എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽകൃഷിയെ നെഞ്ചോടു ചേർക്കുന്ന എലിക്കുളം പഞ്ചായത്തിലെ പൊന്നൊഴുകും തോടിന്റെ ഓരത്തുള്ള കാപ്പുകയം പാടശേഖരത്തിൽ കുട്ടികൾക്ക് പരമ്പരാഗത രീതിയിൽ നെല്ല് പുഴുങ്ങി അരിയാക്കി മാറ്റുന്ന പ്രായോഗിക പഠന പരിപാടി ഒരുക്കി.
പൂർണമായും തവിട് നീക്കാത്ത ആരോഗ്യപ്രദവും പ്രമേഹത്തെ പ്രതിരോധിക്കുന്നതുമായ എലിക്കുളം റൈസിന്റെ നിർമാണ രീതിയാണ് മുതിർന്ന നെൽക്കർഷകനായ മണ്ഡപത്തിൽ എം.എം. ജോർജിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പകർന്നു നൽകിയത്. എലിക്കുളം സെന്റ് മാത്യൂസ് യുപി, എൽപി സ്കൂളുകളിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമി കേഡറ്റുകൾ പ്രായോഗിക പഠന പരിപാടികളിൽ പങ്കാളികളായി.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, ആതിര സോജൻ, സ്കൂൾ പ്രധാനാധ്യാപകരായ മായാ എം. മെർലിൻ, ആലീസ് ജോസഫ്, ക്രിസ്റ്റോ ജോൺ, സ്റ്റുഡന്റ്സ് ഗ്രീൻ ആർമി ഭാരവാഹികളായ ബെൻസൺ ദീപക്, ജിയാ ജോബിൻ, പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, തളിർ എലിക്കുളം നാട്ടുചന്ത സെക്രട്ടറി വിത്സൻ മാത്യു പാമ്പൂരിക്കൽ, സജൻ ചെഞ്ചേരിൽ, സെബാസ്റ്റ്യൻ കുന്നത്തുപുരയിടം, മാത്യു മണ്ഡപത്തിൽ, ജോസ് ജേക്കബ് കൊല്ലംപറമ്പിൽ, പി.എസ്. പ്രശാന്ത് പാലാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വിഷരഹിത എലിക്കുളം റൈസ് തളിർ എലിക്കുളം നാട്ടുചന്തയിൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടികൾക്ക് എലിക്കുളം റൈസിനാൽ തീർത്ത പുന്നെല്ലിൻ പായസവും സ്കൂളിന് കഞ്ഞിക്കും പായസത്തിനുമുള്ള അരിയും സമ്മാനിച്ചാണ് കുരുന്നുകളെ കർഷകർ യാത്രയാക്കിയത്.
