കൊച്ചി: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഹെക്ടര്‍ തരിശുഭൂമി കാര്‍ഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരാനായി സംസ്ഥാനത്ത് “നവോധന്’ എന്ന നൂതന പദ്ധതിക്ക് തുടക്കമായി. ഫലങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഇപ്പോഴുള്ള പോരായ്മയും വാണിജ്യാടിസ്ഥാനത്തില്‍ ഉയര്‍ന്ന വിളവ് ഉറപ്പാക്കുന്ന കൃഷി നടത്താനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഭൂവുടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ, ഭൂവുടമയ്ക്കും സാങ്കേതിക വൈദഗ്ധ്യമുള്ള കര്‍ഷകര്‍ക്കും കൃഷി ചെയ്യാന്‍ അവസരമൊരുക്കുന്നത്. ധനശേഷിയും കാര്‍ഷിക വൈദഗ്ധ്യവും ഉണ്ടായിട്ടും സ്വന്തമായി ഭൂമിയില്ലാത്ത നിക്ഷേപകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.
സേവന തല ഉടമ്പടി വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച്, ഭൂവുടമകള്‍ തങ്ങളുടെ ഉപയോഗിക്കാത്ത ഭൂമിയില്‍ ഒരു നിശ്ചിത കാലയളവിലേക്ക് കൃഷി ചെയ്യാന്‍ കര്‍ഷകരെ ക്ഷണിക്കുന്നു. നിക്ഷേപകര്‍ വിള ആസൂത്രണം, കൃഷി, സാങ്കേതികവിദ്യയുടെ ഉപയോഗം, ഫാം മാനേജ്മെന്റ് തുടങ്ങിയ കാര്‍ഷിക സേവനങ്ങള്‍ നല്‍കും. ഉടമ്പടി പ്രകാരം, വിളവെടുപ്പില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു നിശ്ചിത പങ്ക് ഭൂവുടമയ്ക്ക് ലഭിക്കും. ബാക്കി ലാഭം കൃഷി ചെയ്യുന്ന നിക്ഷേപകനോ കര്‍ഷക ഗ്രൂപ്പിനോ എടുക്കാം. ഇതുവഴി ഭൂവുടമയ്ക്ക് യാതൊരു നഷ്ടസാധ്യതയുമില്ലാതെ വരുമാനം ഉറപ്പാക്കാനും നിക്ഷേപകന് തന്റെ കഴിവും മൂലധനവും ഉപയോഗിച്ച് ലാഭം നേടാനും കഴിയും.
പദ്ധതി നടത്തിപ്പിനായുള്ള സര്‍ക്കാര്‍ ഗ്യാരണ്ടിയും, മറ്റ് പദ്ധതികളുമായുള്ള സമന്വയവും വ്യവസായ വകുപ്പ് ഇതിനായി പ്രത്യേകം രൂപവല്‍ക്കരിച്ച കേരള അഗ്രിബിസിനസ് (കാബ്കോ) കമ്പനിക്കായിരിക്കും. ഉടമ്പടികളില്‍ മൂന്നാം കക്ഷിയായി കാബ്കോ ഒപ്പുവെക്കുന്നതോടെ ഇടപാടുകള്‍ക്ക് നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കും. ഇതുവഴി കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ മറ്റു പദ്ധതികള്‍ സമന്വയിപ്പിക്കുന്നതിനും അവയ്ക്കാവശ്യമായ ഹാന്‍ഡ്ഹോള്‍ഡിംഗ് സേവനങ്ങളും ലഭിക്കും. കൂടാതെ, കേര പദ്ധതിയുടെ മൂല്യശൃംഖലാ ഇടപെടലുകള്‍ വഴി ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ബ്രാന്‍ഡിങ്ങിനും കയറ്റുമതിക്കും കാബ്കോ സഹായം ലഭ്യമാക്കും.
ഇപ്പോള്‍ അപേക്ഷിക്കാം
നിലവില്‍ 4,700 ഏക്കര്‍ കൃഷി ഭൂമി നവോധന് പദ്ധതിയിലുള്‍പ്പെടുത്തി കൃഷി ആവശ്യത്തിനായി ഉപയോഗിക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം 220 ഓളം കര്‍ഷകരും ഈയിനത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ളവര്ക്ക് ഈ ലിങ്കുകള്‍ വഴി (കര്‍ഷകര്‍: https://nawodhan.kabco.co.in/eoi-farmer/new, ഭൂവുടമകള്‍: https://rfp.kabco.co.in/signin) അപേക്ഷ സമര്‍പ്പിക്കാമെന്ന് കേര പ്രൊജക്റ്റ് പ്രൊക്യൂര്‍മെന്റ് ഓഫീസര്‍ സുരേഷ് സി.തമ്പി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9037824060.
സീമ മോഹന്‍ലാല്‍
