ഇനി വത്സമ്മയ്ക്കും മകൾക്കും ഒരിക്കലും ചോരാത്ത വീട്ടിൽ അന്തിയുറങ്ങാം. ഇതിന് വത്സമ്മ കണ്ണീരോടെ നന്ദി പറയുന്നത് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ഒരുകൂട്ടം പ്രവർത്തകർക്ക്.
ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച തുകകൊണ്ട് തുടക്കമിട്ട വീടു നിർമാണം പാതിവഴിയിലായതോടെയാണ് നിർമാണം പൂർത്തിയാക്കാൻ കരുതൽ ഉച്ചയൂണ് കൂട്ടായ്മ മുന്നിട്ടിറങ്ങിയത്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡിന്റെ നേതൃത്വത്തിൽ സൽക്കാര സത്്കർമം സംഘടിപ്പിച്ചിരുന്നു. ഇതിൽ കണ്ണികളായ സുമനസുകളൽനിന്ന് സമാഹരിച്ച തുകകൊണ്ട് വത്സമ്മയ് ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു.
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇന്ന് ഉച്ചയ്ക്ക് 12ന് വീടിന്റെ കൂദാശ കർമം നിർവഹിക്കും. ഈ നിർധനകുടുംബത്തെ സഹായിക്കാനായി മരുന്നിനും മറ്റു ചെലവുകൾക്കുമായി പ്രതിമാസം 5,000 രൂപ പെൻഷൻ നൽകുന്ന പദ്ധതിക്കു നേരത്തെ തുടക്കമിട്ടിരുന്നുവെന്ന് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് അറിയിച്ചു.