്‍ട് വാച്ചിന്റെ പ്രത്യേകത. ബില്‍റ്റ് ഇന്‍ ജിപിഎസുമുണ്ട്.

ടീ കുക്കിന്റെ തോട്ടത്തില്‍ പുതുതായി വിളഞ്ഞ ആപ്പിള്‍ പറിക്കണമെങ്കില്‍ വില 649 യുഎസ് ഡോളറില്‍ തുടങ്ങും. ആപ്പിള്‍ വാച്ച് 2ന് 369 ഡോളറാണ് വില. വരുന്ന ഒക്‌ടോബറോടെ ഇന്ത്യന്‍ മണ്ണിലും കുക്കിന്റെ ഏഴാം തലമുറ ആപ്പിള്‍ എത്തും.

Related posts